2012, ഫെബ്രുവരി 18, ശനിയാഴ്‌ച

ഒരു ആമുഖം

ഓര്‍മ്മക്കുറിപ്പുകളും ബാല്യകാല സ്മരണകളും എല്ലാമെഴുതുന്നത് സാധാരണയായി ജീവിതത്തില്‍ അറിയപ്പെടുന്നവരും നേട്ടങ്ങള്‍ കൈയെത്തി പിടിച്ചവരുമൊക്കെ ആയിരിക്കും. അങ്ങനെ പറയത്തക്ക നേട്ടങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണക്കാരനായ എന്‍റെ ഈ കൊച്ചു ഓര്‍മ്മക്കുറിപ്പുകള്‍ക്ക് എന്താണ് പ്രസക്ക്തി എന്ന് ഇത് എഴുതുന്ന വേളയില്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് ,വല്യ പ്രസക്തി ഒന്നുമില്ല എന്നുള്ളതാണ് സത്യം.
പണ്ട് ഓണവും ദീപാവലിയും കഴിഞ്ഞാല്‍ എന്‍റെ ഏറ്റവും പ്രീയപ്പെട്ട വിശേഷ നാള്‍ കാര്‍ത്തിക ആയിരുന്നു. സന്ധ്യ മയങ്ങുമ്പോള്‍ ഞാനും അമ്മയും അനിയത്തിയും കൂടെ ഇടിഞ്ഞില്‍ എന്നറിയപ്പെട്ടിരുന്ന ഒരു തരം വിളക്കുകള്‍ എണ്ണ നിറച്ചു തിരിയിട്ടു കത്തിച്ചു വെയ്ക്കും.വീടിനു ചുറ്റിലും, പിന്നെ മതിലിനു മുകളിലുമൊക്കെ കത്തി നില്‍ക്കുന്ന ദീപങ്ങള്‍ കാണേണ്ട ഒരു കാഴ്ച തന്നെ ആയിരുന്നു. അയല്‍പക്കത്തെ വീടുകളില്‍ കൂടി ദീപങ്ങള്‍ കണ്ണ് തുറന്നു കഴിയുമ്പോള്‍ ഏതോ അത്ഭുത ലോകത്തെത്തിയ പ്രതീതി എനിക്കുണ്ടാകുമായിരുന്നു.
രാത്രി അല്പം വൈകി പുറത്തിറങ്ങി നോക്കുമ്പോള്‍ എണ്ണ തീര്‍ന്നോ കാര്‍ത്തിക രാത്രിയിലെ തണുത്ത കാറ്റടിച്ചോ മിക്ക വിളക്കുകളും കണ്ണടചിട്ടുണ്ടാവും..പക്ഷെ അപൂര്‍വം ചിലവ ഒരു കാറ്റിനും കീഴ്പ്പെടുതാനാകാതെ മുനിഞ്ഞു കത്തി നില്‍പ്പുണ്ടാകും...അത്തരത്തില്‍ കാലമാകുന്ന കാറ്റടിച്ചിട്ടും അണയാതെ നില്‍ക്കുന്ന ചില ഓര്‍മ വിളക്കുകള്‍ ആണ് ഞാന്‍ നിങ്ങള്‍ക്കായി കഥാ രൂപത്തില്‍ കുറിചിട്ടിരിക്കുന്നത് .
ജീവിതത്തിന്‍റെ ഈ വേളയില്‍ പിന്നിലേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇത് വരെ ജീവിച്ചു തീര്‍ത്ത ജീവിതം ഒരു വിജയമായിരുന്നോ പരാജയമായിരുന്നോ എന്ന് തിരിച്ചറിയാനാകുന്നില്ല,നേരിടേണ്ടി വന്നത് കൂടുതലും പരാജയങ്ങളായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. സ്വാഭാവികമായി നേരിടേണ്ടി വന്നവ അല്ലാതെ സ്വയം ഞാന്‍ ആദ്യമായി പരാജയം വരിക്കുന്നത് എന്റെ സുഹൃത്ത് മൊണ്ടി രാമന്‍ കുട്ടിക്ക് വേണ്ടി ആയിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ഓട്ടപ്പന്തയത്തില്‍ മൂന്നാമതായി ഓടിക്കൊണ്ടിരുന്ന ഞാന്‍ നാലാമത്  ഓടി വന്നിരുന്ന രാമന്‍ കുട്ടിക്ക് ജയിക്കാന്‍ വേണ്ടി വേഗത കുറച്ചു. ഒരു പരാജിതന്‍ സ്വാഭാവികമായി നേരിടേണ്ടി വന്ന കളിയാക്കലുകള്‍ക്കിടയിലും എന്നെ അന്ന് സന്തോഷിപ്പിച്ചത് മൂന്നാം സ്ഥാനക്കാരന് സമ്മാനമായി കിട്ടിയ കൊച്ചു കപ്പുമായി ചാടി ചാടി വന്നു എന്നെ കെട്ടിപ്പിടിച്ച രാമന്‍ കുട്ടിയുടെ മുഖമാണ്,അവന്‍ എന്‍റെ കവിളില്‍ തന്ന വിയര്‍പ്പ് നിറഞ്ഞ ഒരു ഉമ്മയാണ്. പിന്നീട് പലപ്പോഴും അറിഞ്ഞും അറിയാതെയും പരാജയങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും നെഞ്ചോടു ചേര്‍ത്ത് പിടിച്ചവര്‍ തള്ളിപ്പറഞ്ഞപ്പോഴും ഞാന്‍ ഒരു സത്യം മനസിലാക്കി,പരാജയത്തിനും ഒരു മധുരം ഉണ്ടെന്ന്, കണ്ണ്നീരിന്‍റെ ഉപ്പ് കലര്‍ന്ന മധുരം.
നേരത്തെ സൂചിപ്പിച്ച പോലെ വലിയ നേട്ടങ്ങള്‍ കൈവരിക്കാനായില്ല എന്നതും, ദൈവം തന്ന കഴിവുകള്‍ തേച്ചു മിനുക്കി വേണ്ട രീതിയില്‍ പ്രയോജനപ്പെടുതാനായില്ല എന്നതും ഇടക്കെങ്കിലും എന്നെ വിഷമിപ്പിക്കാറുണ്ട് എന്നുള്ളത് സത്യമാണ്,പക്ഷെ ഒന്നാലോചിച്ചാല്‍ അതിനൊരു മറു വശം കൂടി ഇല്ലേ? കുട്ടിക്കാലത്ത് സന്ധ്യാ നേരങ്ങളില്‍ വീടിന്റെ പടിഞ്ഞാറുള്ള ചിത്രപ്പണികളുള്ള ജന്നലിന്റെ അഴികളില്‍ കൂടി സൂര്യന്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പല വലുപ്പത്തിലുള്ള വെയില്‍ പൊട്ടുകള്‍ വാരി വിതറും.ഞാനും അനിയത്തിയും നിലത്തിരുന്നു അത് കൈക്കലാക്കാന്‍ മത്സരിക്കും ,കൈക്കുള്ളിലായി എന്ന ധാരണയില്‍ കൈ അടക്കുമ്പോള്‍ ആ വെയില്‍പൊട്ട് കൈപ്പുറത്തു പതിയും, ഒരിക്കലും കൈയിലെടുക്കാനോ കൊണ്ട് പോകാനോ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഞങ്ങള്‍ ഇരുട്ട് വന്നു എല്ലാം മായ്ച്ചു കൊണ്ട് പോകുന്നത് വരെ മത്സരിച്ചു കൊണ്ടേ ഇരിക്കും, ഒരു തരത്തില്‍ ജീവിതത്തിന്റെ സത്യവും  ഇത് തന്നെ അല്ലേ..ഒരു നേട്ടങ്ങളും ശാശ്വതമല്ലെന്നും ഒന്നും ഇവിടെ നിന്നും കൊണ്ട് പോകാനാവില്ലെന്നുമറിഞ്ഞു കൊണ്ട് തന്നെ നാം അവ നേടാനായി പരസ്പരം മത്സരിച്ചു കൊണ്ടേ ഇരിക്കും ജീവിതത്തിലെ അവസാനത്തെ ഇരുള്‍ പരക്കുന്നത്‌ വരെ അത് കൊണ്ടൊക്കെ തന്നെ ഭൌതിക നേട്ടങ്ങള്‍ നിരത്തി ജയ പരാജയങ്ങള്‍ വിലയിരുത്തുന്നതില്‍ അര്‍ദ്ധമില്ലെന്നു തോന്നുന്നു ...
 അല്ലെങ്കില്‍ തന്നെ ഒരു സോപ്പ് കുമിളയുടെ മാത്രം ദൈര്‍ഘ്യം ഉള്ള ഈ ജീവതത്തില്‍ ജയ പരാജയങ്ങള്‍ക്ക് എന്താണ് പ്രസക്തി?


nb- ഈ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ എന്തോ സാങ്കേതിക തകരാര്‍ ഉണ്ടെന്നു തോന്നുന്നു. ദയവായി അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ  ഉണ്ടെങ്കില്‍ ദയവായി ajoyanimator@yahoo.com അല്ലെങ്കില്‍ urfriendajoy@gmail.com എന്നീ ഐ ഡി കളില്‍ മെയില്‍ ചെയ്യു

4 അഭിപ്രായങ്ങൾ:

  1. വീടിണ്റ്റെ പടിഞ്ഞാറു ചിത്രപ്പണികളുള്ള ജന്നലിന്റെ അഴികളില്‍ കൂടി സൂര്യന്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പല വലുപ്പത്തിലുള്ള വെയില്‍ പൊട്ടുകള്‍ വാരി വിതറും.ഞാനും അനിയത്തിയും നിലത്തിരുന്നു അത് കൈക്കലാക്കാന്‍ മത്സരിക്കും ,കൈക്കുള്ളിലായി എന്ന ധാരണയില്‍ കൈ അടക്കുമ്പോള്‍ ആ വെയില്‍പൊട്ട് കൈപ്പുറത്തു പതിയും, ഒരിക്കലും കൈയിലെടുക്കാനോ കൊണ്ട് പോകാനോ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഞങ്ങള്‍ ഇരുട്ട് വന്നു എല്ലാം മായ്ച്ചു കൊണ്ട് പോകുന്നത് വരെ മത്സരിച്ചു കൊണ്ടേ ഇരിക്കും, ഒരു തരത്തില്‍ ജീവിതത്തിന്റെ സത്യവും ഇത് തന്നെ അല്ലേ..ഒരു നേട്ടങ്ങളും ശാശ്വതമല്ലെന്നും ഒന്നും ഇവിടെ നിന്നും കൊണ്ട് പോകാനാവില്ലെന്നുമറിഞ്ഞു കൊണ്ട് തന്നെ നാം അവ നേടാനായി പരസ്പരം മത്സരിച്ചു കൊണ്ടേ ഇരിക്കും ജീവിതത്തിലെ അവസാനത്തെ ഇരുള്‍ പരക്കുന്നത്‌ വരെ...

    വളരെ ഹൃദ്യമായി... ആശംസകള്‍ മനു,(ബാലഗോപാല്‍ )തിരുവനന്തപുരം

    മറുപടിഇല്ലാതാക്കൂ
  2. രാത്രി അല്പം വൈകി പുറത്തിറങ്ങി നോക്കുമ്പോള്‍ എണ്ണ തീര്‍ന്നോ കാര്‍ത്തിക രാത്രിയിലെ തണുത്ത കാറ്റടിച്ചോ മിക്ക വിളക്കുകളും കണ്ണടചിട്ടുണ്ടാവും..പക്ഷെ അപൂര്‍വം ചിലവ ഒരു കാറ്റിനും കീഴ്പ്പെടുതാനാകാതെ മുനിഞ്ഞു കത്തി നില്‍പ്പുണ്ടാകും...അത്തരത്തില്‍ കാലമാകുന്ന കാറ്റടിച്ചിട്ടും അണയാതെ നില്‍ക്കുന്ന ചില ഓര്‍മ വിളക്കുകള്‍ ആണ് ഞാന്‍ നിങ്ങള്‍ക്കായി കഥാ രൂപത്തില്‍ കുറിചിട്ടിരിക്കുന്നത് .///

    Amazing write up!! :)

    മറുപടിഇല്ലാതാക്കൂ
  3. വരികള്‍ മനോഹരം... അര്‍ഥങ്ങള്‍ വളരെ ആഴമുള്ളതും....അജോയ്ന്റെ കാര്‍ത്തിക വിളക്കുകളില്‍ അണയാത്ത തിരികള്‍ ആന്ന് അധികവും....ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന എഴുത്തുകള്‍ മനോഹരം.. ഇനിയും ഒരുപാടു എഴുത്തുകള്‍ സ്രിഷിക്കപ്പെടാന്‍ ഒരുപാടു അനുഭവങ്ങള്‍ ഉണ്ടാവട്ടെ !!

    മറുപടിഇല്ലാതാക്കൂ