2013, ജനുവരി 15, ചൊവ്വാഴ്ച

ശിഷ്യന്റെ മോഷണം

ശിഷ്യന്‍ കയറി വന്ന പാടെ ഗുരു ചോദിച്ചു, എടാ നിന്നെ ഇന്നലെ ആ കടയില്‍ പിടിച്ചു വെച്ചിരിക്കുന്നത് കണ്ടല്ലോ. എന്താ കാര്യം? ഓഹോ അപ്പൊ ഗുരു അത് കണ്ടു അല്ലെ? എന്നിട്ട് എന്താ നിക്കാതെ പോയത്, അത് ഞാന്‍ അത്യാവശ്യമായിട്ട് ഒരു സ്ഥലത്ത് പോയതാ, അതാ നിക്കാത്തത് , ഗുരു വീണിടത്ത് കിടന്നുരുണ്ടു, ആവശ്യത്തിനു ഒരു ഗുരുവും ഉപകരിക്കില്ല എന്നാണ് ഈ കഥയിലെ ഗുണപാഠം ,ശിഷ്യന്‍ പറഞ്ഞു,നീ കാര്യം പറ, ഗുണപാഠം ഒക്കെ അവസാനം ഞാന്‍ ആണ് പറയേണ്ടത്, എന്ത് പറയാനാ ഗുരോ, എനിക്ക് ഒരു ചെറിയ അസുഖം ഉണ്ട്, എനിക്കറിയാം, വരട്ടു ചൊറി അല്ലെ? ഗുരു ചോദിച്ചു, ഒന്ന് പോ ഗുരു അതൊന്നുമല്ല , മോഷണം, ങേ? ഗുരു ഞെട്ടി, ഞെട്ടണ്ട അത്ര വലിയ മോഷണം ഒന്നുമല്ല ഗുരോ കടയിലോ വീടുകളിലോ ഒക്കെ പോകുമ്പോള്‍ ഓരോ ,ചെറിയ ചെറിയ സാധനങ്ങള്‍ ആരും അറിയാതെ ഇങ്ങനെ ഒരു തമാശക്ക് എടുത്തു പോക്കെറ്റില്‍ ഇടും,അങ്ങനെ ഒരു ഹോബി,ഇത് ഹോബി അല്ല, തല്ലു കൊള്ളിത്തരം ആണ്, ഗുരുവിനു ദേഷ്യം വന്നു, എടാ ഈ ചെറിയ ചെറിയ മോഷണം ചെയ്തു ചെയ്തു നീ ഒരു കായം കുളം കൊച്ചുണ്ണി ആയിട്ട് മാറും ഒടുവില്‍, നോക്കിക്കോ,ഇല്ല ഗുരോ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ഒരേ നിലവാരത്തില്‍ ആണ് നില്‍ക്കുന്നത് മോഷണം,അപ്പൊ കുട്ടിക്കാലത്തെ ഉണ്ടോ? പിന്നെ,ജനിച്ചത്‌ മുതല്‍ ഉണ്ട്, ഓഹോ പ്രസവം എടുത്ത വയറ്റാട്ടിയുടെ മോതിരം മോഷ്ടിച്ചായിരിക്കും തുടക്കം അല്ലെ ,ഒന്ന് പോ ഗുരോ, സ്കൂളില്‍ കൂട്ടുകാരുടെ പേന റബ്ബര്‍ ഒക്കെ എടുത്താണ് തുടക്കം, അപ്പൊ നല്ല തല്ലു കിട്ടിക്കാണുമല്ലോ വീട്ടില്‍ നിന്ന്, ഹേ ഇല്ല, അത്രയും പേന കുറച്ചു വാങ്ങിച്ചാല്‍ മതിയല്ലോ എന്ന രീതി ആയിരുന്നു അച്ഛനും അമ്മയ്ക്കും,കൊള്ളാം നല്ല മാതാപിതാക്കള്‍, എനിക്ക് ഒരു കഥ ഓര്‍മ്മ വരുന്നു, തൊടങ്ങി ശിഷ്യന്‍ മനസ്സില്‍ കരുതി ,ഗുരുവിനു ഇടയ്ക്കിടയ്ക്ക് തുമ്മല്‍ വരുമ്പോലെ ആണ് ഇങ്ങനെ കഥ വരുന്നത്, തുമ്മാതെ ഇരുന്നാല്‍ ഉള്ള പോലെയുള്ള അസ്വസ്ഥത ആണ് കഥ പറയാതെ ഇരുന്നാല്‍ ഗുരുവിനു ,ഒരിടത്തൊരിടത്ത് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു, അവരല്ലാതെ വേറെ ആരും അവിടെ ഇല്ലായിരുന്നോ, മിണ്ടരുത്, ശെരി, അപ്പോള്‍ ആ രണ്ടു കുട്ടികള്‍ പഠിക്കാന്‍ പോകുന്ന വഴി ഒരു പൂട്ടിക്കിടക്കുന്ന വീടുണ്ട്, അവിടെ കയറി അവര്‍ മോഷ്ട്ടിച്ചോ? ഇനി നീ മിണ്ടരുത്, ഗുരു ചൂടായി, ശെരി, ആ വീട്ടില്‍ നിറയെ കോവക്ക എന്ന് അറിയപ്പെടുന്ന ഒരു തരം വെള്ളരിക്ക കായ്ച്ചു കിടക്കുന്നുണ്ടാവും, അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, ഇന്ന് ഉച്ചക്ക് എന്താണ് കറി ഗുരോ? ശിഷ്യന്‍ ചോദിച്ചു, ഇനി ഞാന്‍ പറയുന്നില്ല കഥ, ഗുരു മുഖം വീര്‍പ്പിച്ചു, എന്നാല്‍ ഞാന്‍ പോയിട്ട് വരാം ഗുരോ, ശിഷ്യന്‍ എണീറ്റു, ഭ അവിടെ ഇരുന്നു കഥ മുഴുവന്‍ കേള്‍ക്കടാ ,ഗുരുവും ചാടി എണീറ്റു, അനുസരണയോടെ ശിഷ്യന്‍ ഇരുന്നു, അങ്ങനെ ഒരു ദിവസം കൊതി മൂത്ത ഈ രണ്ടു കൂട്ടുകാരും കൂടി മതില്‍ ചാടി ആ വീട്ടില്‍ കയറി കൈ നിറയെ കോവക്ക മോഷ്ട്ടിച്ചു, ശേ നശിപ്പിച്ചു, കയറിയതോ കയറി, എന്തെങ്കിലും നല്ലത് എടുക്കണ്ടേ കോവക്ക പോലും കോവക്ക , ഇത്തവണ ഗുരു ശിഷ്യനെ തുറിച്ചു നോക്കിയതെ ഉള്ളു,എന്നിട്ട്? എന്നിട്ട് രണ്ടു പേരും അവരവരുടെ വീടുകളില്‍ പോയി ഈ കൊവക്കകള്‍ അവരുടെ അമ്മമാരെ ഏല്‍പ്പിച്ചു, ഇത്രേ ഉള്ളോ? അത് അവര് കറി വെച്ച് കാണും, എന്തോന്ന് കഥ ഗുരോ? എടാ തോക്കില്‍ കയറി വെടി വെക്കല്ലേ, പറയട്ടെ, ശെരി, അമ്മമാര്‍ മക്കളോട് ചോദിച്ചു, എവിടുന്നാണ് ഇത് കിട്ടിയത് എന്ന്, അവര്‍ പറഞ്ഞു അടുത്ത വീട്ടില്‍ ചാടിക്കയറി മോഷ്ട്ടിച്ചതാണ് എന്ന്, നല്ല കുട്ടികള്‍ അല്ലേ ഗുരോ, മറുപടി പറയാതെ ഗുരു കഥ തുടര്‍ന്നു ,അന്ന് ഉച്ചക്ക് രണ്ടു അമ്മമാരും ആ കോവക്ക കറി വെച്ച് മക്കള്‍ക്ക്‌ കൊടുത്തു, ഒരു അമ്മ നല്ല വെളിച്ചെണ്ണ ഒകെ ഒഴിച്ച് മെഴുക്കു പുരട്ടി വെച്ചാണ്‌ കൊടുത്തത്, ഇനി ഒരമ്മ ആകെ കരിച്ചു പുകച്ചും,കഷ്ട്ടം, ഒരു കോവക്ക കറി വെക്കാന്‍ പോലും അറിയില്ല, ശിഷ്യന് ദേഷ്യം വന്നു, എന്നിട്ട്? എന്നിട്ടെന്താ ആദ്യത്തെ മകന്‍ അടുത്ത ദിവസവും കോവക്ക മോഷ്ട്ടിച്ചു, രുചി പിടിച്ചു പോയി, അതിനടുത്ത ദിവസവും മോഷ്ട്ടിച്ചു, അങ്ങനെ അത് തുടര്‍ന്ന് പോയി അവന്‍ വലിയ ഒരു മോഷ്ട്ടവായി മാറി, അയ്യോ പാവം, അപ്പോള്‍ മറ്റേ മകന്‍? അവന്‍ അന്ന് തന്നെ കോവക്ക വെറുത്തു പോയില്ലേ ? പിന്നെ മോഷണത്തെ പറ്റി അവന്‍ ചിന്തിച്ചതെ ഇല്ല ,ഇതില്‍ നിന്നും എന്ത് മനസിലാക്കാം? കോവക്ക നന്നായി കറി വെക്കുന്ന അമ്മയുടെ മക്കള്‍ കള്ളന്മാരായി മാറും എന്ന് മനസിലായി, അപ്പൊ നിന്റെ അമ്മ നന്നായി കോവക്ക കറി വെക്കും അല്ലെ? ഒന്ന് പോടാ അവിടുന്ന്, ഓരോ ചെറിയ ശീലങ്ങള്‍ ഇങ്ങനെ മുളയിലെ നുള്ളണം എന്ന് ആ അമ്മ പഠിപ്പിച്ചു തന്നില്ലേ? അവര്‍ക്ക് അറിയാഞ്ഞിട്ടാണോ മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍? മനപൂര്‍വം കരിച്ചു വെച്ചതല്ലേ ,അത് പോലെ ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടി വേണം നമ്മള്‍ മക്കളുടെ ശീലങ്ങള്‍ വളര്‍ത്തേണ്ടതും, ദുശീലങ്ങള്‍ മറ്റെണ്ടതും, അല്ലാതെ തല്ലും അടിയും വഴക്കും ഒന്നുമല്ല വേണ്ടത്, ങാ ഇപ്പൊ മനസിലായല്ലോ എന്റെ കുറ്റമല്ല എന്ന്, പക്ഷെ ഗുരു ഇനി ഞാന്‍ വലിയ കള്ളന്‍ ആയി മാറുമോ ഗുരോ? ഇല്ലെടാ നീ മോഷ്ടാവ് ഒന്നുമല്ല, ഇത് ഒരു ചെറിയ വൈകല്യം ആണ് ,ക്ലെപ്ട്ടോ മാനിയ ,ചികിത്സിച്ചാല്‍ മാറും ,ശെരി ഗുരോ ഇനി ഞാന്‍ നാളെ വരാം വീട്ടില്‍ അല്‍പ്പം പണി ഉണ്ട്, ശിഷ്യന്‍ യാത്ര പറഞ്ഞു പോയി, ശിഷ്യനോട് ഒരു ഗുണപാഠം പറഞ്ഞ സന്തോഷത്തില്‍ ഗുരു ചരിതാര്ധ്യത്തോടെ ആ ആണി ഉള്ള കസേരയില്‍ സൂക്ഷിച്ചു ഇരുന്നു, എന്നിട്ട് കൈ നീട്ടി എം പീ ത്രീ പ്ലെയര്‍ എടുക്കാന്‍, പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല, വെച്ചിരുന്ന സ്ഥലം കാലി , എടാ ശിഷ്യാ നീ ഒടുവില്‍ എനിക്കിട്ടു തന്നെ പണിഞ്ഞു അല്ലെ, ഗുരു നെടുവീര്‍പ്പിട്ടു, ശേഷം കസേരയില്‍ കൂനിപ്പിടിച് ഇരുന്നു

ഗുരുവും ശിഷ്യനും വീണ്ടും

ഗുരു മൂഡ്‌ ഔട്ട്‌ ആയിരുന്നു ,കാരണം വെറുതെ തട്ടിന്‍ മുകളില്‍ കിടന്നിരുന്ന ഒരു പഴയ ചാരുകസേരയില്‍ നോക്കാതെ കേറി ഇരുന്നു, ഇരുന്നത് നേരെ ഒരു തുരുമ്പിച്ച ആണിയുടെ മുകളില്‍, മൂഡ്‌ ഔട്ട്‌ ആകാന്‍ വേറെ എന്തെങ്കിലും വേണോ? വന്ന ഉടനെ ശിഷ്യന്‍ ചോദിച്ചു, എന്താ ഗുരോ മുഖത്തൊരു വൈക്കബ്ല്യം ? എന്തു? അല്ല വ്ലക്കബ്യം? ങേ? ക്ഷമിക്കണം ഗുരോ വൈക്ലബ്യം, ഡാ നേരത്തെ കാലത്ത് എണീറ്റ്‌ പല്ല് തേച്ചു നാക്ക്‌ വടിക്കണം കേട്ടോ? അല്ലെങ്കില്‍ ഇങ്ങനെ ഇരിക്കും,ഗുരു കാര്യം പറ,അല്ല ഞാന്‍ ആലോചിക്കുവായിരുന്നു,ഗുരു മനസ്സ് തുറന്നു, ഈ മനുഷ്യന്‍ നിസാര കാര്യങ്ങള്‍ വരെ എന്ത് സങ്കീര്‍ണ്ണം ആക്കുന്നു, ഒന്നും ലാഘവത്തോടെ കാണാന്‍ അവനു അറിയില്ല, എല്ലാത്തിനും അനാവശ്യ ചിന്തകളും, ആവശ്യമില്ലാത്ത വ്യഖാനങ്ങളും, അത് വളരെ ശെരിയാണ്‌ ഗുരോ ,ശിഷ്യന്‍ തലയും ശരീരവും കുലുക്കി സമ്മതിച്ചു, ഹും അതെന്താ നിനക്കും അങ്ങനെ തോന്നാന്‍? അല്ല ഗുരോ ഞാന്‍ അന്ന് ആ ഗീതയ്ക്കു ഒരു എഴുത്ത് കൊടുത്തത് ഗുരുവും കണ്ടതാണല്ലോ ,അതെ അതിനു? ആ എഴുത്ത് അവള്‍ക്കിഷ്ട്ടമില്ലെങ്കില്‍ വലിച്ചു കീറി എറിഞ്ഞാല്‍ പോരെ, അവള്‍ അത് സങ്കീര്‍ണ്ണം ആക്കാന്‍ അത് പോയി അവള്‍ടെ അച്ഛനോട് പറഞ്ഞിരിക്കുന്നു, അയാള്‍ അത് വീണ്ടും സങ്കീര്‍ണ്ണം ആക്കി, എന്‍റെ അച്ഛനോട് പറഞ്ഞു, അച്ഛന്‍ ഇന്ന് എന്നെ കഴുത്തില്‍ പിടിച്ചു തള്ളി പുറത്താക്കി ഗുരോ ,ഇനി ഞാന്‍ അങ്ങോട്ടില്ല, ഇവിടെ താമസിക്കും ഗുരുവിന്‍റെ ഒപ്പം ,ഓഹോ, ഇനി ഇവന്‍റെ ചിലവും നോകണോ,എല്ലാരും കൂടെ എന്‍റെ ജീവിതം ആണല്ലോ സങ്കീര്‍ണ്ണമാക്കിയത് ,ഗുരു താടി തടവി ,ഒപ്പം ഒരു കൈ കൊണ്ട് പുറകു വശവും,നല്ല വേദന,കേവലം ഒരു സുഹൃത്ത് ബന്ധം നിലനിറുത്താന്‍ പോലും ആയിരം ചിന്തകള്‍ ആണ് അവനു, ഗുരു പറഞ്ഞു, ഏവന്? ഹോ, മനുഷ്യന്,ഓ ശെരി ശെരി, ഒരാളിനെ സുഹൃത്താക്കാന്‍ ഒരു നിമിഷം മതി, പക്ഷെ നല്ല ഒരു സുഹൃത്ത് ബന്ധം വേണ്ട എന്ന് വെക്കാന്‍ പല വട്ടം ചിന്തിക്കണം,കാരണം ആ ബന്ധം നമ്മള്‍ വേണ്ട എന്ന് വെച്ചാല്‍ അത് മറ്റേ ആളിനെയും ബാധിക്കും എന്നും അയാളെ അപമാനിക്കും പോലെ ആണെന്നും നമ്മള്‍ തിരിച്ചറിയണം, ഇവിടെ നേരെ തിരിച്ചാണ്, ഒരാളെ സുഹൃത്ത് ആക്കാന്‍ ആയിരം വട്ടം ചിന്തിക്കും, എന്നിട്ടോ ,വേണ്ടാന്ന് തോന്നിയാല്‍ ആ നിമിഷം സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി അന്യന്‍റെ ഉപദേശം കേട്ട് കറി വേപ്പില പോലെ വലിച്ചു ഒറ്റ ഏറാണ് ,അത് എത്ര നല്ല സുഹൃത്തായാലും ,കൂള്‍ ഡൌണ്‍ ഗുരോ, കൂള്‍ ഡൌണ്‍, ശിഷ്യന്‍ ഗുരു ആയി മാറി, അങ്ങ് പണ്ട് പറഞ്ഞ പോലെ ഈ ബന്ധങ്ങള്‍ എല്ലാം അങ്ങ് കൊണ്ട് വന്നതാണോ? അല്ല, പോകുമ്പോള്‍ കൂടെ കൊണ്ട് പോകുമോ? ഇല്ല, അങ്ങയെ വേണ്ടാത്തവരെ അങ്ങേക്ക് വേണോ? വേണ്ട, ഗുരു അറിയാതെ പറഞ്ഞു, അപ്പോള്‍ പ്രശ്നം എന്തിനു സങ്കീര്‍ണ്ണം ആകണം, പോനാല്‍ പോകട്ടും പോടാ, എന്ന് വിചാരിക്കണം, ശെരി അത് ഞാന്‍ എന്തോ പഴയ കാര്യം ഓര്‍ത്തു പറഞ്ഞു പോയതാടാ, ശെരി ഇപ്പോള്‍ അങ്ങേക്ക് എന്താ പ്രശ്നം, ഞാന്‍ ഇന്ന് കാലത്ത് ആ കുട്ടനോട് ഇന്ന് ഒരു ആയിരം രൂപ കടം ചോദിച്ചു, സിമ്പിള്‍, അതിങ്ങു തന്നാല്‍ പോരെ? ഉടനെ അവന്‍, ഞാന്‍ ഗുരുവിനു ആയിരം രൂപ തന്നിട്ടുണ്ട് നേരത്തെ, ഇതും ചേര്‍ത്ത് രണ്ടായിരം ആകും, നാലു മാസത്തില്‍ തിരികെ തരാം എന്നല്ലേ പറഞ്ഞത്, അതിനകത്ത് എനിക്കോ ഗുരുവിനോ എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും? അഥവാ അല്ലെങ്കില്‍ തന്നെ ഒരു ശിഷ്യന്‍ മാത്രമുള്ള ഗുരു എന്ത് എടുത്തിട്ട് തിരികെ തരും, അങ്ങനെ കുറെ ചോദ്യങ്ങള്‍,ഗുരുവിനു ഗദ്ഗദം വന്നു, എന്നിട്ട് ഒടുവില്‍ പൈസ കിട്ടിയോ? ഇല്ല , ഗുരു തേങ്ങി , എന്നാല്‍ ഇതാ പിടിച്ചോ ആയിരം രൂപ, ശിഷ്യന്‍ പോക്കെറ്റില്‍ നിന്നും ആയിരം രൂപയുടെ ഒരു പിടക്കുന്ന നോട്ട് എടുത്തു ഗുരുവിന്‍റെ കയ്യില്‍ കൊടുത്തു, ഇത് എവിടുന്നഡാ ? കള്ള നോട്ടാണോ ? നിന്‍റെ തന്ത പുറകെ അന്വേഷിച്ചു വരുമോ? അതോ എവിടുന്നെങ്കിലും അടിച്ചു മാറ്റിയതാണോ? സ്റ്റോപ്പ്‌, ശിഷ്യന്‍ പറഞ്ഞു, അതിങ്ങു തന്നേക്ക്‌ ഗുരോ. പ്രശ്നം സങ്കീര്‍ണ്ണം ആക്കണ്ട, ഗുരു ചിരിച്ചു ,മിടുക്കന്‍, ഞാന്‍ നിന്നെ ഒന്ന് പരീക്ഷിച്ചതാണ്, അപ്പൊ നീ എല്ലാം സങ്കീര്‍ണ്ണം അല്ലാതെ കാണാന്‍ പഠിച്ചു ,ഇനി എല്ലാം സിമ്പിള്‍, നീ ആയിരം രൂപ എനിക്ക് ദക്ഷിണ തന്നു, ഞാന്‍ അത് വാങ്ങി, ദക്ഷിണയോ? അപ്പൊ കടം അല്ല അല്ലേ ? ശിഷ്യന്‍ കണ്ണ് തള്ളി, പോടാ , തമാശക്കാരാ,വാ നമുക്ക് ആദ്യം പോയി ഓരോ കട്ടന്‍ അടിക്കാം, എന്നിട്ട് പോയി ആ കുട്ടനോട് രണ്ടു ഡയലോഗ് അടിക്കാം.മൂടും തടവി ഗുരുവും പുറകെ ശിഷ്യനും പുറത്തേക്കു പോയി, ഇത് മുഴുവന്‍ പകര്‍ത്തി എഴുതിയിട്ട് ഞാന്‍ ഓഫീസിലേക്കും പോയി,

ഗുരുവിന്റെ ന്യൂ ഇയര്‍

വിഷ് യൂ എ ഹാപ്പീ ന്യൂ ഇയര്‍ ,അലര്‍ച്ച ശിഷ്യന്റെത് ,ഞെട്ടിയത് ഗുരു,സ്ഥിരം പരിപാടി ആയ ആകാശം നോക്കി കിടപ്പായിരുന്നല്ലോ ഗുരു, ഈ വിളി പ്രതീക്ഷിച്ചതല്ല , ചാടി എണീറ്റ പാടെ ഗുരു ഉണ്ടക്കണ്ണ്‍ ഉരുട്ടി ശിഷ്യനെ തുറിച്ചു നോക്കി, എന്താഡാ പറഞ്ഞത്, ഹാപ്പീ ന്യൂ ഇയര്‍ എന്ന്, എന്ത് ഹാപ്പി, ആര് ഹാപ്പി എവിടത്തെ ഹാപ്പി, അല്ല ഈ ന്യൂ ഇയര്‍ അല്ലെ, അപ്പൊ നമ്മള്‍ ഇങ്ങനെ ഹാപ്പി ഒക്കെ പറയാറില്ലേ, ശിഷ്യന്‍ ചമ്മി, ഗുരു താടി തടവി,എടാ നമ്മുടെ ന്യൂ ഇയര്‍ ആണോ ഇത്? വല്ല സായിപ്പന്മാരും കണ്ടു പിടിച്ച ഒരു കലണ്ടറും ,അതിന്റെ ന്യൂ ഇയര്‍ കൊട്ടിഘോഷിക്കാന്‍ നിന്നെ പോലെ കുറെ മണ്ടന്മാരും,അപ്പൊ ന്യൂ ഇയര്‍ എന്നൊന്നില്ലേ? ശിഷ്യന്‍ ചോദിച്ചു, ഉണ്ടല്ലോ, മലയാള മാസം ചിങ്ങം അന്നാണ് നമ്മുടെ ന്യൂ ഇയര്‍, മനസിലായോ? ഓ അങ്ങനെ ആണല്ലേ, ഗുരോ ,അപ്പൊ ഗുരു എന്നാ ജനിച്ചേ? ഞാന്‍ അഗസ്റ് ഇരുപത് ,എന്ത് പറ്റി? അല്ല അങ്ങ് മലയാള മാസം എന്ന് ജനിച്ചു എന്നല്ലെ പറയേണ്ടത്? ഡേയ് നീ ഗുരുവിനോട് തര്‍ക്കിക്കരുത് ,അതും ഈ ഹാപ്പി ന്യൂ ഇയറില്‍ ..ഗുരുവിനു വന്നല്ലോ ദേഷ്യം ,സോറി ഗുരു, അതേയ് എന്താണ് ഗുരുവിന്റെ ന്യൂ ഇയര്‍ റിസോലൂഷന്‍, ഗുരു പതുക്കെ കാല് കൊണ്ട് പകുതി നിറഞ്ഞിരുന്ന ബ്രാണ്ടി കുപ്പി ശിഷ്യന്‍ കാണാതെ കട്ടിലിനു താഴേക്ക് തള്ളി നീക്കി, എന്നിട്ട് പറഞ്ഞു ഞാന്‍ ഇന്ന് വെള്ളമടി നിറുത്തും, ശെരിക്കും? അതേടാ ,നന്നായി ഗുരു,അതെന്താ, ആ ബാക്കി ഇരിക്കുന്ന സാധനം മുഴുവന്‍ എനിക്കു തരണേ, അയ്യട അപ്പൊ ഞാന്‍ നാളെ എന്തടിക്കും ? അതിനു ഗുരു നിറുത്തിയില്ലേ, എടാ അത് ഇന്ന് രാത്രി അല്ലേ ,നാളെ രാത്രി വീണ്ടും വേണ്ടേ? ശിഷ്യന്‍ ഒന്നും പറഞ്ഞില്ല, അപ്പോള്‍ അകത്തു നിന്ന് ഒരു ശബ്ദം കേട്ടു , മകളെ മാപ്പ്, സോദരീ മാപ്പ് ,അതാരാ ഗുരോ? ഓ അത് എന്റെ അനിയന്‍ ആണ്. ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി പോസ്റ്റ്‌ ഇട്ടു പോസ്റ്റ്‌ ഇട്ടു ഇങ്ങനെ ആയിപ്പോയി, ഊണിലും ഉറക്കത്തിലും ഇങ്ങനെ പറഞ്ഞോണ്ടിരിക്കും, പിന്നെ ഫുള്‍ ടൈം മെഴുകു തിരി കത്തിച്ചു ഇങ്ങനെ ആട്ടിക്കൊണ്ടിരിക്കും, അതെന്താ ഗുരുവിനു ഒരു പരിഹാസം ,അത് നല്ലതല്ലേ ? പിന്നെ ,മരിച്ചു പോയ കുട്ടിക്ക് മാപ്പും പറഞ്ഞു മെഴുകു തിരിയും കത്തിച്ചു ഇരുന്നാല്‍?? എല്ലാം ശെരിയാകുമോ ? ഇല്ലേ? ഇല്ല ,ഇതൊന്നും കണ്ടാല്‍ ആരുടേയും മനസലിയില്ല ,ഇതിനു വേണ്ടത് ആ സഹോദരിമാരെ തിരിഞ്ഞു നിന്ന് ശല്യം ചെയ്യുന്നവരുടെ കരണത്തു അടിക്കാന്‍ പഠിപ്പിക്കുകയാണ് ,എപ്പോള്‍ വേണമെങ്കിലും നീണ്ടു വരാവുന്ന കൈകളില്‍ പിന്‍ വെച്ച് കുത്തി മുറിവേല്‍പ്പിക്കാന്‍ പഠിപ്പിക്കുകയാണ് ,പെണ്ണ് ഒരു ഉപഭോഗ വസ്തു അല്ല എന്ന് ആണ്‍ മക്കളെ പറഞ്ഞു പറഞ്ഞു പഠിപ്പിക്കലാണ് ,ഗുരു ക്ഷുഭിതനായി ,ഇങ്ങനെ വല്ലതും തൊട്ടടുത് നടന്നാല്‍ അതില്‍ ഇടപെട്ടു ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ ഒരുത്തന്‍ തയ്യാറാവുമോ? ഈ മെഴുകു തിരിയും കത്തിച്ചു, മകളെ മാപ്പ്, ലോകമേ ലജ്ജിക്കു എന്നും പറഞ്ഞു നടക്കുന്നവരില്‍ ഒരുത്തന്‍,കൂള്‍ ഡൌണ്‍ ഗുരോ, ഞാന്‍ പോണു, എന്താടാ ഒരു വിഷമം, ഞാന്‍ പറഞ്ഞത് നിനക്ക് ഫീല്‍ ചെയ്തോ? ഏയ്‌ ഇല്ല ഗുരോ , എന്റെ കുറെ സുഹൃത്തുക്കളെ നഷ്ട്ടപ്പെട്ട വര്‍ഷം ആണ് ഈ കഴിഞ്ഞു പോകുന്നത്, അയ്യേ അതിനു നീ എന്തിനു വിഷമിക്കണം,നഷ്ട്ടപ്പെട്ടത് എല്ലാം നീ ഇവിടുന്നു നേടിയതല്ലേ , ഇവിടെ തന്നെ ഉപേക്ഷിക്കെണ്ടതും , നിനക്ക് എന്തിനു ഇത്ര അടുപ്പം എല്ലാത്തിനോടും? വെറും ലൌകികം മാത്രം ആകാതെ അല്പം ആധ്യാത്മികം കൂടെ ആകാന്‍ ഉള്ള സമയമായി മോനെ നിനക്ക്, പെട്ടെന്ന് ശിഷ്യന്‍ വിളിച്ചു പറഞ്ഞു അയ്യോ അതാ ഗുരുവിന്റെ പേന അനിയന്‍ എടുത്തു കൊണ്ട് പോയി, ങേ, ഡാ എവിടെടാ എന്റെ പേന, തിരികെ വെയ്യടാ ,ഗുരുവിന്റെ അലര്‍ച്ച കേട്ടപ്പോള്‍ ശിഷ്യന്‍ പറഞ്ഞു ,ഗുരോ ആ പേന ആരും എടുത്തില്ല, ഈ വേദാന്തം ഒക്കെ സ്വന്തം കാര്യത്തില്‍ ഇല്ല അല്ലേ? ഇപ്പൊ പറഞ്ഞ പേന ഇവിടുന്നു നേടിയതല്ലേ? എന്താ അത് വേണ്ടാന്ന് വെച്ചാല്‍ ? ഡാ ഡാ നീ അല്പം അധികം ആവുന്നുണ്ട്‌ കേട്ടോ, അന്യായ വില കൊടുത്തു ഞാന്‍ ഇന്നലെ വാങ്ങിച്ച പേന ആടാ അത്, സോറി ഗുരോ ,പക്ഷെ ഗുരു പറഞ്ഞത് ഞാന്‍ അനുസരിക്കാന്‍ പോകുന്നു, ഇതു കാര്യം? ആധ്യാത്മികം, നാളെ മുതല്‍ ഞാന്‍ ആധ്യാത്മിക ജീവിതം നയിക്കും, ഇന്ന് പോയി കാവി ജുബ്ബയും മുണ്ടും വാങ്ങണം,ഇപ്പൊ ഗുരു ചിരിച്ചു, പതുക്കെ അല്ല ഉറക്കെ, ഡാ മണ്ടാ ,അവിടെ ആണ് നിനക്ക് തെറ്റിയത് , ഒരു കാര്യം പറയാം , ആന്ധ്രയില്‍ , ഒട്ടും വെള്ളം കിട്ടാത്ത ഗ്രാമങ്ങളില്‍ വളരെ ദൂരെ പോയി വെള്ളം കൊണ്ട് വരും ചില ആദിവാസി സ്ത്രീകള്‍, അത് കണ്ടാണ് ജീവിതം, ഓഹോ ശിഷ്യന് താല്‍പ്പര്യമായി, എന്നിട്ട്, ങാ എന്നിട്ട് അവര് വെള്ളം നിറച്ച പത്തു കുടങ്ങള്‍ മുകളില്‍ മുകളില്‍ വെച്ച് ബാലന്‍സ് ചെയ്തു കിലോ മീറ്ററുകള്‍ നടന്നു വരും,അയ്യോ? പതുക്കെ പതുക്കെ സൂക്ഷിച്ചു നടന്നു വരുമ്പോള്‍ സമയം എത്ര പോകും,ങാ എന്നാല്‍ കേട്ടോ ,അതാണ് തമാശ, അവര്‍ ലോകത്തുള്ള വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞു ആടിക്കുഴഞ്ഞു ചിരിച്ചാണ് വേഗത്തില്‍ നടന്നു വരുന്നത്, അയ്യോ അപ്പൊ കുടം വീഴില്ലേ? ഇല്ലല്ലോ മനസ്സ് മുഴുവന്‍ ആ കുടം വീഴാതെ നോക്കുകയായിരിക്കും, സംസാരം വേറെ, കുടം വേറെ ,ബാലന്‍സിംഗ് ആക്ട്‌, അത് പോലെ ആകണം മനുഷ്യന്‍, ലൌകിക ജീവിതത്തില്‍ അടിച്ചു പൊളിച്ചു നടക്കുമ്പോഴും മനസ്സില്‍ എപ്പോഴും തലയില്‍ വെച്ച ആ കുടങ്ങള്‍ പോലെ ആദ്മീയത കാണണം , എപ്പോഴും ആ ചിന്ത വേണം, ബോധ്യം വേണം താന്‍ ആരാണെന്നും, ഇവിടെ ഉള്ള ഒന്നും തന്റെ സ്വന്തം അല്ലെന്നും,എപ്പോ വേണോ മുകളില്‍ നിന്നുള്ള വിളി വരാം എന്നും അപ്പോള്‍ തിരികെ പോണം എന്നും , അത് മതി, അല്ലാതെ ആരും പറഞ്ഞിട്ടില്ല കാവിയും ഇട്ടു രാമാ രാമാ എന്ന് വിളിച്ചാലേ ആദ്മീയ ജീവിതം നയിക്കാന്‍ പറ്റു എന്ന് മണ്ട ശിരോമണീ , ഇത്രയും കേട്ട ശിഷ്യന്‍ സംതൃപ്തനായി അന്നത്തെ ഡോസ് കിട്ടി വയറു നിറഞ്ഞു വീട്ടില്‍ പോകാന്‍ തുടങ്ങി, അപ്പോള്‍ ഗുരു പറഞ്ഞു ,ഡാ നീ അങ്ങനെ അങ്ങ് പോയാല്‍ എങ്ങനെ, ആ മാഞ്ചോട്ടിലെ അജോയ് അവിടെ എഴുതി എഴുതി നമ്മള്‍ രണ്ടും ഭയങ്കര പോപ്പുലര്‍ ആണടെ ഇപ്പൊ , ആണോ അത് ഞാന്‍ അറിഞ്ഞില്ല ഗുരുവേ , അതിനു ഇപ്പൊ എന്ത് വേണം ? എടാ അവര് എല്ലാരും നമ്മള്‍ ഈ പറഞ്ഞത് മുഴുവന്‍ കേട്ടില്ലേ ,അയ്യോ ആണല്ലേ? പിന്നെ ? അപ്പൊ നമുക്ക് ഒരു ഹാപ്പി ന്യൂ ഇയര്‍ അവര്‍ക്ക് വേണ്ടി പറഞ്ഞാലോ? ഗുരു അല്ലെ പറഞ്ഞത് നമുക്ക് ഈ ന്യൂ ഇയര്‍ അല്ല എന്ന്, അത് സാരമില്ല, പറയാം, പക്ഷെ മലയാളത്തില്‍ പറഞ്ഞാല്‍ മതി, ശിഷ്യന്‍ തുടങ്ങി എല്ലാവര്‍ക്കും ,മാഞ്ചോട്ടില്‍ എല്ലാവര്‍ക്കും എന്ന് പറ ,ശെരി മാഞ്ചോട്ടില്‍ എല്ലാവര്‍ക്കും ഞങ്ങള്‍ടെ നവ വത്സരാഷ ,ഷ അല്ലടെ ശ ,സോറി ,ഞങ്ങള്‍ടെ നവ വത്സരാശംസകള്‍ ,അതിന്റെ കൂടെ ഈ അജോയ്ടെയും ,അത് വരെ കട്ടിലിനടിയില്‍ കഥ ചോര്‍ത്താന്‍ ഒളിച്ചിരുന്ന അജോയ് പുറത്തു വന്നു , വിഷ് യൂ ഓള്‍ എ ഹാപ്പി ന്യൂ ഇയര്‍ കൂട്ടുകാരെ, എന്റെയും ഗുരുവിന്റെയും ശിഷ്യന്റെയും

ഗുരു ശിഷ്യന്‍

നല്ല തണുപ്പുള്ള രാത്രി ,ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു ഗുരുവും ശിഷ്യനും ,ഗുരു ആകെ ഉള്ള ഒരു കട്ടിലില്‍ ,ശിഷ്യന്‍ ന്യായമായും തണുത്ത നിലത്തു പുതപ്പു വിരിച്ചും. ശിഷ്യാ ,എന്താ ഗുരൂ ,നീ എന്താണ് ആലോചിക്കുന്നത് ? ഗുരോ ഈ മരിച്ചവര്‍ എല്ലാം നക്ഷത്രങ്ങള്‍ ആയി വരും എന്ന് പറയുന്നത് ശെരിയാണോ? ആയിരിക്കാം, അങ്ങനെ ആണെങ്കില്‍ ഏതോ സ്പോര്‍ട്സ് താരത്തിന്‍റെ ആദ്മാവ് ആയിരിക്കും അത്, അപ്പോള്‍ പാഞ്ഞു പോയ ഒരു ഉല്‌ക്കയെ നോക്കി ശിഷ്യന്‍ പറഞ്ഞു ,അങ്ങനെ ആണെങ്കില്‍ എനിക്ക് കാശ് തരാന്‍ ഉണ്ടായിരുന്ന പാക്കരന്‍റെ ആദ്മാവ് ആയിരിക്കും ആ നക്ഷത്രം ,ഗുരു പറഞ്ഞു, എന്താ കാര്യം ഗുരോ ? അത് എന്നെ കണ്ടപ്പോള്‍ വേഗത്തില്‍ മറ്റേ ദിശയിലേക്കു പോകുന്നു . ശിഷ്യന്‍ ഒരു കൊട്ട് വാ വിട്ടു , എന്നിട്ട് ചോദിച്ചു ഗുരോ അങ്ങെന്തു കൊണ്ടാണ് ഇത് വരെ കല്യാണം കഴിക്കാത്തത്? ഗുരു കണ്ണുരുട്ടി ശിഷ്യനെ നോക്കി ,ഡാ മുട്ടയില്‍ നിന്ന് വിരിയാത്ത നീ ഇതൊക്കെ എന്നോട് ചോദിക്കാറായോ ? ശിഷ്യന്‍ നാണിച്ചു പറഞ്ഞു ഗുരോ ഞാന്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞു കേട്ടോ , വീട്ടില്‍ കല്യാണം ഒക്കെ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട് ,ഓഹോ നീയും കല്യാണം കഴിക്കാറായി അല്ലെ? ഗുരു ഒരു ദീര്‍ഘ നിശ്വാസം നാലായി മുറിച്ചു പുറത്തു വിട്ടു ,അങ്ങേന്താ കല്യാണം കഴിക്കാത്തത് എന്ന് പറയൂ, ശിഷ്യന്‍ വിടുന്ന മട്ടില്ല, ഗുരു വായും തുറന്നു അല്‍പ നേരം കിടന്നു ,എന്നിട്ട് ചോദിച്ചു, ആട്ടെ, നിനക്ക് പെണ്ണുങ്ങളെ പറ്റി എന്തറിയാം ? ശിഷ്യന്‍ നിഷ്ക്കളങ്ക ഭാവം മുഖത് ആകാവുന്നത്ര വരുത്തി, എന്നിട്ട് പറഞ്ഞു ഒന്നും അറിയില്ല ഗുരോ ? പിന്നെ നീ പെണ്ണ് കേട്ടാതിരിക്കുന്നതാണ് നല്ലത് , ഒന്നും അറിയാത്ത ഒരു വര്‍ഗ്ഗവുമായി കൂട്ട് ചേരണോ ,അപ്പോള്‍ ശിഷ്യന്‍ ചാടിക്കയറി പറഞ്ഞു, അല്ല ഗുരോ അല്പമൊക്കെ എനിക്കറിയാം , ഓഹോ എന്നാല്‍ കല്യാണം വേണ്ട ,അല്‍പ്പ ജ്ഞാനം അപകടം എന്ന് കേട്ടിട്ടില്ലേ ? ശിഷ്യന്‍ വിയര്‍ത്തു, ദൈവമേ ഇങ്ങേരു കല്യാണം മുടക്കുമോ? എനിക്ക് പെണ്ണുങ്ങളെ പറ്റി എല്ലാം അറിയാം ഗുരോ ഞാന്‍ ചുമ്മാ പറഞ്ഞതാ. ആണോ? നന്നായി ,അപ്പോള്‍ എല്ലാം അറിയാവുന്ന സ്ഥിതിക്ക് ഒരു കാര്യം നീ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തിനു? കല്യാണം വേണ്ടടാ , കടവുളേ, ശിഷ്യന്‍ ആ തണുപ്പത്തും വിയര്‍ത്തു, ഗുരുവിനെ പ്രാകി, ആ ചോദ്യം ചോദിയ്ക്കാന്‍ തോന്നിയ സമയത്തെ വെറുത്തു ,അനക്കം ഇല്ല എന്ന് കണ്ട ഗുരു ഉള്ളില്‍ ചിരിച്ചു, എന്നിട്ട് പറഞ്ഞു ,പെണ്ണുങ്ങള്‍ നാലു വിധം ഉണ്ട് ലോകത്തില്‍ ,ശിഷ്യന്‍ ഉടന്‍ പറഞ്ഞു എനിക്കറിയാം എന്നാല്‍ പറയു , ഉയരം ഉള്ളവര്‍ ഉയരം ഇല്ലാത്തവര്‍, വണ്ണം ഉള്ളവര്‍, വണ്ണം ഇല്ലാത്തവര്‍ ,ഭാ എണീറ്റ്‌ പൊക്കോണം ഇവിടുന്നു, ഗുരു ചൂടായി .മണ്ടത്തരം പറയാന്‍ വേണ്ടി ഉള്ള ഒരു ജന്മം ,ശിഷ്യന്‍ മൌന വൃത്തത്തില്‍ ആയി, അല്‍പ്പം കഴിഞ്ഞു ഗുരു പറഞ്ഞു, പെണ്ണുങ്ങള്‍ നാല് തരം , ഒന്ന് ദേവീ ഭാവം ഉള്ളവര്‍ ,അതായതു ഇത്തരക്കാരെ കണ്ടാല്‍ നമുക്ക് എണീറ്റ്‌ നിന്ന് തൊഴാന്‍ തോന്നും, ഒരു ബഹുമാനം തോന്നും ,മനസ്സിലായോ? ഉദാഹരണം പറയാം ഡേയ് നിനക്ക് ഏതു ദേവിയെ ആണ് ഇഷ്ട്ടം ,ശിഷ്യന്‍ പറഞ്ഞു എനിക്ക് ഭദ്രകാളിയെ ,ദൈവമേ ഗുരു ഒന്ന് ഞെട്ടി ,ശെരി, പക്ഷെ ലക്ഷ്മി ,സരസ്വതി തുടങ്ങിയ ദേവിമാര്‍ ആണ് പുരാണത്തില്‍ ഇപ്പോള്‍ പറഞ്ഞ ഗണത്തില്‍ പെടുന്ന ദേവിമാര്‍., അങ്ങനെ ഒരു പെണ്ണ് ഈ മുറിയിലേക്ക് വന്നാല്‍ നമ്മള്‍ അറിയാതെ എണീറ്റ്‌ തൊഴുതു പോകില്ലേ? അതാണ് ഇപ്പൊ പറഞ്ഞ തരം പെണ്ണുങ്ങള്‍, അടുത്തത് ? ശിഷ്യന്‍ ഉഷാറായി, ഗുരു പറഞ്ഞു, അടുത്തത് പ്രേമ ഭാവം ഉള്ളവര്‍ ,അവരെ കണ്ടാല്‍ നമുക്ക് പ്രഥമ ദ്രിഷ്ട്ട്യാ തന്നെ അനുരാഗം തോന്നും തോന്നിപ്പോകും ,ങാ മനസിലായി, ശിഷ്യന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, എന്ത് മനസിലാകാന്‍ ? നിനക്ക് ആരെ കണ്ടാലും ഇങ്ങനെ അല്ലെ തോന്നു, ഗുരു ശിഷ്യനെ കുത്തി, ഇതിനു ഉദാഹരണം ,പുരാണത്തിലെ അഹല്യ ,ലീലാവതി തുടങ്ങിയ സ്ത്രീകള്‍., ഓ ശെരി, അപ്പോള്‍ മൂന്നാമത്തെ ഇനം ? ,അത് ഞാന്‍ എങ്ങനെ പറയും? ഗുരു ചോദിച്ചു ,പറ ഗുരോ, ഗുരു ഒന്ന് ചമ്മി എന്നിട്ട് പറഞ്ഞു ,അതായതു ചിലരെ കാണുമ്പൊള്‍ നമുക്ക് .....നമുക്ക്? ....നമുക്ക് അല്ല... ചിലര്‍ക്ക് ,ശെരി ചിലര്‍ക്ക്? ...ചിലര്‍ക്ക് അത് തോന്നില്ലേ? ...ഏതു ? ...ശോ കാമം തോന്നില്ലേടെ ? ഗുരു പറഞ്ഞു , അപ്പോള്‍ ശിഷ്യന്‍ ആ വാക്കിന്‍റെ അര്‍ഥം അറിയാത്തത് പോലെ ഇരുന്നു, നിഷ്കളങ്കന്‍ പിള്ള ആയി ഗുരുവിനെ തുറിച്ചു നോക്കി, ആ അഭിനയം ഗുരുവിനു നന്നായി ബോധിച്ചു ,ശിഷ്യ ചില സ്ത്രീകളെ കണ്ടാല്‍ മറ്റു ഏതു വികാരത്തിനും മുന്‍പ് നമുക്ക് വരുന്നത് കാമം ആയിരിക്കും ഉദാഹരണം പറഞ്ഞാല്‍ ..ഗുരു മുഴുമിപ്പിച്ചില്ല ശിഷ്യന്‍ ചാടിക്കയറി പറഞ്ഞു മലക്കറിക്കാരി ജാനു ,ഭാ, അഹങ്കാരീ, ഗുരു പൊട്ടിത്തെറിച്ചു ,വൃത്തികെട് പറയുന്നോ? ഉര്‍വശി രംഭ മേനക തിലോത്തമ ,ശിഷ്യന്‍ ഇടയില്‍ കയറി പറഞ്ഞു നമിത , ഏതോ ദേവലോക നര്‍ത്തകി ആണ് അത് എന്ന് വിചാരിച്ചു ഗുരു പറഞ്ഞു ങാ നമിത ,അത്തരം ആള്‍ക്കാര്‍ ആണ് ഈ ഗണത്തില്‍ പെടുതാവുന്നവര്‍ ,ഹോ ഭയങ്കരം തന്നെ, ശിഷ്യന്‍ പറഞ്ഞു ,ഇനി നാലാമത്തെ ഇനം . ചില സ്ത്രീകള്‍ കയറി വരുമ്പോള്‍ നമുക്ക് വാതിലില്‍ കൂടിയോ ജന്നലില്‍ കൂടിയോ ഇറങ്ങി ഓടാന്‍ തോന്നില്ലേ ? അത്തരം ആള്‍ക്കാര്‍ ആണ് നാലാമത്തെ ഇനം പെണ്ണുങ്ങള്‍. ,ഉദാഹരണം പറഞ്ഞാല്‍ പുരാണത്തിലെ ,തടാക, പൂതന ,ശൂര്‍പ്പണഖ തുടങ്ങിയവര്‍. ,ശിഷ്യന്‍ ചോദിച്ചു പെണ്ണുങ്ങളില്‍ തന്നെ ഇങ്ങനെ ഒക്കെ ഉണ്ടല്ലേ ഗുരോ ? ഗുരു പറഞ്ഞു, ഉണ്ട്, അപ്പൊ ഇതില്‍ ഒന്നും പെടാത്തവര്‍ ഉണ്ടാവില്ലേ? ഉണ്ടാവും ,ഒന്നിലും പെടുത്താന്‍ ആവാത്തവര്‍, നിര്‍ഗുണ പരബ്രഹ്മങ്ങള്‍, അത് പക്ഷെ ഒരു 10% മാത്രമേ കാണു, ബാക്കി ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും മുന്‍പ് പറഞ്ഞ നാലു വിഭാഗം ആക്കി തിരിക്കാം, ഇത് ഒറ്റ നോട്ടത്തില്‍ , ആ പെണ്ണിന്‍റെ ശരീരവും മുഖവും വെച്ച് മാത്രം തോന്നുന്ന തരം തിരിക്കല്‍ ആണ്. പിന്നീട് അവരുടെ പെരുമാറ്റം, സംസാരം എല്ലാം കൂടുമ്പോള്‍ വിഭാഗം മാറിയേക്കാം , ഗുരു കല്യാണം കഴിക്കാത്തത് ആദ്യ വിഭാഗം പെണ്ണിനെ കിട്ടാത്തത് കൊണ്ടാണോ ? ശിഷ്യന്‍ ചോദിച്ചു അത് ഒരു കഥയാണ്, നല്ല മൂഡില്‍ ആയതു കൊണ്ട് ഗുരു ആ കഥ പറഞ്ഞു ,ഞാന്‍ കുറെ നാള്‍ ബ്രഹ്മചാരി ആയി മസില്‍ പിടിച്ചു നടക്കുകയായിരുന്നല്ലോ? ഒടുവില്‍ ഒരിക്കല്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ പോയി,നോക്കിയപ്പോള്‍ ആദ്യ വിഭാഗത്തില്‍ പെടുന്ന പെണ്ണ്, കണ്ട പാടെ ഞാന്‍ എണീറ്റ്‌ നിന്ന് തൊഴുതു,അവര് പറഞ്ഞിട്ടും ഞാന്‍ പെണ്ണ് പോകുന്നത് വരെ ഇരുന്നില്ല ,തൊഴുതു കൊണ്ട് നിന്നു, അപ്പൊ ആ പെണ്ണ് പറഞ്ഞു എന്നെ വേണ്ടാന്ന് ,ശിഷ്യന്‍ ശബ്ദമില്ലാതെ ഇരുട്ടത്ത്‌ കിടന്നു ചിരിച്ചു, എന്നിട്ട്? എന്നിട്ട് ഒരാഴ്ച കഴിഞ്ഞു അടുത്ത് പെണ്ണിനെ കാണാന്‍ പോയി, അത് രണ്ടാമത്തെ വിഭാഗം, കണ്ട ഉടനെ എനിക്ക് അനുരാഗവും തോന്നി? എന്നിട്ട് കെട്ടിയില്ലേ? ഇല്ലെടാ അതിനു മുന്‍പേ ആ പെണ്ണിന് ആരോടോ അനുരാഗം തോന്നിയിരുന്നു, അവള്‍ അടുത്ത ദിവസം ഒളിച്ചോടി. അയ്യോ ? പിന്നെ പെണ്ണ് കണ്ടില്ലേ? കണ്ടല്ലോ ,അടുത്ത പെണ്ണ് അടിപൊളി ,മൂന്നാമത്തെ വിഭാഗം, ഹി ഹി ഹി ഗുരു കട്ടില്‍ കുലുങ്ങെ ചിരിച്ചു, ഇങ്ങനെ ചിരിക്കാതെ ഗുരോ കട്ടില്‍ പൊളിഞ്ഞു എന്റെ തലയില്‍ കൂടെ വീഴും, കാര്യം പറ ഗുരോ എന്തായി? എന്താവാന്‍ ? ഒന്ന് സംസരിചോട്ടെ എന്ന് പറഞ്ഞു അവര്‍ തന്ന സമയത്ത് എനിക്ക് കാമം നിയന്ത്രിക്കാന്‍ പറ്റിയില്ല , അയ്യോ എന്നിട്ട്? പെണ്ണ് ഉറക്കെ നിലവിളിച്ചു, അതോടെ വീട്ടുകാരുടെയും നിയന്ത്രണം പോയി, ഞാന്‍ ഒരാഴ്ച ആശുപത്രിയിലുമായി, നാലാമത് പെണ്ണ് കണ്ടില്ലേ? ഇല്ല അത് ശൂര്‍പ്പണഖ ആയിരിക്കും എന്നെനിക്കുറപ്പായിരുന്നു,ഇതിപ്പോ മര്‍മ്മം പഠിച്ചവന് ഭാര്യയെ തൊടാന്‍ പേടി എന്ന് പറഞ്ഞ പോലെ ആയി അല്ലെ ഗുരോ? എവിടെ തൊട്ടാലും മര്‍മ്മം, ശിഷ്യന്‍ സ്കോര്‍ ചെയ്തു, തനിയെ കിടന്നു ചിരിച്ചു, ഗുരു ഇരുട്ടത്ത്‌ കോപത്തോടെ ശിഷ്യനെ നോക്കി ,അത് കാണാതെ ശിഷ്യന്‍ വീണ്ടും സ്കോര്‍ ചെയ്തു, ഒരു ചായ കുടിക്കാന്‍ പശുവിനെ വാങ്ങുന്നതെന്തിനു ? ചായക്കടയില്‍ പോയാല്‍ പോരെ അല്ലെ ഗുരോ? വീണ്ടും ശിഷ്യന്‍ ഉറക്കെ ചിരിച്ചു, ചിരി തീര്‍ന്ന ശേഷം ഗുരു കൂടെ ചിരിക്കാത്ത കാരണം ചിരി നിറുത്തി ശിഷ്യന്‍ സംശയം ചോദിച്ചു ,ഗുരോ പുരുഷന്മാര്‍ എത്ര വിധം ? അത് ഏതെല്ലാം, ഗുരു അമര്‍ത്തിയ ശബ്ദത്തില്‍ പറഞ്ഞു ,രണ്ടു വിധം.ചവിട്ടു കൊള്ളാത്തവരും ചവിട്ടു കൊള്ളുന്നവരും, ഇതില്‍ ആദ്യ വിഭാഗത്തില്‍ നിന്ന് നിന്നെ രണ്ടാമതെതിലേക്ക് ഞാന്‍ മാറ്റുന്നതിന് മുന്‍പ് കിടന്നുറങ്ങിക്കോ, പിന്നെ ശിഷ്യന്റെ അനക്കമില്ല,ഗുരു പത്തു മിനിറ്റ് ഫ്ലാഷ് ബാക്ക് പോയി, പിന്നെ തിരികെ വന്നു മലക്കറിക്കാരി ജാനുവിനെ ഒന്നോര്‍ത്തു, കമഴ്ന്നു കിടന്നു, ശേഷം അന്തസ്സായി കൂര്‍ക്കം വലിച്ചു .

ഒരു ക്രിസ്ത്മസ് കഥ

എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആഘോഷങ്ങളില്‍ ഒന്ന് ക്രിസ്ത് മസ് ആണ്, ഡിസംബറിന്‍റെ തണുപ്പും മനോഹാരിതയും ആവാം അതിനൊരു കാരണം, പിന്നെ അതിന്‍റെ പിന്നിലെ മനോഹരമായ നന്മയുടെ സന്ദേശം, അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും വൈന്‍, നോണ്‍ വെജ് ആഹാരം എന്നിവ. പ്രിയപ്പെട്ട കൂട്ടുകാരുടെ വീടുകളില്‍ ചിലവിട്ട ക്രിസ്ത് മസ് രാത്രികളുടെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ധാരാളം തവണ പാതിരാ കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട് .അതിനൊക്കെ വളരെ മുന്‍പ്,ഉണ്ടായ ഒരു തമാശ ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ഞങ്ങള്‍ക്ക് ചെട്ടികുളങ്ങരയില്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ഒന്നുമില്ലാതിരുന്ന കാലം ,അടുത്തുള്ള പാറ്റൂര്‍ പള്ളിയില്‍ ബിരിയാണി ഉണ്ട് എന്ന വാര്‍ത്തയുമായി രാജു വന്നു, ഓസിനു പോയി ശാപ്പാട് അടിക്കാന്‍ അവനെ കഴിഞ്ഞേ ഉള്ളു ആരും ,സത്യം പറഞ്ഞാല്‍ എനിക്ക് ഏറ്റവും പേടിയുള്ള കാര്യം അതാണ്, ആരെങ്കിലും കണ്ടു പിടിച്ചാല്‍? എന്തൊരു നാണക്കേടാണ്, അപ്പൊ വീട്ടില്‍ അറിയില്ലേ? പിന്നെ ജീവ്വിചിരുന്നിട്ടു കാര്യമുണ്ടോ? രാജുവിന് പക്ഷെ ഒരു കൂസലുമില്ല , നീ വാടെ ,നല്ല അടിപൊളി ബിരിയാണി ആണ്, പിന്നെ ആലോചിച്ചിട്ട് കാര്യമില്ല , ഒരു താക്കീത് പോലെ രാജു പറഞ്ഞു, ഞാന്‍ ധൈര്യം സംഭരിച്ചു അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ കയറി, മനസ്സില്‍ നിറയെ ബിരിയാണി നൃത്തം വെക്കുന്നു, നേരെ പാറ്റൂര്‍ പള്ളിയില്‍ പോയി, അത് വരെ ആ പള്ളിയുടെ അകത്തു ഞങ്ങള്‍ കയറിയിട്ടില്ല ,വെളിയില്‍ നിന്ന് വായും തുറന്നു നോക്കിയിട്ടുണ്ട് വലിയ കമാനവും,യേശുവിന്‍റെ പ്രതിമയും എല്ലാം ,വെളിയില്‍ എഴുതി വെച്ചിരിക്കുന്നു, വിശ്വാസികളുടെ കുടുംബ സംഗമവും വിരുന്നും ,ഞാന്‍ രാജുവിനോട് ചോദിച്ചു ,ഡാ ഇത് വിശ്വാസികളുടെ വിരുന്നല്ലേ? നമുക്ക് കേറണോ? അപ്പോള്‍ രാജു ചോദിച്ചു, നീ ചെട്ടികുളങ്ങര ദേവിയില്‍ വിശ്വസിക്കുന്നില്ലേ, ഞാന്‍ പറഞ്ഞു, ഉണ്ട്, അപ്പോള്‍ നീയും വിശ്വാസി തന്നെ വേണമെങ്കില്‍ വേഗം വാടെ , അങ്ങനെ ഞങ്ങള്‍ അകത്തു കയറി, പാരിഷ് ഹാളില്‍ ആണ് വിരുന്ന് , ഞങ്ങള്‍ ഓടിപ്പോയി വിശ്വാസികള്‍ ഇരിക്കുന്നതിനു മുന്‍പേ ചാടിക്കയറി ഇരുന്നു, അല്‍പം കഴിഞ്ഞപ്പോള്‍ ഹാള്‍ ഫുള്‍ ആയി, മേശപ്പുറത്തു പത്രങ്ങളില്‍ കോഴി പൊരിച്ചത്, പപ്പടം , പിക്കിള്‍ എല്ലാം വെച്ചിരിക്കുന്നു,ബിരിയാണി വിളമ്പാന്‍ പോകുന്നതെ ഉള്ളു എന്ന് തോന്നുന്നു, രാജുവിന്‍റെ തൊട്ടടുത്ത്‌ ഇരിക്കുന്ന ഒരു മൂക്ക് വളഞ്ഞ അമ്മാവന്‍ രാജുവിനെ തന്നെ ഇടയ്ക്കിടയ്ക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്, എനിക്ക് പേടിയായി, ഞാന്‍ രാജുവിനെ തോണ്ടി ,ഡാ ആ അമ്മാവന്‍ നിന്നെ തന്നെ നോക്കുന്നു, മനസ്സിലായി കാണുമോ? രാജു എന്നെ നോക്കി കണ്ണ് കാണിച്ചു ഒന്നും പേടിക്കണ്ട എന്ന്, എന്നിട്ട് അവന്‍ ആ അമ്മാവനെ നോക്കി ചിരിച്ചു കൊണ്ട് ഒരു പപ്പടം എടുത്തു കടിച്ചു, ഉടനെ ആ അമ്മാവന്‍ ദേഷ്യത്തില്‍ പറഞ്ഞു ,എന്നതാടാ കൂവേ ,അച്ഛന്‍ വന്നു പ്രാര്‍ഥന കഴിച്ചേച്ച്‌ വിഴുങ്ങിയാല്‍ പോരായോ ഇയാള്‍ക്ക്, ഞെട്ടിപ്പോയ രാജു കടിച്ച പപ്പടം ശബ്ദമില്ലാതെ വിഴുങ്ങി , എന്നിട്ട് ബാക്കി പപ്പടം തിരികെ പാ ത്രത്തില്‍ വെച്ചു , അപ്പോള്‍ അമ്മാവന്‍ പറഞ്ഞു ,ആണ്ടെ കിടക്കുന്നു, ഇയാള്‍ എച്ചില്‍ ആക്കിയെച്ച് അത് തിരികെ വെക്കുവാന്നോ ? അപ്പൊ അവന്‍ ഒന്ന് വിളറി എന്നിട്ട് പതുക്കെ ആ പപ്പടം വീണ്ടും എടുത്തു കടിച്ചു . അമ്മാവന്‍ ഉടനെ പറഞ്ഞു ,എന്‍റെ കര്‍ത്താവെ വീണ്ടും തിന്നുവാണോ ? തിന്നണോ, ഇറക്കണോ, തുപ്പണോ, തിരകെ വെക്കണോ എന്നറിയാതെ രാജു വിളറിയ മുഖവുമായി ആ പപ്പടവും കയ്യില്‍ വെച്ച് ഇരുന്നു, അല്‍പ്പം കഴിഞ്ഞു അച്ഛന്‍ വന്നു എന്തോ പ്രര്ധിച്ചു, പ്രാര്‍ഥന കഴിഞ്ഞു എല്ലാരും കുരിശു വരച്ചു ,അമ്മാവന്‍ ഒളിക്കണ്ണിട്ട്‌ രാജുവിനെ നോക്കി, രാജു തോന്നിയ പോലെ ഒക്കെ കുരിശു വരക്കുനത് കണ്ടു അയാള്‍ കണ്ണ് തള്ളി, ഒരു കോഴിക്കാല്‍ ആര്‍ത്തിയോടെ എടുത്തു വായില്‍ വെക്കാന്‍ സമയത്താണ് അമ്മാവന്‍റെ ചോദ്യം ,ഇയാളെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ,ഇയാള്‍ എവിടുതെയാ? ഞാന്‍ പ്രതീക്ഷിച്ച ചോദ്യം, ദൈവമേ പിടിയിലായല്ലോ, അമ്മാവന്‍ വരുന്ന സമയത്ത് ഞാന്‍ വരാത്തത് കൊണ്ടാവും എന്നെ കാണാത്തത്, രാജു പറഞ്ഞു, ഓഹോ? ഇയാള്‍ ഈ പള്ളിയിലെ അല്ലല്ലോ ,ഏതു പള്ളിയിലെയാ ? ദൈവമേ, ഞാന്‍ വിഴുങ്ങിയ ബിരിയാണി ഒരു ചുമയായി തിരികെ വന്നു, ഇനി അടുത്തത് എന്നെ ആകുമോ? രാജു കണ്ണ് തള്ളിയിരിക്കുന്നു ,ഏതു പള്ളിയിലെയാടോ? ഈ അമ്മാവന് വേറെ പണിയില്ലേ? ബിരിയാണിയും തിന്നിട്ടു പോകാന്‍ ഉള്ളതിന്, എടൊ ഇയാള്‍ ഇതു പള്ളിയിലെയാന്നു , കടകം പള്ളി ,രാജു പറഞ്ഞു .ങേ അമ്മാവന്‍ ഞെട്ടി, അത് ഒരു സ്ഥലമല്ലേ? അല്ല അമ്മാവാ ,അങ്ങനെ ഒരു പള്ളി ഉണ്ട്, പിന്നീടു അല്‍പ നേരം നിശബ്ദത ,അല്‍പ നേരം കഴിഞ്ഞു വീണ്ടും അമ്മാവന്‍ , ഇയാള്‍ടെ പപ്പേടെ പേരെന്നാ, അയ്യോ, രാജുവിന്‍റെ അച്ഛന്‍റെ പേര് ലക്ഷ്മണന്‍ പിള്ള എന്നാണ്, ഇനി അത് പറയുവോ? രാജു പരിഭ്രമിച്ചു ചുറ്റും നോക്കുന്നു, എന്നാടാ പപ്പേടെ പേര്, ക്രിസ്ടഫര്‍ ലീ ,രാജു പറഞ്ഞു, ഹോ ഇന്നലെ കണ്ട ഡ്രാക്കുള സിനിമയിലെ നായകന്‍റെ പേര്, ഇവന്‍ കൊള്ളാം ,എനിക്കല്‍പ്പം സമാധാനമായി, അതെന്നാ പെരാടാ കൂവേ , അമ്മാവന്‍ അല്‍പ നേരം ബിരിയാണിയും വായില്‍ വെച്ച് ആലോചിച്ചു, ഞങ്ങള്‍ ആ സമയം കൊണ്ട് വേഗം കഴിച്ചു തീര്‍ക്കാന്‍ തുടങ്ങി, ബിരിയാണി തീര്‍ത്തു ഐസ് ക്രീമില്‍ കൈ വെച്ചപ്പോള്‍ അമ്മാവന്‍ വീണ്ടും ആക്റ്റീവ് ആയി, തന്‍റെ പേരെന്നാ, ഈ ചോദ്യം രാജു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു, ബ്രൂസ് ലീ ,അവന്‍റെ ഉത്തരം, എന്റര്‍ ദി ഡ്രാഗണ്‍ ഇറങ്ങിയ സമയം, പിടി വീണത്‌ തന്നെ ഇവനു വേറെ വല്ല പേരും പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അമ്മാവന്‍ പറഞ്ഞു അത് കൊള്ളാവല്ലോ ,നല്ല പേരാഡാ കൂവേ, ഞങ്ങള്‍ അത് കേട്ടതായി ഭാവിക്കാതെ വേഗം ഐസ് ക്രീം കഴിച്ചു തീര്‍ത്തു പുറത്തേക്കു പോയി, കൈ കഴുകി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ രാജു പറഞ്ഞു ,ആ അമ്മാവനിട്ടു പണിയാതെ ഇന്ന് ഞാന്‍ വരുന്നില്ല ,വല്യ ദേഷ്യക്കാരന്‍ ആണ് രാജു, പ്രതികാര ദാഹി, എടാ വേണ്ടെടാ ഞാന്‍ പറഞ്ഞു, അയാള്‍ വെറുതെ ചോദിച്ചെന്നല്ലേ ഉള്ളു, നമ്മളായിട്ടു ഇനി അത് വഷളാക്കണ്ട ,അപ്പോള്‍ രാജു പറഞു അയാള്‍ എന്നോട് മാത്രമല്ലെ ചോദിച്ചുള്ളൂ, നിന്നോട് ഒന്നും ചോദിച്ചില്ലല്ലോ? എന്നെ കണ്ടാല്‍ എന്താ കള്ളാ ലക്ഷണം ഉണ്ടോ? അയാളെ ഒരു കല്ലെറിയാതെ ഞാന്‍ പോകുന്ന പ്രശ്നമില്ല, രാജു ഒരു വലിയ ഉരുളന്‍ കല്ലെടുത്ത്‌ കൈയ്യില്‍ വെച്ചു,അല്‍പ നേരം കഴിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്കൂട്ടെരില്‍ ആ അമ്മാവനും ഭാര്യയും കൂടി പതുക്കെ വരുന്നു, രാജു കല്ല്‌ കൈയ്യില്‍ റെഡി ആക്കി വെച്ചു കൊണ്ട് പറഞ്ഞു, അമ്മാവന്‍ നമ്മളെ കടന്നു പോകുന്നതും ഒറ്റ ഏറി ആ തലയില്‍ തന്നെ , പരട്ട അമ്മാവന്‍, പെട്ടെന്ന് ആ അമ്മാവന്‍ ഞങ്ങളെ കണ്ടപ്പോള്‍ ബ്രേക്ക്‌ ചെയ്തു സ്കൂട്ടെര്‍ നിറുത്തി, അത് പ്രതീക്ഷിക്കാത്ത ഞങ്ങള്‍ ഒന്ന് പരുങ്ങി, അമ്മാവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ,മറിയാമ്മേ ഞാന്‍ പറഞ്ഞില്ലായോ നമ്മടെ കൊചൗസെപ്പിനെ പോലെ ഇരിക്കുന്ന കൊച്ചന്‍ എന്ന്, ദാണ്ടേ നിക്കുന്നു ,ക്രിസ്റ്റഫെരിന്‍റെ മോന്‍ ബ്രൂസ് ,അല്ലിയോടാ ,അമ്മാവന്‍ ഒരു ബാഗ്‌ തുറന്നു അതില്‍ നിന്നും ഒരു പൊതിയും കുപ്പിയും എടുത്തു രാജുവിന് കൊടുത്തു, മക്കളെ വൈന്‍ നീ പപ്പക്ക് കൊട് കേട്ടോ, കേക്കുള്ളത് നിങ്ങള്‍ കഴിച്ചോ. അപ്പൊ മെറി ക്രിസ്മസ്‌ , ഇത്രയും പറഞ്ഞു അമ്മാവന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പോയി, ഞാന്‍ നോക്കിയപ്പോള്‍ രാജു ഒരു കയ്യില്‍ കല്ലും പിടിച്ചു മറുകയ്യില്‍ അമ്മാവന്‍ കൊടുത്ത സാധനങ്ങളും പിടിച്ചു നില്‍ക്കുന്നു, പാവം അമ്മാവന്‍ ,അറിയാതെ വല്ലതും അമ്മാവനെ എറിഞ്ഞിരുന്നെങ്കിലോ? അങ്ങനെ അമ്മാവന്‍ തന്ന കേക്കും വൈനും ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്, പാറ്റൂര്‍ പള്ളി വഴി പോകുമ്പോള്‍ ആ അമ്മാവനും ഓര്‍മയില്‍ വരും എന്നതാടാ കൂവേ ഇയാള്‍ടെ പേര് എന്ന ചോദ്യവും....അപ്പൊ എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ് ആശംസകള്‍

രവിക്കുട്ടന്റെ ഹോട്ടലില്‍ പോക്ക്

മധ്യവേനല്‍ അവധിക്കാലത്തിന്‍റെ ആലസ്യത്തില്‍ ഒരു ഉച്ചവെയില്‍ മയക്കത്തില്‍ രവി ഒഴുകി നടക്കവേ ആണ് ഒരു കാര്‍ വന്നു നിന്ന് ഹോണ്‍ അടിച്ചത് ,ഉറക്കം പോയെങ്കിലും അടിച്ചത് കാര്‍ ഹോണ്‍ ആയതിനാല്‍ രവിക്ക് ഒട്ടും ദേഷ്യം വന്നില്ല,അത്ര ഇഷ്ട്ടമായിരുന്നല്ലോ രവിക്ക് കാര്‍, അതിന്‍റെ ഹോണ്‍ എല്ലാം,പതുക്കെ എണീറ്റ്‌ കണ്ണ് തിരുമ്മി ഇരുന്നപ്പോള്‍ അനിയത്തി ഓടിവന്നു പറഞ്ഞു ചേട്ടാ രാജന്‍ മാമന്‍ വന്നു എന്ന്, അയ്യോ രാജന്‍ മാമനോ? രവി ഒരു കുതിപ്പിനു വെളിയില്‍ എത്തി, അതാ കിടക്കുന്നു ഒരു വെളുത്ത ബെന്‍സ് കാര്‍,അതില്‍ നിന്നും ഇറങ്ങുന്നു രാജന്‍ മാമന്‍, സാലിചെച്ചി , അച്ഛന്‍റെ ഒരു ക്രിസ്ത്യന്‍ സുഹൃത്താണ് രാജന്‍ മാമന്‍,കോടീശ്വരന്‍, അവരെല്ലാം ഇന്ന് വരും എന്ന് പറഞ്ഞ കാര്യം രവി പാടെ മറന്നു പോയിരുന്നു,സാധാരണ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ രാജന്‍ മാമന്‍ മാത്രം വരും, എന്തെങ്കിലും ബിസിനെസ്സ് കാര്യങ്ങള്‍ ശെരിയാക്കാന്‍ ആയിരിക്കും ആ വരവ്, ഫാമിലി ആയിട്ട് വന്നിട്ട് ഏകദേശം രണ്ടു വര്ഷം കഴിഞ്ഞു കാണും, ജോലിക്കാരി വാസന്തി വന്നു അവര്‍ എടുത്തു വെച്ച രണ്ടു തടിമാടന്‍ പെട്ടികള്‍ എടുത്തു മുകളിലെ നിലയില്‍ കൊണ്ട് പോയി,( വസന്ത ഒന്നാമിക്കും, രണ്ടാമിക്കും ഇടയില്‍ അല്‍പ കാലത്തേക്ക് വന്നതാണ്‌ ഈ വാസന്തി ചേച്ചി) .പെട്ടി എല്ലാം കണ്ടപ്പോള്‍ സന്തോഷം കാരണം രവിക്ക് തുള്ളിച്ചാടാന്‍ തോന്നി, സാലിചെച്ചി അപാര ഹ്യൂമര്‍ സെന്‍സ് ഉള്ള ഒരു സ്ത്രീ ആണ്,നല്ല രസമായിരിക്കും ഇനി രണ്ടു ദിവസത്തേക്ക്,അവര്‍ ആദ്യമായിട്ടാണ് ഇവിടെ സ്റ്റേ ചെയ്യാന്‍ വരുന്നത്, അച്ഛന്റെയും അമ്മയുടെയും കിടപ്പ് മുറിയില്‍ ആണ് വാസന്തി ചേച്ചി പെട്ടികള്‍ കൊണ്ട് വെച്ചത്, ആദ്യമായിട്ടാണ് അച്ഛനും അമ്മയും അവരുടെ കിടപ്പ് മുറി ഒഴിഞ്ഞു കൊടുക്കുന്നത്, അല്ലെങ്കില്‍ ആരെയും അങ്ങോട്ട്‌ കയറ്റുക പോലുമില്ല, അച്ഛന്‍റെ പൌഡര്‍,പെര്‍ഫ്യൂം എല്ലാം വെറുതെ പോയി ഒന്ന് നോക്കിക്കൊണ്ട്‌ നിന്നാല്‍ പോലും അപ്പൊ കിട്ടും തലക്കടി, അനിയത്തിയുടെ ടൈം ബെസ്റ്റ് ടൈം ,അവള്‍ നല്ല സുഖമായി അവരുടെ ഇടയില്‍ കിടന്നാണ് ഉറക്കം, എന്നതാ രവിയേ എന്ന് ചോദിച്ചു സാലിച്ചേച്ചി രവിയുടെ തലക്കിട്ടു തോണ്ടിയപ്പോള്‍ രവി ഓര്‍മ്മകളില്‍ നിന്ന് തിരികെ വന്നു, രവി പൊക്കം വെച്ചു കേട്ടോ സാറെ രാജന്‍ മാമന്‍ അച്ഛനോട് പറഞ്ഞു ,എല്ലാരും തിരിഞ്ഞു നോക്കിയപ്പോള്‍ രവി ഉപ്പൂറ്റി അല്പം പൊക്കി ഇല്ലാത്ത പൊക്കം അഭിനയിച്ചു നിന്നൂ,ശെരിയാന്നല്ലോ സാലിചേച്ചി തല കുലുക്കി, അപ്പൊ രാത്രി ആഹാരം കഞ്ഞി മതിയോ? അമ്മയുടെ വക ചോദ്യം,കഞ്ഞിയോ ,നശിച്ച സാധനം, , രവി മനസ്സില്‍ കരുതി, എന്തെങ്കിലും നല്ലത് കഴിക്കാന്‍ കിട്ടുന്നത് ഇത് പോലെ ആരെങ്കിലും വരുമ്പോഴാണ്, അതിനിടക്ക് ഇതാ പന്ന കഞ്ഞിയും പൊക്കിക്കൊണ്ട് വന്നിരിക്കുന്നു,ചേച്ചിയേ ഓ കഞ്ഞി ഒന്നും വേണ്ടന്നെ നമുക്ക് വെളിയില്‍ പോയി എന്നായെലും കഴിക്കാമെന്നേ സാലിചേച്ചി പറഞ്ഞു,രവിയുടെ മനസ്സില്‍ അമിട്ട് പൊട്ടി,അനിയത്തിയും രവിയും ആശയോടെ, പ്രതീക്ഷയോടെ അമ്മയുടെയും അച്ഛന്റെയും മുഖത്തേക്ക് നോക്കി,അവര്‍ ആണെങ്കില്‍ ന്യൂക്ലിയര്‍ ബോംബ്‌ ഇടുന്നതിനു മുന്നേ ഒക്കെ അമേരിക്കന്‍ പ്രസിഡന്റ്‌ ആലോചിക്കുന്ന പോലെ ആലോചിച്ചു കൊണ്ട് നില്ക്കുന്നു,അച്ഛാ പുവാം അച്ഛാ, അച്ഛാ പുവാം അച്ഛാ ,രവിയും അനിയത്തിയും കോറസ് പാടുന്നത് കേട്ട് മറ്റുള്ളവര്‍ കണ്ണ് തള്ളി, അച്ഛനും അമ്മയും പെട്ടെന്ന് പറഞ്ഞു ആ പോകാം പോകാം,അങ്ങനെ രവിയും അനിയത്തിയും ചാടിത്തുള്ളിയും,അമ്മയും അച്ഛനും പല്ലും കടിച്ചു മുഖം വീര്‍പ്പിച്ചും അകത്തു പോയി, ഡ്രസ്സ്‌ ചെയ്യാന്‍ കേറിയ ഉടനെ രവിക്ക് തലക്കിട്ടു കിട്ടി കൊട്ട്, "ക്ടിംഗ്" എന്താടാ ഹോട്ടല്‍ ഇത് വരെ നീ കണ്ടിട്ടില്ലേ, അവിടെ പോയി കഴിച്ചിട്ടില്ലേ ,ചില ദരിദ്രവാസി പിള്ളേരെ പോലെ ..അയ്യോ അച്ഛാ പുവാം പോലും..,മനുഷ്യനെ നാണം കെടുത്തും ,അപ്പൊ അനിയത്തിയും അങ്ങനെ പറഞ്ഞല്ലോ രവി തല തടവിക്കൊണ്ട് പറഞ്ഞു, അവള്‍ക്കും ഒരു അടിയുടെ കുറവുണ്ട്,അമ്മ പറഞ്ഞു, കുറവ് പോലും കുറവ്, എങ്ങനെ വരാതിരിക്കും കുറവ്, ,ഒരിക്കലും അവളെ അടിക്കൂല,
അങ്ങനെ അല്‍പ്പ സമയത്തിനകം എല്ലാവരും വേഷം മാറി ബെന്‍സ് കാറില്‍ കയറി നേരെ ഹോട്ടെലില്‍ പോയി, ആസാദ്‌ ഹോട്ടല്‍ ആണ് രവിയുടെ സങ്കല്പ്പ്ത്തിലെ ഹോട്ടല്‍, പക്ഷെ പോയത് അവിടെ അല്ല ,ഇത് വേറെ ഏതോ കൊട്ടാരം ആണ്, രവിക്ക് ദേഷ്യം വന്നു , ഇനി ഈ കൊട്ടാരം ഒക്കെ കണ്ടിട്ട് എപ്പോ കഴിക്കാന്‍ പോകും ,അതോ സ്ഥലം മാറിപ്പോയോ? അപ്പോള്‍ ആണ് അച്ഛന്‍ പറയുന്നത് ഇതാണ് ഹോട്ടല്‍ എന്ന് , തടിമാടന്‍ കാറില്‍ നിന്ന് വല്ല വിധവും ഊര്‍ന്നിറങ്ങിയപ്പോള്‍ അതാ നേരെ മുന്നില്‍ പടത്തില്‍ ഒക്കെ സ്ഥിരം കാണാറുള്ള രാജാവ്‌ നില്ക്കുന്നു, അമ്മൂമ്മ പണ്ട് ആറാട്ടിനു പോയപ്പോള്‍ രാജാവിനെ തൊഴുത പോലെ രവി അയാളെ താണ് തൊഴുതു,അപ്പോള്‍ തന്നെ കയ്യോടെ കിട്ടി അച്ഛന്‍റെ വക തലയ്ക്കു കൊട്ട് "ക്ടിംഗ്"
അയാള്‍ അവിടെ ഡോര്‍ തുറക്കാന്‍ നിന്ന ആളാണ് പോലും, രാജാവല്ല, പക്ഷെ കണ്ടാല്‍ തോന്നണ്ടേ, രവി തലയും തടവി പിറ് പിറുത്തു കൊണ്ട് അകത്തു പോയി,ഏതോ പണിയില്ലാത്ത രാജാവിനെ പിടിച്ചു നിറുത്തിയതായിരിക്കും ,അകത്തു കയറിയപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി,എന്തൊരു തണുപ്പ്, ഇരുട്ടും നല്ല മണവും, ചെറിയ ശബ്ദത്തില്‍ പറ്റും കേള്‍ക്കാം, മാത്രമല്ല അകത്തു നിറയെ കുറെ രാജാക്കന്മാര്‍ പാത്രവും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു,ഒരു മേശ ഇരുട്ടത് തപ്പി പിടിച്ചു രവി ഇരുന്നു, അപ്പോള്‍ അതാ ഒരു രാജാവ്‌ വന്നു രവിയോട് പറയുന്നു "സോറി ദിസ്‌ സീറ്റ് ഈസ്‌ റിസര്‍വുഡ് , രവി തല കുലുക്കി ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു, കാരണം ഒന്നും മനസിലായില്ല, അരണ്ട വെളിച്ചത്തില്‍ നോക്കിയപ്പോള്‍ അതാ അച്ഛന്‍ ഇരുട്ടത്ത് രവിയുടെ തല ലക്ഷ്യമാക്കി വരുന്നു എന്തിനു ? തലക്കിട്ടു കൊട്ടാന്‍, അപ്പൊ എന്തോ കുഴപ്പം ഉണ്ട്, രവി ഇരുട്ടത്ത് ഓടി പോയി മറ്റുള്ളവര്‍ ഇരുന്ന മേശയുടെ അടുത്ത് പോയി , കൊട്ടാന്‍ ഉള്ള അവസരം നഷ്ട്ടമായ ദേഷ്യത്തില്‍ അച്ഛന്‍ രവിയെ തുറിച്ചു നോക്കി തിരികെ വന്നിരുന്നു, കുറെ നേരം ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ ആഹാരം വന്നു, ആദ്യം വന്നത് സൂപ്പ് ആണ്, എല്ലാരും ചെറിയ ഒരു കുപ്പി എടുത്തു അതില്‍ ഇട്ടു കുടയുന്നു, രവി അമ്മയെ നോക്കി ,അപ്പോള്‍ അമ്മ പറഞ്ഞു അത് ഉപ്പും കുരുമുളകും ആണ്, ആവശ്യമുണ്ടെങ്കില്‍ ഇട്ടോളാന്‍ ,അത് കൊള്ളാം ആവശ്യമുണ്ടോന്നു,രവി അത് എടുത്തു ഒറ്റ കുടയല്‍, ബ്ലും,അടപ്പ് തുറന്നു അകത്തുള്ള ഉപ്പു മുഴുവന്‍ അടപ്പോടെ സൂപ്പില്‍ വീണു, പതുക്കെ ചുറ്റും നോക്കിയപ്പോള്‍ ആരും കണ്ടില്ല,പതുക്കെ അടപ്പെടുത്ത് വെളിയില്‍ വെച്ചിട്ട് രവി ആ സൂപ്പ് ഒന്ന്‍ കുടിച്ചു നോക്കി, "ബ്വ " അറിയാതെ ശര്‍ദ്ദിക്കാന്‍ വന്നു, ഉപ്പു മയം, അച്ഛന്‍ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ രവി ഒരു സ്പൂണ്‍ കുടിക്കുന്ന പോലെ കാണിച്ചു പതുക്കെ സൂപ്പ് മാറ്റി വെച്ചു, രവി ഒന്നും കഴിക്കത്തില്ല അല്ലേ ? രാജന്‍ മാമന്‍ ചോദിച്ചു, സൂപ്പ് പോയ വിഷമത്തില്‍ അണ്ടി കളഞ്ഞ ആനന്ദക്കുട്ടനെ പോലെ ഇരുന്ന രവി വെറുതെ തലയാട്ടി , അനിയത്തിക്ക് അമ്മ സ്പൂണില്‍ എടുത്തു കൊടുക്കുന്നു,രവി ദേഷ്യത്തില്‍ അടുത്തിരുന്ന പ്ലേറ്റിലെ ഒരു സാധനം എടുത്തു കടിച്ചു, പക്ഷെ അത് മുറിയുന്നില്ല ടേയ്സ്റ്റ് ആണെങ്കില്‍ ഒട്ടും ഇല്ല, "ക്ടിംഗ്", തലയ്ക്കു കൊട്ട്, കാരണം അത് കഴിക്കാന്‍ ഉള്ള സാധനം അല്ല . നാപ്കിന്‍ എന്ന ഏതോ പണ്ടാരമാണ്, കഴിക്കുമ്പോള്‍ മടിയില്‍ ഇടാനും ചുണ്ട് തുടക്കാനും ഉള്ള തുണി, നാണം കെടുത്തും ,അച്ഛന്‍ പറഞ്ഞു,ഇതെന്തൊരു ഹോട്ടല്‍, രവി ചുണ്ടും കൂര്‍പ്പിച്ചു ഇരുന്നു, ആസാദ്‌ ആയിരുന്നെങ്കില്‍ ഒരു ബിരിയാണിയും തിന്നു എപ്പോഴേ വീട്ടില്‍ പോകാമായിരുന്നു, സ്വല്പം കഴിഞ്ഞു രാജാവ്‌ വന്നു എല്ലാ സൂപ്പ് പാത്രങ്ങളും എടുത്തു കൊണ്ട് പോയി, പകരം നല്ല കുറെ പാത്രങ്ങള്‍ വന്നു, എന്തെല്ലാമോ കുറെ സാധനങ്ങളും, അല്പം കഴിഞ്ഞു ഒരു രാജാവ്‌ അടുത്ത് വന്നു ചോദിച്ചു, എക്സ്ക്യൂസ് മീ നൂഡില്‍സ്? രവി ചിരിച്ചു കൊണ്ട് തലയാട്ടി, അതാ കുറെ പുഴുക്കളെ പ്ലേറ്റില്‍ ഇടുന്നു,യൂ ലൈക്‌ ഗാര്‍ലിക്ക് ചിക്കന്‍? അടുത്ത രാജാവ്‌, ഈ പണ്ടാരക്കാലന്മാര്‍ക്ക് വിളമ്പിയാല്‍ പോരെ. ഇങ്ങനെ ഇംഗ്ലീഷ് പറഞ്ഞു ആള്‍ക്കാരെ പേടിപ്പിക്കണോ, ഒന്നും പറയാത്ത കാരണം അയാള്‍ തോന്നിയതൊക്കെ രവിയുടെ പ്ലേറ്റില്‍ ഇട്ടിട്ടു പോയി, രവി ആ വാശിയില്‍ കുറെ നൂഡില്‍സ് വാരി വാരിത്തിന്നു, അതാ അച്ഛന്‍ കണ്ണുരുട്ടുന്നു, രവിക്ക് ചിരി വന്നു, പടത്തിലെ ഏതോ ദൈവത്തിനെ പോലെ അച്ഛന്‍ ഒരു കയ്യില്‍ മുള്ളും മറുകയ്യില്‍ സ്പൂണുമായി ഇരിക്കുന്നു, ഭാഗ്യം കൈ ഒഴിവില്ല അല്ലെങ്കില്‍ ഇപ്പൊ കൊട്ടിയേനെ, രവി ഈ സാധനങ്ങള്‍ വെച്ച് കഴിക്കാത്തത് കൊണ്ടാണ് അച്ഛന്‍ തുറിച്ചു നോക്കുന്നത്, എന്നാല്‍ പിന്നെ പരീക്ഷിച്ചു കളയാം, രവി പതുക്കെ ഒരു കൈ കൊണ്ട് ഒരു മുള്ള് എടുത്തു ,ഒരു ചിക്കന്‍ കഷണത്തില്‍ അമര്ത്തി കുത്തി, ആ കഷണം പ്ലുക്ക് എന്ന ശബ്ദത്തില്‍ തെറിച്ചു എങ്ങോട്ടോ പോയി,മുള്ള് പാത്രത്തില്‍ കൊണ്ട് ഒരു ഭീകര ശബ്ദവും,എല്ലാരും രവിയെ നോക്കി,രവി ഒന്നുമറിയാത്ത പോലെ ആ തെറിച്ചു പോയ കഷണം എങ്ങോട്ട് പോയി എന്ന് മേശയുടെ അടിയിലേക്ക് നോക്കി ഇരുന്നു, അങ്ങനെ വല്ല വിധവും അതും കഴിഞ്ഞു കിട്ടി,അതാ വീണ്ടും വരുന്നു രാജാവ്‌, യൂ വാണ്ട് എനി ഡെസെര്‍ട്ട് ? ഹി ഹി ഹി രവി ഉറക്കെ ചിരിച്ചു, ഡാ ഐസ് ക്രീം വേണോ എന്നാണ് ചോദിച്ചത് അമ്മ പറഞ്ഞു ,ഓഹോ എന്നാല്‍ പിന്നെ ഐസ് ക്രീം എന്ന് പറഞ്ഞാല്‍ പോരെ,ജോയ് കപ്പ്‌ ഐസ് ക്രീം, വെള്ള, രവി പറഞ്ഞു, ആകെ അതെ അറിയാവു,വാട്ട്‌? രാജാവ്‌ ,കാരമല്‍ കസ്റ്റര്‍ട് ,ലെമണ്‍ സൂഫ്ലെ ,സ്വിസ് റോള്‍, ദൈവമേ ഇതൊക്കെ ആരുടെയെങ്കിലും പേരാണോ? രവി കണ്ണ് തള്ളി, അപ്പോള്‍ രാജന്‍ മാമന്‍ പറഞ്ഞു എല്ലാവര്ക്കും കാരമല്‍ കസ്റ്റര്‍ട് കൊണ്ട് വരാന്‍, ഓ അപ്പൊ അതെല്ലാം കഴിക്കാന്‍ ഉള്ള സാധനങ്ങള്‍ തന്നെ ആണല്ലേ? ദൈവമേ, അല്പം കഴിഞ്ഞപ്പോള്‍ അതാ രാജാവ്‌ വരുന്നു കയ്യില്‍ കുറെ പാത്രങ്ങള്‍ , ഒരെണ്ണം രവിയുടെയും മുന്നില്‍ വെച്ചു,ഒരു നിറവുമില്ല , മണവുമില്ല ,ഒരു കാരമല്‍ കസ്റ്റര്‍ട് ,ഇതിലും ഭേദം ജോയ് കപ്പ്‌ ഐസ് ക്രീം ആയിരുന്നു, രവി ദേഷ്യത്തില്‍ അതെടുത്തു ഒറ്റ കുടി, വെറും ചൂട് വെള്ളം, ഒരു നാരങ്ങ കഷണവും, "ക്ടിന്‍ " തലയ്ക്കു കൊട്ട്, അത് ഫിംഗര്‍ ബൌള്‍ ആണ് പോലും , എന്ന് വെച്ചാല്‍?നിനക്ക് കൈ കഴുകാന്‍ തന്നതാണെന്ന്,അയ്യേ ,അതാ എല്ലാരും കൈ അതില്‍ മുക്കി കഴുകുന്നു, അനിയത്തി പോലും, ഇവള്‍ ഇത് എങ്ങനെ മനസ്സിലാക്കി, ആരും കണ്ടില്ലല്ലോ, ചുറ്റും നോക്കിയപ്പോള്‍ അതാ ഒരു രാജാവ്‌ എല്ലാം കണ്ടിട്ട് അമര്‍ത്തി ചിരിക്കുന്നു, ദുഷ്ട്ടന്‍ .
അങ്ങനെ ഒടുവില്‍ കാരമല്‍ കസ്റ്റര്‍ട് വന്നു, അത് കഴിക്കാന്‍ ഉള്ള സാധനം തന്നെ ആണെന്ന് എല്ലാരോടും ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം ആണ് രവി അത് കഴിച്ചത്, ഒടുവില്‍ എല്ലാം കഴിച്ചു വെളിയില്‍ ഇറങ്ങിയപ്പോള്‍ എന്‍റെ അമ്മോ, എന്തൊരു ചൂട്, അപ്പൊ പുറത്തെ തണുപ്പെല്ലാം വലിച്ചെടുത്തു അകത്തു വിടുന്നത് കൊണ്ടാണ് അകത്തു ആ തണുപ്പും പുറത്തു ഈ ചൂടും, കൊള്ളാം ഈ ഹോട്ടലുകാര്‍ ,രാത്രി വൈകി വീട്ടില്‍ എത്തി മുകളിലെ കിടപ്പ് മുറി കണ്ടപ്പോള്‍ ഞങ്ങള്‍ തന്നെ കണ്ണ് തള്ളി, വാസന്തി ചേച്ചി അത് വിരിച്ചു മനോഹരമാക്കിയിരിക്കുന്നു, സാലി ചേച്ചി പറഞ്ഞു, ഇവള് ആളു കൊള്ളാവല്ലോ, എന്നതാ നിന്‍റെ പേര്, അമ്മ പറഞ്ഞു അവള്‍ടെ പേര് വാസന്തി , നീ താഴെ പൊക്കോ , അമ്മക്ക് ജോലിക്കാരികള്‍ ആരുമായും ഇടപഴകുന്നത് അത്ര ഇഷ്ടമല്ല , പിറ്റേന്ന് കാലത്ത് ആഹാരം കഴിഞ്ഞപ്പോള്‍ രാജന്‍ മാമന്‍ പറഞ്ഞു ചേച്ചിയെ സാറെ ഞങ്ങള്‍ ഇപ്പൊ പോകുവാന്നെ, ഇച്ചരെ പണിയുണ്ട് സെക്രട്ടറിയെറ്റില്‍ ,അത് കഴിഞ്ഞാല്‍ അങ്ങ് പോകും, അതിനിടക്ക് സാലി ചേച്ചി അനിയത്തിയുടെ ചെവിയില്‍ ഒരു കമ്മല്‍ ഇട്ടു കൊടുക്കുന്നത് കണ്ടു, അത്ചേ കഴിഞ്ഞു സാലി ചേച്ചി പറഞ്ഞു, ചേച്ചിയെ സൂക്ഷിച്ചോണേ ,ഗള്‍ഫില്‍ നിന്ന് അച്ചായന്‍ കൊണ്ട് വന്നതാ,അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി, കമ്മല്‍ കുലുക്കാന്‍ വേണ്ടി ആയിരിക്കും അനിയത്തിയും തലയാട്ടി ,വാസന്തി ചേച്ചിയും ചിരിച്ചു കൊണ്ട് നിപ്പുണ്ട്, നോക്കിയപ്പോള്‍ അതാ സാലി ചേച്ചി ഒരു നോട്ട് ചുരുട്ടി വാസന്തി ചേച്ചിയുടെ കയ്യില്‍ വെച്ച് കൊടുക്കുന്നു, അമ്മ അത് കണ്ടു, അവരെല്ലാം യാത്ര പറഞ്ഞു പോയ ഉടനെ അമ്മ ഓടി തിരികെ വന്നു, എന്താണ് സാലി തന്നത്, അപ്പോള്‍ വസന്ത ചേച്ചി കാണിച്ചു, ചേച്ചീ ഒരു നൂറു രൂപ നോട്ടാണ്, നല്ല സാലി ചേച്ചി അല്ലെ ചേച്ചീ . വസന്ത ചേച്ചിയുടെ ശമ്പളം നൂറു രൂപ ആണ് എന്നോര്‍ക്കണം, ,ഇത് ശെരിയാവില്ല,അത് ഇങ്ങു താ, അമ്മ കൈ നീട്ടി, എനിക്ക് തന്നതാ ചേച്ചി, അതൊക്കെ ശെരി, പക്ഷെ ആ പരിപാടി ഇവിടെ പറ്റില്ല, അമ്മ പറഞ്ഞു, വാസന്തി ചേച്ചി മനസ്സില്ലാ മനസ്സോടെ ഒടുവില്‍ അത് അമ്മേടെ കയ്യില്‍ കൊടുത്തു, അമ്മ ഉടനെ തിരികെ ഒരു പത്തു രൂപ കൊടുത്തു, ഇന്നാ വെച്ചോ, മറ്റേതു ഞാന്‍ സാലിക്ക് തിരികെ കൊടുക്കും, എനിക്ക് വേണ്ട ചേച്ചീടെ പത്തു കൂവാ ,വാസന്തി ചേച്ചി മുഖം വലിച്ചു കെട്ടി കണ്ണീരും ഒലിപ്പിച്ചു അകത്തേക്ക് ഒറ്റ പോക്ക് ,അച്ഛന്‍ വന്നു പറഞ്ഞു, നീ അതങ്ങ് കൊടുത്തേക്കു,അവര് അവള്ക്കു കൊടുത്തതല്ലേ, അങ്ങനെ ഇപ്പം വേണ്ട, അത് ശെരിയാകില്ല ,ഇങ്ങനെ ശീലമായാല്‍ അവള്‍ എല്ലാവരോടും ഇത് പ്രതീക്ഷിക്കും,എന്തോ ചെയ്യ് എന്ന് പറഞ്ഞു അച്ഛന്‍ ദേഷ്യത്തില്‍ അകത്തു പോയി,പിറ്റേന്ന് രാവിലെ ആയപ്പോള്‍ ആണ് അറിയുന്നത് വാസന്തി ചേച്ചിയെ കാണുന്നില്ല, അതി രാവിലെ പെട്ടിയും കിടക്കയും എല്ലാം എടുത്തു സ്ഥലം വിട്ടിരിക്കുന്നു,പോകുന്നെങ്കില്‍ പോട്ടെ, അങ്ങനെ കൊള്ളില്ലല്ലോ അമ്മ പറഞ്ഞു, അച്ഛന്‍ പറഞ്ഞു ഇനി ജോലിക്കാരി ഇല്ല എന്ന് വല്ലതും പരാതി പറഞ്ഞാല്‍ ഉണ്ടല്ലോ, അതിനിടക്ക് അനിയത്തി കയറി വന്നു, അപ്പോള്‍ ആണ് എല്ലാരും കാണുന്നത് ,അവള്‍ടെ കാതില്‍ പുതിയ കമ്മല്‍ ഇല്ല, അത് വാസന്തി ചേച്ചി അഴിച്ചു വാങ്ങി എന്ന് അനിയത്തി പറഞ്ഞു, അപ്പൊ അതും കൊണ്ടാണ് വാസന്തി ചേച്ചി പോയത്, കണക്കായിപ്പോയി അച്ഛന്‍ കൂട്ടിച്ചേര്‍ത്തു ,,ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ, ഇപ്പോള്‍ മനസിലായല്ലോ അവള്‍ടെ യഥാര്‍ത്ഥ സ്വഭാവം, പോയത് നന്നായി , ഒരു ഉണക്ക കമ്മല്‍ അല്ലെ കൊണ്ട് പോയുള്ളൂ ,ഞാന്‍ സഹിച്ചു. അമ്മ തലയും വെട്ടി തിരിച്ചു അകത്തു പോയി,അല്‍പ്പം കഴിഞ്ഞു ഒരു ഫോണ്‍ വന്നു, നോക്കിയപ്പോള്‍ സാലി ചേച്ചി ആണ്, ഫോണ്‍ സംസാരം കഴിഞ്ഞു അമ്മ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു ,എന്ത് പറ്റി അച്ഛന്‍ ചോദിച്ചു, അമ്മ ഒന്നും മിണ്ടുന്നില്ല ,കാര്യം പറ അച്ഛന് ദേഷ്യം വന്നു, സാലി ചേച്ചി പറഞ്ഞത് ഇതായിരുന്നു ,ചേച്ചിയെ ആ കമ്മല്‍ ഉണ്ടല്ലോ , മിനിക്ക് ഞാന്‍ കൊടുത്ത കമ്മല്‍ ,അത് ആയിരം രൂപേടെ കമ്മലാ, അത് അപ്പൊ പറഞ്ഞാല്‍ ചേച്ചി അത് വാങ്ങത്തില്ല ,അതോണ്ടാ പറയാഞ്ഞേ ,സൂക്ഷിച്ചോണേ . സാലി ചേച്ചിയോട് എന്ത് മറുപടി പറയാന്‍ , നൂറു രൂപ അവര് ടിപ് കൊടുത്തത് അമ്മ തിരികെ വാങ്ങി എന്നോ? അത്തി രികെ വാങ്ങിയ ദേഷ്യത്തില്‍ വാസന്തി ചേച്ചി കമ്മല്‍ അടിച്ചോണ്ട് പോയി എന്നോ , എടീ നിനക്ക് ഇത് ആവശ്യമായിരുന്നു, അച്ഛന്‍ ദേഷ്യം സഹിക്കാന്‍ പറ്റാതെ ശവത്തില്‍ കുത്തി, അമ്മ ആയതു നന്നായി, രവി ആയിരുന്നു ഇത് ചെയ്തെങ്കില്‍ എപ്പോ തലക്കിട്ട് കൊട്ടി എന്ന് ചോദിച്ചാല്‍ മതി, രവി അറിയാതെ തല തടവി, സ്വല്പ നേരം കഴിഞ്ഞു ,അച്ഛാ അച്ഛാ, അമ്മ പതുക്കെ വിളിക്കുന്നു, എന്ത് വേണം? അച്ഛന്റെ ദേഷ്യത്തില്‍ ഉള്ള മറുപടി, അച്ഛന്‍ പോയി അവള്‍ടെ വീട് തപ്പിപ്പിടിച്ചു ഒന്ന് പറ അച്ഛാ, നൂറു രൂപ തിരികെ തരാം, ആ കമ്മല്‍ തിരികെ തരാന്‍, "ഭാ" പൊക്കോണം അവിടുന്ന്, അച്ഛന്‍ ഒറ്റ ചാട്ടം ,അത് കേട്ട രവിയും അമ്മയും കമ്മല്‍ ഇടാത്ത അനിയത്തിയും എല്ലാം തെറിച്ചു വീടിനു വെളിയില്‍ പോയി, അങ്ങനെ അന്ന് അമ്മ ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങി. മാസങ്ങള്‍ക്ക് ശേഷമുള്ള അടുത്ത വരവില്‍ സാലി ചേച്ചി കമ്മല്‍ മറന്നു പോയി എന്ന് തോന്നുന്നു, കാരണം ഒന്നും ചോദിച്ചില്ല, പക്ഷെ അമ്മ അവര് തിരികെ പോയിട്ടാണ് ശ്വാസം നെരെ വിട്ടത്,
വാല്‍ക്കഷണം -അന്ന് രാത്രി ഹോട്ടലില്‍ പോയപ്പോള്‍ രവി പോയില്ല, തിരികെ വരുന്ന വഴി ആസാദ്‌ ഹോട്ടലില്‍ നിന്ന് അച്ഛന്‍ വാങ്ങിയ ബിരിയാണി കഴിച്ചു രവി സംതൃപ്തനായി.

ഒരു വെടി പറ്റിച്ച പണി

രണ്ടു വയസ്സുള്ളപ്പോള്‍ ആണെന്ന് തോന്നുന്നു, അമ്മയുടെ തോളിലിരുന്നു കാഴ്ചകള്‍ ആസ്വദിച്ചു രവിക്കുട്ടന്‍ എങ്ങോട്ടോ പോവുകയായിരുന്നു,ചെട്ടികുളങ്ങര അമ്പലം എത്തിയതും ആകാശം ഇടിഞ്ഞു വീണ പോലെ ഒരൊച്ച "ടമാര്‍ ". രവിക്കുട്ടന്‍ ഞെട്ടിത്തരിച് പോയി,കാതില്‍ കൂ എന്നൊരു ശബ്ദം മാത്രം, പേടിച്ചു നിക്കറില്‍ കൂടി മൂത്രം ഒഴിച്ചോ എന്ന് പോലും സംശയം ഉണ്ട്,പിന്നെ ഒന്നും ആലോചിച്ചില്ല, വാ തുറന്നു ഒരൊറ്റ അലറിക്കരച്ചില്‍ വെച്ച് കൊടുത്തു, അത് കേട്ട് അമ്മയുടെ ചെവി അടിച്ചു പോയിക്കാണും,അമ്മ പറഞ്ഞു പേടിക്കണ്ട മോനെ അത് അമ്പലത്തിലെ വെടി വഴിപാട് ആണെന്ന് ,ഒടുക്കത്തെ ഒരു വെടി വഴിപാട്, രവിക്കുട്ടന്‍ പോകുന്ന പോക്കില്‍ ഒന്ന്‍ തിരിഞ്ഞു നോക്കി, അവിടെ പുകയുടെ ഇടയില്‍ ഇതിനെല്ലാം കാരണക്കാരന്‍ ആയ ഒരു തടിയന്‍ അങ്ങനെ നില്‍ക്കുന്നു,ഒരു കയ്യില്‍ വെടി തീര്‍ന്ന ഒരു കുറ്റിയും മറു കയ്യില്‍ അറ്റം പുകയുന്ന ഒരു കയര്‍ തുണ്ടും ,സ്ലോ മോഷനില്‍ ആ വില്ലനും രവിക്കുട്ടനും കണ്ണില്‍ കണ്ണില്‍ നോക്കി കടന്നു പോയി ചില സിനിമയില്‍ കാണുന്ന പോലെ,അന്ന് മുതല്‍ എന്നും രവിക്കുട്ടന്‍റെ പേടി സ്വപ്നങ്ങളില്‍ ഒന്നായിരുന്നു വെടി കൃഷ്ണന്‍ എന്ന കാളകൃഷ്ണന്‍ ,ഇങ്ങനെ ഒരു ജന്മം, മുഴുവന്‍ സമയവും അവിടെ ഒരു മൂലയില്‍ ഇരുന്നു കുറ്റിയില്‍ പൊടി നിറച്ചു കൊണ്ടിരിക്കും,ആരെങ്കിലും വഴിപാടിനായി പൈസ കൊടുത്ത ഉടനെ വെടിമരുന്നും ചെങ്കല്‍ പൊടിയും ചേര്‍ത്ത് നിറച്ചു വെച്ചിരിക്കുന്ന ഒരു കുറ്റിയും എടുത്തു കൊണ്ട് കൃഷ്ണന്‍ അല്പം മാറി നില്‍ക്കും, പിന്നെ ആരെങ്കിലും അടുത്തുണ്ടോ എന്ന് പോലും നോക്കാതെ എപ്പോഴും അവിടെ കത്തി കിടക്കുന്ന ഒരു കയര്‍ തുണ്ടെടുത്തു ആ കുറ്റിയുടെ അറ്റം കത്തിക്കും, കൃഷ്ണന്‍റെ കയ്യില്‍ ഇരുന്നു തന്നെ അത് ടമാര്‍ എന്ന് പൊട്ടും,ആ സമയം റോഡില്‍ കൂടി പോകുന്നവരും അമ്പലത്തില്‍ നിന്ന് തോഴുന്നവരും ഈ വഴിപാട് കൊടുത്തവരും എല്ലാം ഞെട്ടി രണ്ടടി പൊങ്ങിയ ശേഷം പൂര്‍വ സ്ഥിതിയില്‍ ആകും,രവിക്കുട്ടന്‍ അല്പം ദൂരെ നിന്ന് ഉറപ്പു വരുത്തും കൃഷ്ണന്‍ അവിടെ ഇരിക്കുകയാണോ അതോ വെടി പൊട്ടിക്കാന്‍ പോവുകയാണോ എന്നൊക്കെ ,എന്നിട്ടേ ആ റോഡില്‍ കൂടി പോകു,എപ്പോഴെങ്കിലും വെടി വഴിപാടിന് അമ്മൂമ്മ പൈസ കൊടുത്താല്‍ അത് കൃഷ്ണന് കൊടുത്ത ശേഷം രവിക്കുട്ടന്‍ ഒറ്റ ഓട്ടം ആണ്, വീട്ടില്‍ എത്തിയെ നില്‍ക്കു,അപ്പോഴേക്കും അങ്ങ് ദൂരെ കേള്‍ക്കാം ടമാര്‍,ആയിടക്കു അമ്പലത്തില്‍ ഉണ്ടായിരുന്ന കേശവന്‍ പോറ്റിക്കും വെടി ഭയങ്കര പേടി ആയിരുന്നു,ഓരോ വെടിക്കും ഞെട്ടി ഞെട്ടി ആണ് അദ്ദേഹം ദീപാരാധന കഴിച്ചു കൊണ്ടിരുന്നത്, ആയിടക്ക് ഒരിക്കല്‍ വീട്ടില്‍ രവിക്കുട്ടന്‍റെ അച്ഛന്‍റെ ഒരു സുഹൃത്തും കുടുംബവും വിരുന്നു വന്നു, നല്ല സുന്ദരിയായ ഒരു കുട്ടിയും ഉണ്ടായിരുന്നു കൂട്ടത്തില്‍,അത് കണ്ട പാടെ രവിക്കുട്ടന്‍ ഒരു ചീപ്പും പൌഡര്‍ ടിന്നും എടുത്ത് കൊണ്ട് വസന്ത ചേച്ചിയുടെ കയ്യില്‍ കൊടുത്തു മേയ്ക്ക് അപ് ചെയ്യാന്‍ ,കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടാവും രവിക്കുട്ടന്‍റെ എണ്ണമയം ഉള്ള മുള്ളന്‍ മുടിയും ചീകി വെള്ള പൂശിയ പോലെ പൌഡറൂം ഇട്ടതു
എല്ലാരും ഇരുന്നു സംസാരിക്കുന്ന മുറിയില്‍ ആകെ ഉള്ള ഇരുപത്തെട്ടു പല്ലും കാണിച്ചു കൊണ്ട് രവിക്കുട്ടന്‍ ഹാജരായി, ആ കുട്ടി രവിക്കുട്ടന്‍റെ അതെ പ്രായം ആണത്രേ, പക്ഷെ ഒരടി പൊക്കം കൂടുതല്‍ വരും, നല്ല വെളുത്ത സുന്ദരി, കിന്നരി വെച്ച ഫ്രോക്കും,ഡാ രവീ കണ്ടു പഠിക്ക് ,രാധിക ക്ലാസ്സില്‍ ഫസ്റ്റ് ആണ് ,എല്ലാ വിഷയത്തിനും ഫുള്‍ മാര്‍ക്ക്, ഓഹോ വന്ന കയറുന്നതിനു മുന്‍പേ റാങ്കും മാര്‍ക്കും എല്ലാം പറഞ്ഞിരിക്കുന്നു, ഇവര്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ കഷ്ട്ടം,രവിക്കുട്ടന്‍ അവിടെ ഉള്ള ഒരു സോഫയില്‍ ഇളകി ഇരുന്ന നൂല് വലിച്ചു പുറത്തെടുത്തു കൊണ്ടിരുന്നു ,"ക്ടിന്‍ " അച്ഛന്‍റെ വക തലയില്‍ കൊട്ട്, ആ സോഫയില്‍ നിന്ന് കൈ എടുക്ക് ,ഹോ ആ പെണ്ണിന്‍റെ മുന്‍പില്‍ വെച്ച് നാണം കെടുത്തും,രവിയുടെ പഠിത്തം എങ്ങനെ ഉണ്ട്, ആ പെണ്ണിന്‍റെ അച്ഛന് അത് അറിയണം,പഠിത്തം അതൊഴിച്ചു എന്തിനും അവന്‍ റെഡി ആണ്, അച്ഛന്‍ മറുപടി പറഞ്ഞു, ക ക്ക ക്ക ക്ക എല്ലാരും ആര്‍ത്തു ചിരിച്ചു, ഭയങ്കര തമാശ തന്നെ,നീ രാധികയെ വിളിച്ചു പോയി എന്തെങ്കിലും കളിക്ക്, അങ്ങനെ സഹവാസം കൊണ്ടെങ്കിലും നല്ല ബുദ്ധി വരട്ടെ, അച്ഛന്‍ വീണ്ടും തമാശ, ക ക്ക ക്ക ക്ക കൂട്ടച്ചിരി ,രവിക്കുട്ടന്‍ പറഞ്ഞു ബാ, അത്രക്കായോ, ഞാന്‍ ആരാണെന്നു കാണിച്ചു തരാം, നേരെ പോയത് നമ്മുടെ കടിയന്‍ പട്ടിയുടെ അടുത്താണ്, ആ പെണ്ണിനു പട്ടിയെ പേടി ആണ്, ഹോ നന്നായി, രവിക്കുട്ടന്‍ പട്ടിയുടെ അടുത്ത് പോയി അതിന്‍റെ ചെവിയില്‍ പിടിച്ചു വലിച്ചു, താടിക്കു കുത്തി, വയറില്‍ ചവിട്ടി,വാലില്‍ പിടിച്ചു വളച്ചു,കാരണം ഭാഗ്യത്തിന് ഉച്ച ഊണും കഴിഞ്ഞു കടിയന്‍ നല്ല ഉറക്കം, ഇല്ലെങ്കില്‍ ഇപ്പൊ കാണാമായിരുന്നു, രവിക്കുട്ടന്‍റെ ചന്തിക്കിട്ട് കടിക്കുന്നത് ,ഉറങ്ങുന്ന കടിയന്റെ പുറത്തു ശൌര്യം കാണിച്ചിട്ടും ആ പെണ്ണ് പറഞ്ഞു ഹോ ഇയാള്‍ക്ക് എന്ത് ധൈര്യം, രവിക്കുട്ടന്‍ ഉടനെ ഊര്‍ജസ്വലനായി ,ഇതൊക്കെ എന്ത് എന്ന് പറഞ്ഞു രവിക്കുട്ടന്‍ കുട്ടിയേയും കൊണ്ട് അടുക്കളയുടെ പുറകു വശത്തേക്ക് പോയി, അവിടെ കിടപ്പുണ്ട് ഹീമാന്‍ എന്ന തടിയന്‍ പൂച്ച, ആ കുട്ടിക്ക് പൂച്ചയെയും പേടി ആണത്രേ, പുലിയെ കണ്ട പോലെ നില്‍ക്കുന്നു അതും നന്നായി, രവിക്കുട്ടന്‍ മര്യാദക്ക് കിടന്നുറങ്ങിയിരുന്ന ഹീമനെ നിസാരമായി വാലില്‍ തൂക്കി എടുത്തു,മുകളിലേക്ക് എറിഞ്ഞു പിടിച്ചു,രണ്ടു കയ്യിലും പിടിച്ചു വട്ടത്തില്‍ കറക്കി, താഴെ നിറുത്തിയ പാടെ ഒന്നും മനസ്സിലാകാത്ത ഹീമാന്‍ ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു, ഇനി കുറേക്കാലത്തേക്ക് ഈ വഴി വരും എന്ന് തോന്നുന്നില്ല, ഇനി ആരുടെ അടുത്ത് അഭ്യാസം കാണിക്കും എന്നോര്‍ത്ത് നിന്നപ്പോള്‍ ഒരു ഓന്ത് തെങ്ങില്‍ ഇരിക്കുന്നു, ഒരു കല്ലെടുത്ത്‌ രവിക്കുട്ടന്‍ ഉന്നം പിടിച്ചു, അപ്പോള്‍ രാധിക പറഞ്ഞു വേണ്ട ഏറിയണ്ട പാവം, ശെരി രാധിക പറഞ്ഞത് കൊണ്ട് ഞാന്‍ എറിയുന്നില്ല, അല്ലെങ്കില്‍ ഒരു കിലോ മീറ്റര്‍ ദൂരെ ഇരിക്കുന്ന ഓന്തിനെ ഒക്കെ ഞാന്‍ എറിഞ്ഞു താഴെ ഇടും രവിക്കുട്ടന്‍ പറഞ്ഞു, ഹി ഹി ഹി എന്നൊരു ചിരി കേട്ട് നോക്കിയപ്പോള്‍ വസന്ത ചേച്ചി നിന്ന് ചിരിക്കുന്നു, കഴിഞ്ഞ ദിവസം ഒരു ഓന്തിനെ കണ്ടു രവിക്കുട്ടന്‍ ഓടിയത് ഓര്‍ത്തു ചിരിച്ചതാവും,രവിക്കുട്ടന്‍ വസന്ത ചേച്ചിയെ കണ്ണ് കാണിച്ചു ഒന്നും പറയല്ലേ എന്ന് ,പക്ഷെ ആ പെണ്ണ് രവിക്കുട്ടന്‍റെ ആരാധികയായി മാറി എന്ന് അപ്പോള്‍ തന്നെ മനസിലായി , കാരണം അവള്‍ വസന്ത ചേച്ചിയോട് പറഞ്ഞു ചേച്ചീ എന്ത് ധൈര്യം ഈ കുട്ടിക്ക്, പട്ടിയെയും പൂച്ചയെയും ഓന്തിനെയും ഒന്നും ഒരു പേടിയുമില്ല ,രവിക്കുട്ടന്‍ അത് കേള്‍ക്കാത്ത പോലെ അടുത്ത് നിന്ന തെങ്ങില്‍ ഓടിക്കയറാന്‍ ശ്രമിച്ചു കൊണ്ട് നിന്നൂ ,പക്ഷെ അപ്പോഴേക്കും നിക്കറിന്‍റെ ബട്ടന്‍സ് പൊട്ടിപ്പോയ കാരണം ആ ശ്രമം നിറുത്തി, പതുക്കെ നിക്കര്‍ താഴെ വീഴാതെ പിടിച്ചു കൊണ്ട് രവിക്കുട്ടന്‍ അകത്തു പോയി, അല്‍പ നേരം കഴിഞ്ഞു പുതിയ നിക്കറും ഇട്ടു പുറത്തു വന്നു,അപ്പോഴേക്കും വൈകുന്നേരമായി, അമ്മൂമ്മ പറഞ്ഞു ഡാ മക്കളെ നീ രാധികയും കൊണ്ട് അമ്പലത്തില്‍ പോയിട്ട് വാ, രവിക്കുട്ടനു സന്തോഷമായി, കയ്യും കാലും മുഖവും കഴുകി രവിക്കുട്ടനും രാധികയും അമ്പലത്തിലേക്ക് പോയി, പോക്കുവെയില്‍ മുഖത്തടിച്ചപ്പോള്‍ രാധിക അതി സുന്ദരി ആയി രവിക്കുട്ടനു തോന്നി, രാധികയും അല്പം ആരാധനയോടെ രവിക്കുട്ടനെ നോക്കി,ഒരു വീരാരാധന, രാധികയുടെ കൈ പതുക്കെ കോര്‍ത്ത്‌ പിടിക്കണോ എന്ന് രവിക്കുട്ടന്‍ ആലോചിച്ചു, വേണ്ട ആരെങ്കിലും കണ്ടാലോ, അത് വേണ്ട, അങ്ങനെ ഇടയ്ക്കിടയ്ക്ക് അറിയാതെ ചേര്‍ന്നും പിന്നെ അകന്നും അവര്‍ അമ്പലത്തിലേക്ക് പോയി,എന്ത് രസം , പെട്ടെന്നാണ് രസം തകര്‍ത്തു കൊണ്ട് ആകാശം ഇടിഞ്ഞു വീണത്, ടമാര്‍, രവിക്കുട്ടന്‍ ഒരൊറ്റ ചാട്ടം,ഒരു നിമിഷം കഴിഞ്ഞാണ് ഓര്‍മ്മ തിരിച്ചു വന്നത്, അപ്പോള്‍ അല്ലെ മനസിലായത് രവിക്കുട്ടന്‍ വെടി പേടിച്ചു ചാടിക്കയറി ഇരിക്കുന്നത് രാധികയുടെ ഒക്കത്താണ്, രാധിക ദേഷ്യത്തോടെ രവിക്കുട്ടനെ അമ്മ കുഞ്ഞിനെ എന്ന പോലെ എടുത്തു കൊണ്ട് നില്‍ക്കുന്നു, ഈ ചെറുക്കന്‍റെ പേടി ഇത് വരെ മാറീല്ലേ? പേടിത്തൊണ്ടന്‍ എന്ന് പറഞ്ഞു കൊണ്ട് ഇതിനു കാരണക്കാരന്‍ വില്ലന്‍ കൃഷ്ണന്‍ ഒരു ചിരി, നാണക്കേടായി ,രവി പതുക്കെ ഊര്‍ന്നിറങ്ങി,എന്നിട്ട് പതിവ് പോലെ കാല്‍ വിരല്‍ കൊണ്ട് ചിത്രം വര തുടങ്ങി, രാധിക പുച്ഛത്തോടെ ഒരു നിമിഷം രവിക്കുട്ടനെ ഒന്ന് നോക്കി, എന്നിട്ട് വെട്ടിത്തിരിഞ്ഞ് ഒരു പോക്ക്,അല്‍പ്പ നേരം അവിടെ ചുറ്റിപ്പറ്റി നിന്ന് ചമ്മല്‍ മാറ്റിയശേഷം രവിക്കുട്ടനും പതുക്കെ വീട്ടില്‍ പോയി, അവിടെ എല്ലാരും ഇറങ്ങാന്‍ നില്‍ക്കുന്നു,യാത്ര പറഞ്ഞു കേറാന്‍ നേരം ആ ആന്റി പറഞ്ഞു രവിക്കുട്ടന്‍ ഭയങ്കര ധൈര്യ ശാലി ആണെന്ന് രാധിക പറഞ്ഞു ,മിടുക്കന്‍, ആണ്‍പിള്ളേര്‍ ആയാല്‍ അങ്ങനെ വേണം ,നോക്കിയപ്പോള്‍ ചിരി അടക്കി നില്‍ക്കുന്നു രാധിക, രവിക്കുട്ടന്‍ പതുക്കെ അമ്മയുടെ പുറകിലേക്ക് പോയി ഒളിച്ചു നിന്നൂ,അവര്‍ പോയ ശേഷം ഇരുട്ടായപ്പോള്‍ രവിക്കുട്ടന്‍ പതുക്കെ പുറത്തിറങ്ങി ഒരു വലിയ കല്ലെടുത്ത്‌ കൃഷ്ണന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ഏറു വെച്ച് കൊടുത്തു, പടുക്കോ എന്നൊരു ശബ്ദം കേട്ടൂ ,ആരെടാ അത് എന്ന കൃഷ്ണന്‍റെ അലര്‍ച്ചയും, ഞാനാടാ പട്ടീ എന്ന് ഉള്ളില്‍ പറഞ്ഞു കൊണ്ട് രവിക്കുട്ടന്‍ ഓടി വീട്ടില്‍ കയറി,എന്നാലും ആ ആന്റി തന്നെ കളിയാക്കിയതാണോ അതോ ശെരിക്കും പറഞ്ഞതാണോ? അതായിരുന്നു രവിക്കുട്ടന്‍റെ അന്നത്തെ ചിന്താ വിഷയം