2012, ഫെബ്രുവരി 18, ശനിയാഴ്‌ച

ഒരു മുറിവിന്റെ ഓര്മക്ക്

       ന്യായമായും ഒരു ബാല്യകാല സ്മരണ തുടങ്ങേണ്ടത് ഒരു നാട്ടു മാവില്‍ നിന്നായിരിക്കണമല്ലോ.അതാണ് നാട്ടു നടപ്പ്. അത് കൊണ്ട് തന്നെ എന്‍റെ ആദ്യ കഥ നടക്കുന്നതും  ഒരു വലിയ മാവിനെയും മാങ്ങയെയുമൊക്കെ ചുറ്റിപ്പറ്റി തന്നെയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, എന്റെ വീടിനു മുന്നില്‍ വളരെ വലിയ ഒരു മാവ് നിന്നിരുന്നു.അതില്‍ നിന്ന് കിട്ടുന്ന രുചിയുള്ള മാങ്ങാ പോലൊന്ന് ഞാന്‍ പിന്നീട് എന്റെ ജീവിതത്തില്‍ കഴിച്ചിട്ടില്ല.സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഞാനും അനിയത്തിയും അതിന്റെ മൂട്ടില്‍ പോയി മുകളിലേക്ക് നോക്കിയിരിക്കും, മാങ്ങ തിന്നാന്‍ വരുന്ന പല തരം   കിളികളും  അണ്ണാന്‍ മാരും എല്ലാം ചേര്‍ന്ന് ഒരു റഷ്യന്‍ നാടോടി കഥയിലെ അത്ഭുത ലോകമാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചിരുന്നത് .

                   എന്ത് കൊണ്ടെന്നറിയില്ല മുറ്റത്തെ മാങ്ങക്കു മധുരമില്ല എന്ന ചൊല്ല് സൃഷ്ടിച്ചു കൊണ്ട് അമ്മയും അമ്മൂമ്മയും മാത്രം എപ്പോഴും ആ പാവം മാവിന്റെ കുറ്റങ്ങള്‍ മാത്രം അച്ഛനോട് അക്കമിട്ടു നിരത്തുക പതിവായിരുന്നു. മാവിന്റെ ഇല മുറ്റം മുഴുവന്‍ ചവര്‍ ഉണ്ടാക്കുന്നു,മാങ്ങാ തിന്ന ശേഷം അണ്ണാനും കിളിയുമൊക്കെ മാങ്ങയണ്ടി യാതൊരു ഉത്തരവാദിത്വവുമില്ലാതെ മുറ്റത്ത്‌ തന്നെ ഉപേക്ഷിക്കുന്നു ,സ്കൂള്‍ കുട്ടികള്‍ മാങ്ങക്കായി കല്ലെറിഞ്ഞു ഓടു പൊട്ടിക്കുന്നു എന്നിങ്ങനെ ആ പട്ടിക നീളും. പലതും സത്യം തന്നെ ആയിരുന്നു. അങ്ങനെ ആ മാവിലെ മാങ്ങാ ഉടമകളായ ഞങ്ങള്‍  മാത്രം തിന്നു തീര്‍ക്കാനുള്ളതല്ല എന്ന  സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരായ കുട്ടികള്‍ ഏതാണ്ടെല്ലാ പേരും ,ആ മാവിനിട്ടു കല്ലെറിയുക എന്നത് ദിനചര്യയുടെ ഭാഗമാക്കിയിരുന്നു, അന്ന് വൈകിട്ട് വരെ കൂടെ ഇരുന്നു പഠിച്ച കുട്ടികള്‍ പോലും വൈകിട്ട് മാവിനടുത്തു  നില്‍ക്കുമ്പോള്‍  ഏതോ ബൂര്‍ഷ്വാ മുതലാളി എന്ന  പോലെ എന്നെ തുറിച്ചു നോക്കിയിരുന്നത് ഇപ്പോഴും ഓര്‍മയിലുണ്ട് . കൂട്ടത്തില്‍ കല്പനാ പ്രിയ ദര്‍ശിനി ,കവിതാ മനോരന്ജിനി എന്നിങ്ങനെ പറഞ്ഞാല്‍ തന്നെ  നാക്കുളുക്കി പോകുന്ന തരം  പേരുള്ള രണ്ടു തല തെറിച്ച കുട്ടികള്‍ ആയിരുന്നു കല്ലെറി ഗ്രൂപിന്റെ നേതാക്കള്‍.........

               അന്ന് ഏകദേശം എണ്പതു വയസുണ്ടായിരുന്ന എന്റെ അമ്മൂമ്മ ഒരു ഊന്നു വടിയുടെ സഹായത്തോടെ മുറ്റത്ത് വന്നു നിന്ന് അവരെക്കാളും ചെറിയ കുട്ടിയുടെ വാശിയോടെ വഴക്കുണ്ടാക്കുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു .പില്‍ക്കാലത്ത് ആ കുട്ടികള്‍ കല്പന ഉര്‍വശി എന്നീ പ്രശസ്ത നടികള്‍ ആയി മാറും എന്ന് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല അങ്ങിനെ ഒടുവില്‍ അമ്മയുടെ തലയിണ മന്ത്രത്തിന്റെ ശക്തിയില്‍ അച്ഛന്‍ ആ മാവു വെട്ടി നിരത്താന്‍ തന്നെ  തീരുമാനിച്ചു. അത് ഭാവിയില്‍ ഉണ്ടാക്കാനിരുന്ന നഷ്ടങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാത്തതിനാല്‍ എനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല ,മറിച്ച് ഒരു സന്തോഷം തോന്നുകയും ചെയ്തു,മാവ് വെട്ടാന്‍ വരുന്നവര്‍ ഉണ്ടാക്കുന്ന ബഹളം, തടി കൊണ്ട് പോകാന്‍ വരുന്ന കാള വണ്ടി എല്ലാം ആലോചിച്ചാണ് സന്തോഷം തോന്നിയത്

അങ്ങനെ ഒടുവില്‍ ഒരു ഞായരാഴ്ച അരങ്ങേറിയ മരം വെട്ടല്‍ മാമാങ്കതോട്   കൂടി ആ മാവും മാങ്ങയും എല്ലാം ഓര്‍മകളായി മാറി. മാവ് വെട്ടുന്നത് വേറെ എന്തിനോ ആണെന്ന് കേട്ടിട്ടുള്ള അമ്മൂമ്മ മാത്രം അന്നെ ദിവസം ഭയന്ന് പുറത്തു ഇറങ്ങിയതെ ഇല്ല മാവില്ലാതായി കുറേക്കാലം എവിടെ കല്ലെറിയണം എന്നറിയാതെ  സ്കൂള്‍ കുട്ടികള്‍ അവിടെല്ലാം ചുറ്റിപ്പറ്റി നടന്നു, വഴക്കിടാന്‍ ആളില്ലാതെ അമ്മൂമ്മയും.

              നഷ്ടപ്പെട്ട മാവിന്റെ വില എല്ലാരും അറിയുന്നത് അടുത്ത മാമ്പഴക്കാലതാണ് .കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നതിനെക്കാള്‍ നല്ല ചൊല്ല് മാവുള്ളപ്പോള്‍ മാങ്ങയുടെ വില അറിയില്ല എന്നുള്ളതാണ്. ഉപ്പിലിടാനുള്ള കണ്ണി മാങ്ങ പോലും വില കൊടുത്തു വാങ്ങേണ്ടി വന്നപ്പോള്‍ അമ്മയും  ,അന്യായ വില കൊടുത്തു ചാലയില്‍ നിന്നും പുളിയുള്ള മാങ്ങാ വാങ്ങിച്ചപ്പോള്‍ അച്ഛനും ,വെകെഷന് കയറി ഇരിക്കാന്‍ ഒരു മാവ് കിട്ടാത്തപ്പോള്‍ ഞാനും നഷ്ട്ടപ്പെട്ട ആ പാവം  മാവിന്റെ വില മനസിലാക്കി,ഏകദേശം ഒരു പത്തു വീടിനപ്പുറത്തുള്ള  റാം ഗോപാലിന്റെ വീട്ടിലാണ് പിന്നീട് മാവുണ്ടായിരുന്നത് ,മനസ് കൊണ്ട് അവനോടു അത്ര രസമില്ലായിരുനെന്കിലും ആ നീരസം കടിച്ചിറക്കി മിക്കവാറും ആ വെക്കേഷന്‍ കാലം മുഴുവന്‍ അവന്റെ മാവിന് മുകളില്‍ ആയിരുന്നു ഞാന്‍ കഴിച്ചു കൂട്ടിയത്. ഉയരമുള്ള കൊമ്പില്‍ കയറി മാങ്ങാ പറിക്കാന്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു , രാംഗോപാല്‍ ആയിരുന്നു ആ കാര്യത്തില്‍ വിദഗ്ധന്‍. എത്ര ഉയരത്തിലും പോയി അവന്‍ മാങ്ങാ പറിക്കുമായിരുന്നു അവന്‍ വേണ്ടെന്നു വെക്കുന്നതോ അണ്ണാന്‍  തിന്നു ബാക്കി വെക്കുന്നതോ ആയ മാങ്ങകള്‍ ആയിരുന്നു ഞങ്ങള്‍ തിന്നു കൊണ്ടിരുന്നത് .

ഒരു ദിവസം ഏറ്റവും മുകളിലെ  കൊമ്പില്‍ നിന്നിരുന്ന ഒരു മാങ്ങയെ ലക്ഷ്യമാക്കി രാംഗോപാല്‍ പോകുന്നത് കണ്ടു അസൂയയോടെ ഞാന്‍ ഇരുന്നു. ഒരു സെകണ്ട് കഴിയുന്നതിനു മുന്‍പ് ശരം വിട്ട പോലെ രാംഗോപാല്‍ തിരികെ ഇറങ്ങി വീട്ട്ടിലേക്ക് ഓടുന്നതും കണ്ടു, ആ മാങ്ങാ അത് പോലെ അവിടെ തന്നെ നില്‍ക്കുന്നു, എന്റെ ഉള്ളില്‍ ഒരി സീ ഐ ഡി മൂസ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.നെഞ്ചിലെ കുറെ  തൊലി മാവിന് സമ്മാനിച്ച്‌ ഞാനും ഊര്‍ന്നിറങ്ങി അവന്റെ പുറകെ പോയി, അകത്തു നിന്ന് ശബ്ദം ഒന്നും കേള്‍ക്കുന്നില്ല .ഞാന്‍ അള്ളിപ്പിടിച്ചു മതിലില്‍ കയറി ജന്നലിലൂടെ ഉള്ളിലേക്ക് നോക്കി, അവിടെ ഒരു മേശയില്‍ രാംഗോപാല്‍ ഒരു വികാരവുമില്ലാതെ ദേഹത്ത് ഒരു തുണ്ട് തുണി പോലുമില്ലാതെ നഗ്നനായി നില്‍ക്കുന്നു, അവന്റെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് മീര്‍ എന്നറിയപ്പെടുന്ന ഒരു തരം ചുവന്ന ഉറുമ്പുകളെ  അവന്റെ മര്‍മ പ്രധാനമായ സ്ഥലങ്ങളില്‍ നിന്നും അതീവ ശ്രദ്ധയോടെ എടുത്തു കളയുന്നു, ഉറുമ്പ്‌ കടിച്ച വേദനയില്‍ ആണ് അവന്‍ ആ പോക്ക് പോയത് എന്ന് എനിക്ക് അപ്പോഴാണ് മനസിലായത്, അല്പം കഴിഞ്ഞു രാംഗോപാല്‍ ഒന്നും സംഭവിക്കാത്തത് പോലെ ഒരു മൂളിപ്പാട്ടുമായി പുറത്തു വരുകയും മാവില്‍ കയറാന്‍ മൂഡില്ല എന്ന് പറഞ്ഞു മറ്റു കളികളില്‍ ഏര്‍പ്പെടുകയും ചെയ്തു. അകത്തെ കാഴ്ച അന്ന് ഞാന്‍ കണ്ടെന്നു ഇപ്പൊ ഇത് വയിക്കുമ്പോഴായിരിക്കും അവന്‍ അറിയുന്നത്.

                     മാവും മാങ്ങയും മാറ്റി വെച്ചാല്‍  അവധിക്കാലത്തെപ്പറ്റി മറ്റൊരു  മധുരിക്കുന്ന ഓര്മ എന്റെ ഇളയ അമ്മാവനും കുടുംബവും വരുന്നതിനെ ചുറ്റിപ്പറ്റിയാണ്,ഗേറ്റില്‍ മുട്ടുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുമ്പോള്‍ അമ്മാവന്റെ തല ഗേറ്റിനു മുകളിലൂടെയും  കുട്ടികളുടെ കാലുകള്‍ ഗേറ്റിനു താഴെക്കൂടെയും കാണുമ്പോള്‍  എന്റെ ഉള്ളില്‍ തോന്നിയിട്ടുള്ള ആ ത്രില്‍ അതിനു ശേഷം അപൂരവമായി മാത്രമാണ് അനുഭവപ്പെട്ടിട്ടുള്ളത് . റെയില്‍വെയില്‍ എന്ജിനീയര്‍ ആയിരുന്ന അമ്മാവന്‍ ജോലി സ്ഥലത്ത് നിന്ന് അമ്മായിയുടെ സ്ഥലമായ കുന്നത്തൂര്‍ പോയി അവിടെ നിന്ന് കാലഹരണപ്പെട്ട ഒരു സ്റ്റാന്‍ടെര്‍ട് ടെന്‍ കാര്‍ ഓടിച്ചയിരുന്നു വന്നിരുന്നത് .ആറടിക്കാരനായിരുന്ന അമ്മാവന്‍ ഒടിഞ്ഞു വളഞ്ഞു ഇംഗ്ലീഷ് അക്ഷരമായ എസ്സിനെ അനുസ്മരിപ്പിച്ചായിരുന്നു കാറില്‍ ഇരുന്നിരുന്നത്

                  പത്തു കിലോമീറ്റര്‍ സ്പീഡില്‍ പോകാന്‍ മാത്രം ശേഷിയുണ്ടായിരുന്ന ആ കാര്‍ ഏകദേശം നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചായിരുന്നു യാത്ര. അമ്മായി ഭയന്ന് നില വിളിച്ചും കുട്ടികള്‍ ആര്‍തുല്ലസിച്ചും ഉള്ള ആ യാത്രകള്‍ മിക്കവാറും ഏതെന്കിലും സൈക്കിള്‍ യാത്രക്കാരെ ഇടിച്ചു തെറി പ്പിച്ചായിരുന്നു അമ്മാവന്‍  അവസാനിപ്പിച്ചിരുന്നത് .അഥവാ ആരെങ്കിലും അന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടിട്ടുന്ടെന്കില്‍ അത് അവരുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു, കാരണം അവരെ രക്ഷപ്പെടുത്താനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അമ്മാവന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ. അതിനുള്ള സമയം കിട്ടുമായിരുന്നില്ല എന്നതാണ് സത്യം. എന്‍റെ ശെരിയാണെങ്കില്‍   ആ കാറില്‍ ശബ്ദം  പുറപ്പെടുവിക്കാത്ത ഏക  സാധനം ഹോണ്‍ മാത്രമായിരുന്നു.


                  ഞാനും ചിലപ്പോഴൊക്കെ അമ്മാവന്‍ ഓടിക്കുന്ന കാറില്‍ യാത്ര ചെയ്യാറുണ്ടായിരുന്നു. അച്ഛന്‍ മാത്രം ജീവനില്‍ കൊതിയുള്ളത് കൊണ്ടാവാം,പിന്നീട് ലക്ഷ്യ സ്ഥാനത്തെത്തിക്കോളാം എന്ന് പറഞ്ഞു രക്ഷപ്പെടാ റായിരുന്നു പതിവ്. അമ്മാവന്‍ ഒറ്റയ്ക്ക്  മുന്നിലും മറ്റു യാത്രക്കാര്‍  എല്ലാരും പിന്നിലും  എന്ന രീതിയില്‍ ഓടുന്ന കാറില്‍ നിന്നും ഇടയ്ക്കിടെ കൂട്ട നിലവിളി ഉയരുമായിരുന്നു. കാറിനുള്ളില്‍ വല്ല ഇഴ ജന്തുക്കളെ കാണുമ്പോഴോ ,വല്ല സൈക്കിള്‍ യാത്രക്കാര്‍ മുന്നില്‍ ചാടുംപോഴോ ആയിരിക്കും അത്. ഇഴജന്തുക്കളെ കാണുമ്പൊള്‍ അമ്മാവന്‍ നിലവിളിക്കാറില്ലായിരുന്നു   അമ്മാവന്‍ തന്നെ ആയിരിക്കും മിക്കവാറും അതിനെ പുറത്തേക്കു എറിയുന്നത് ,പക്ഷെ സൈക്കിള്‍ യാത്രക്കാര്‍ മുന്നില്‍ ചാടുമ്പോള്‍ ഉറക്കെ  നില വിളിക്കുന്നവരില്‍ അമ്മാവനും ഉണ്ടാവും .


        ക്ഷമിക്കണം ,കഥ അമ്മാവന്‍  ഓടിക്കുന്ന കാര്‍ പോലെ വഴി തെറ്റി പോകുന്നു, കഥയിലേക്ക്‌ തരിച്ചു വരാം. അമ്മാവനും കുടുംബവും വന്നു എന്ന സന്തോഷവും വെക്കേഷന്‍ കാലം എന്ന  സന്തോഷവും ഒത്തു ചേര്‍ന്ന് സ്വര്‍ഗ്ഗ തുല്യമായ നാളുകള്‍ സമ്മാനിച്ച ഒരു കാലത്താണ് കഥ നടക്കുന്നത് .അമ്മാവനും അമ്മായിയും കുട്ടികളും  തിരുവനന്തപുരത്തുള്ള അമ്മായിയുടെ ഒരു ബന്ധുവിനെ കാണാന്‍ പോകുന്നു എന്ന രഹസ്യ വിവരം കിട്ടിയ ഞാന്‍ അവരുടെ കൂടെ പോകണം എന്ന് പറഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങി, അമ്മാവനും അമ്മായിയും ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല എന്ന പീലാത്തോസിന്റെ വചനം പറയാതെ പറഞ്ഞു നിന്നു.ഒടുവില്‍ എന്റെ അതി ശക്തമായ സമ്മര്‍ദത്തിനു വഴങ്ങി അമ്മ എന്നെ പോകാന്‍ അനുവദിച്ചു.ഞാന്‍ കിട്ടിയ ഒരു വേഷവുമിട്ടു അവരെക്കാളും മുന്നേ ഓടി പ്പോയി കാറില്‍ കയറി.


     ലക്കും ലഗാനുമില്ലാതെ  ഓടിച്ചു വഴിയെ പോയ സൈക്കിള്‍ യാത്രക്കാര്‍ക്കെല്ലാം ഹാര്‍ട്ട് അറ്റാക്ക്‌ സമ്മാനിച്ച്‌ കൊണ്ട് അമ്മാവന്‍ നൂറ്റിപ്പത്  കിലോമീടര്‍ വേഗത്തില്‍ വണ്ടി ഓടിച്ചു അമ്മായിയുടെ ഒരു വലിയമ്മയുടെ  വീട്ടില്‍ ഞങ്ങളെ എത്തിച്ചു . ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ യാത്രക്കാരും വേഗത പോരായിരുന്നു എന്ന തിരിച്ചറിവില്‍ അമ്മാവനും കസേരകളില്‍ ഉപവിഷ്ടരായി.

      എന്നെ ആദ്യമായി കാണുന്ന ആ വീട്ടിലെ വല്യമ്മ എന്നെ യഥാവിധി പരിചയപ്പെട്ടു , എന്‍റെ ക്ലാസ്സ്‌, സ്കൂള്‍, പഠനനിലവാരം, എന്നിവ ചോദിച്ചറിഞ്ഞ ശേഷം ആ വല്യമ്മ അകത്തു പോയത് നിറയെ   മാമ്പഴക്കഷണങ്ങള്‍ നിറഞ്ഞ ഒരു പ്ലേറ്റുമായി  തിരികെ വരാനായിരുന്നു. പൊതുവേ മാങ്ങാക്കൊതിയനായ എന്‍റെ വായില്‍ ഒരു വിഴിഞ്ഞം ഹാര്‍ബര്‍ തന്നെ സൃഷ്ടിക്കപ്പെട്ടു. ചുവപ്പും മഞ്ഞയുമായ കഷണങ്ങള്‍ ആ പ്ലേറ്റില്‍ ഇരുന്നു എന്നെ നോക്കി വാ വാ എന്ന് വിളിക്കുന്നത്‌ പോലെ എനിക്ക് തോന്നി. പതുക്കെ ഞാന്‍ ഓരോ കഷണമായി  എടുത്തു കഴിക്കാന്‍ തുടങ്ങി. ചുറ്റും ഇരുന്നു സംസാരിക്കുന്നവരെയെല്ലാം മറന്നു ഞാന്‍ മാങ്ങാ കൈക്കലാക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.കല്‍ക്കണ്ടത്തിന്‍റെ മണവും,തേനിന്റെ മധുരവുമുള്ള കഷണങ്ങള്‍ എന്‍റെ നാവില്‍ അലിഞ്ഞു ചേര്‍ന്നു


പെട്ടെന്നാണ് കറണ്ട് പോയത്, ഇരുട്ടത്ത്‌ പ്ലേററ് തപ്പുന്നതിനിടയിലാണ് കാലില്‍ പൊടുന്നനെ ഒരു വേദന അനുഭവപ്പെട്ടത്, തേള്‍ കുത്തിയ പോലെ എന്ന് പറയാന്‍ പറ്റില്ല, കാരണം എന്നെ അതിനു മുന്‍പ് തേള്‍ കുത്തിയിട്ടില്ല, അതിശക്തമായ വേദന എന്ന് വേണമെങ്കില്‍ പറയാം, ഉറക്കെ നില വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് കാതില്‍ അമ്മാവന്റെ ശബ്ദം മുഴങ്ങിയത് ,മതിയക്കെഡാ കഴുതേ നിന്‍റെ മാങ്ങ തീറ്റി,ആഹാരം കാണാത്ത പോലെ ,മനുഷ്യരെ നാണം കെടുത്തും എന്നൊക്കെ അമ്മാവന്‍ അടക്കം പറഞ്ഞു, സത്യത്തില്‍ എനിക്ക് ആദ്യം ഒന്നും മനസിലായില്ല, പിന്നീടാണ്‌ മനസിലായത്, യാതൊരു നിയന്ത്രണവുമില്ലാതെ മാങ്ങാ കഴിച്ചതിനായിരുന്നു ആ നുള്ള് അമ്മാവന്‍ തന്നതെന്ന്, അതിഥികള്‍ തരുന്ന ആഹാരം ഒരു ചിരിയോടെ നിരസിക്കാനോ,ഔപചാരികതയോടെ ഒന്ന് രുചിച്ചു നോക്കാന്‍ മാത്രമോ ഉള്ളതാണെന്ന അറിവ്  എനിക്ക് അന്നെന്‍റെ പ്രായം സമ്മാനിചിരുന്നില്ല .

 അസഹനീയമായ വേദന കാലിലും മനസിലും പടര്‍ന്നു കയറവെ പെട്ടെന്ന് കറണ്ട് വന്നു,  ഞാന്‍ ആരും കാണാതെ എന്‍റെ കാലിലേക്ക് നോക്കി, അമ്മാവന്റെ നഖം ഉണ്ടാക്കിയ പാട് ചുവന്നു കിടക്കുന്നു, ചെറുതായി ചോര പൊടിക്കുന്നുമുണ്ട് ,എന്‍റെ കണ്ണില്‍ കണ്ണീര്‍ തളം കെട്ടി, അത് പുറത്തേക്കു ഒഴുകാതിരിക്കാന്‍ ഞാന്‍ കുറെ കഷ്ട്ടപ്പെടുകയും അതില്‍ വിജയിക്കുകയും ചെയ്തു ,കണ്ണുനീരില്‍ കൂടെ നോക്കിയപ്പോള്‍ ഒന്നും സംഭവിക്കാത്തത് പോലെ ഇരുന്നു സംസാരിക്കുന്ന അമ്മാവനും അമ്മായിയും വല്യമ്മയും കുട്ടികളും  എല്ലാം ഏതോ അന്യഗ്രിഹ ജീവികളെ പോലെ കാണപ്പെട്ടു ,എനിക്ക് അമ്മയെ ഉടനെ കാണണമെന്നും അവിടെ നിന്ന് ഇറങ്ങി ഓടണമെന്നും തോന്നി.മോനെ മാങ്ങാ എടുക്കുന്നില്ലേ എന്ന വല്യമ്മയുടെ ചോദ്യം ഇടയ്ക്കു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, മാങ്ങാ എടുക്കാന്‍ പോയിട്ട് ആ പ്ലേറ്റില്‍ ഒന്ന് നോക്കാന്‍ പോലും എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു ആയുസ്സിന്റെ ദൈര്‍ഖ്യം തോന്നിപ്പിച്ച പത്തു മിനിറ്റ് കൂടെ അവിടെ ഇരുന്ന ശേഷം ഞങ്ങള്‍ അവിടെ നിന്നിറങ്ങി,


കാറില്‍ കയറിയപ്പോള്‍ ഞാന്‍ ഭയന്ന പോലെ ഈ വിഷയം തന്നെ ആയിരുന്നു അമ്മാവനും അമ്മായിയും സംസാരിച്ചത്,എന്‍റെ ആര്‍ത്തി പിടിച്ചുള്ള മാങ്ങാ തീറ്റി മുതല്‍  മാനേര്‍സ് പഠിപ്പിക്കാത്ത അച്ഛനമ്മമാരെ വരെ ചീത്ത പറഞ്ഞു അമ്മാവന്‍ നിറുത്തിയപ്പോള്‍ ഞാന്‍ അമ്മായിക്കുണ്ടാക്കിയ   നാണക്കേടിനെകുറിച്ച് അമ്മായി സംസാരിച്ചു തുടങ്ങി, എന്തോ വലിയ തെറ്റാണു ഞാന്‍ ചെയ്തത് എന്ന തോന്നല്‍ എന്നില്‍ ശക്തമായി. ആദ്യമായും അവസാനമായും അമ്മാവന്റെ സ്പീഡ്‌ ഒരു അനുഗ്രഹമായി തോന്നിയത് അന്നായിരുന്നു, വീട്ടില്‍ എത്തിയ പാടെ ഉറക്കം വരുന്നു എന്ന് അമ്മയോട് കള്ളം പറഞ്ഞു  ഞാന്‍ എന്‍റെ കിടക്കയെ ശരണം പ്രാപിച്ചു, ഞാന്‍ ചെയ്ത ക്രൂര കൃത്യം അമ്മാവന്‍ അച്ഛനോടും അമ്മയോടും  പറഞ്ഞു കൊടുക്കുമോ എന്ന പേടിയില്‍ ആയിരുന്നു ഊണ് പോലും വേണ്ടെന്നു വെച്ചുള്ള എന്‍റെ കള്ള ഉറക്കം,പക്ഷെ ഭാഗ്യത്തിന് ആരും ഈ വിഷയം വീട്ടില്‍ അവതരിപ്പിച്ചില്ല,


ദിവസങ്ങള്‍ കടന്നു പോയി ആ വെക്കേഷന്‍ കാലവും അവസാനിച്ചു അമ്മാവനും കുടുംബവും മടങ്ങിപ്പോയി,പതുക്കെ പതുക്കെ ആ മുറിവിന്റെ വേദനയും അമ്മാവനോടുള്ള എന്‍റെ അകല്‍ച്ചയും പേടിയുമെല്ലാം മാഞ്ഞു പോയി ,പക്ഷെ പിന്നീട് വളരെ കാലത്തേക്ക് എനിക്ക് സ്വാതന്ത്ര്യത്തോടെ  ഒരു വീട്ടില്‍ നിന്നും ഒന്നും കഴിക്കാന്‍ പറ്റിയിരുന്നില്ല,എവിടെ നിന്നെങ്കിലും ഒരു കൈ എന്‍റെ നേര്‍ക്ക്‌ നീണ്ടു വരുമോ എന്ന പേടി എന്നില്‍ നിറഞ്ഞു നിന്നിരുന്നു,
അതിനു ശേഷം എത്രയോ മാമ്പഴക്കാലങ്ങള്‍ കടന്നു പോയി, ആ പഴയ മാങ്ങാക്കൊതിയനായ കൊച്ചു  കുട്ടിയും ഇന്ന് എത്രയോ മാറിയിരിക്കുന്നു ,പക്ഷെ ഇന്നും ഒരു മങ്ങാക്കഷണം കഴിക്കാന്‍ എടുക്കുമ്പോള്‍ എന്‍റെ കൈ അറിയാതെ ആ മുറിപ്പാട് തേടി പോകാറുണ്ട്, അവിടെ തൊലിപ്പുറത്ത് ഒരു ചെറിയ  പാട് പോലും അവശേഷിക്കുന്നില്ല ,പക്ഷെ അന്നെന്റെ മനസ്സില്‍ പതിഞ്ഞ  ആ പാട്  മാത്രം ഇന്നും അവശേഷിക്കുന്നുണ്ട് ..ചോര പൊടിക്കുന്ന ഒരു ചെറിയ ഓര്‍മയായി...എന്‍റെ നിഷ്ക്കളങ്കതക്കേററ ആദ്യത്തെ മുറിവായി


nb- ഈ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ എന്തോ സാങ്കേതിക തകരാര്‍ ഉണ്ടെന്നു തോന്നുന്നു. ദയവായി അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ  ഉണ്ടെങ്കില്‍ ദയവായി ajoyanimator@yahoo.com അല്ലെങ്കില്‍ urfriendajoy@gmail.com എന്നീ ഐ ഡി കളില്‍ മെയില്‍ ചെയ്യു

4 അഭിപ്രായങ്ങൾ:

  1. Ajoy,

    Some of the perennial truths distiiled into delicate imageries and noted with compassion and craft. Ajoy, I have read this once. Don't mind going thro the book a second or third time. What I like most is the absence of all airs of a so called writer in ur writing. The protagonist is you in all stories, yet I feel I am very much there...most of the readers find their childhood there. Pl don't ever loose this writing skill and ur humanity, in abundance all over the pages. VG.

    മറുപടിഇല്ലാതാക്കൂ
  2. ഇതുണ്ടല്ലോ, എന്‍റെ തന്നെ ഏതൊക്കെയോ ഓര്‍മകളിലേയ്ക്ക് എന്നെ കൊണ്ട് പോയി...ഏറെ ഏറെ നന്നായിട്ടുണ്ട്!!!

    മറുപടിഇല്ലാതാക്കൂ
  3. മാമ്പഴക്കാലം എനിക്ക് വായിക്കുന്ന ഒരു കഥ എന്നതില്‍ ഉപരി കഴിഞ്ഞു പോയ കാലത്തിന്റെ പുനരാവര്‍ത്തനം പോലെ തോന്നി... ഇതില്‍ എന്റെ തറവാടും മാവും, വീട്ടുകാരും കൂട്ടുകാരും എല്ലാം ഉണ്ട്... അത് അനുഭവം പോലെ തോന്നിപ്പിച്ചു തന്ന വാക്കുകള്‍ക്കു നന്ദി...

    മറുപടിഇല്ലാതാക്കൂ