2013, ജനുവരി 15, ചൊവ്വാഴ്ച

രവിക്കുട്ടനും ഭാഗവതരും

അപ്പൂപ്പന്‍ ഉള്ള കാലത്താണ് കഥ നടക്കുന്നത് ,അദ്ദേഹം ഉഗ്ര പ്രതാപിയായിരുന്നല്ലോ,ആരും നേരെ മുന്നില്‍ നേരെ പോയി നില്‍ക്കുക പോലുമില്ല, സമ്പര്‍ക്കം ഉന്നത കുല ജാതരുമായി മാത്രം,പിന്നെ എണ്ണം പറഞ്ഞ ചില സാഹിത്യകാരന്മാര്‍ ,പാട്ടുകാര്‍ എന്നിങ്ങനെ, ഇടയ്ക്കിടയ്ക്ക് അത്തരം കൂടലുകള്‍ക്ക് വീട് വേദിയാകും, സാഹിത്യ ചര്‍ച്ചകള്‍, കച്ചേരികള്‍, അപ്പോള്‍ പിന്നെ വേറെ ആര്‍ക്കും അങ്ങോട്ട്‌ പ്രവേശനമില്ല, കാപ്പിയോ ചായയോ, മറ്റു ആഹാരമോ ഒക്കെ വാതിലില്‍ കൊണ്ട് പോയി നിന്ന് വിളിച്ചു കൊടുക്കണം,അറിയാതെ വല്ലതും അമ്മൂമ്മയോ മറ്റോ കേറിയാല്‍ അപ്പൂപ്പന്‍ ഓടിക്കും,രവിക്കുട്ടന്‍ സ്കൂളില്‍ പോയി തുടങ്ങിയ സമയം,വൈകിട്ടായാല്‍ ഓടി അപ്പൂപ്പന്‍റെവീട്ടില്‍ വരും, അല്പം പടം വരയും പാട്ടു കേള്‍ക്കലും മൂളലും ഒക്കെ കയ്യില്‍ ഉള്ളത് കൊണ്ട് രവിക്കുട്ടനെ ആണ് അപ്പൂപ്പന് ഇഷ്ട്ടം,ഇവന്‍ എന്‍റെ കൊച്ചു മോന്‍ തന്നെ, എന്‍റെ പിന്‍ഗാമി എന്ന സ്റ്റൈല്‍, രവിക്കുട്ടനു വേണമെങ്കില്‍ ആ മുറിയില്‍ എപ്പോള്‍ വേണമെങ്കിലും കയറാം, അങ്ങനെ ഇരിക്കെ ഒരു അതി പ്രശസ്ത പാട്ടുകാരന്‍ വീട്ടില്‍ വന്നു,പേര് ഓര്‍മ്മയില്ല, സില്‍ക്ക് ജുബ്ബ,സില്‍ക്ക് മുണ്ട് , കഴുത്തില്‍ ചെയിന്‍,മുറുക്കി ചുവപ്പിച്ച ചുണ്ട്,നീട്ടി വളര്‍ത്തിയ മുടി, ഇപ്പോഴും തല വെട്ടിച്ചു കീര്‍ത്തനങ്ങള്‍ മൂളിക്കൊണ്ടിരിക്കും, വലിയ സ്വീകരണം ആയിരുന്നു,തീറ്റ ,കുടി ,ആകെ മേളം, അന്ന് വൈകിട്ട് രവിക്കുട്ടന്‍ വന്നപ്പോള്‍ കച്ചേരിക്കുള്ള ഒരുക്കങ്ങള്‍ ആണ് ,കുളിച്ചു കാപ്പി കുടി കഴിഞ്ഞു സന്ധ്യക്ക്‌ നാമവും ചൊല്ലി രവിക്കുട്ടന്‍ അപ്പൂപ്പന്‍റെ മുറിയില്‍ ഹാജരായി, വിശിഷ്ട സദസ്സ്, എല്ലാം സംഗീത രസികര്‍,ഭാഗവതര്‍ നടുക്കിരുന്നു വാതാപി പാടുന്നു,വാതാപി ഗണപതിം ഭജേ ഏ..ഹം, വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേ ഏ..ഹം,ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം, ആള്‍ക്കാരുടെ മൂളലും തലയാട്ടലും കണ്ട ഭാഗവതര്‍ രാഗ വിസ്താരം ചെയ്തു കത്തിക്കയറുന്നു,ഒന്നും മനസ്സിലായില്ലെങ്കിലും രവിക്കുട്ടന്‍ അതി ഭയങ്കരമായി തലയാട്ടി രസിച്ചു, അപ്പൂപ്പന്‍ അഭിമാനപൂര്‍വം ചുറ്റും നോക്കി ,മറ്റുള്ളവര്‍ അത് കാണുന്നുണ്ടോ എന്ന് ,എല്ലാരും ശ്രദ്ധിക്കുന്നു എന്നറിഞ്ഞ രവിക്കുട്ടന്‍ മുഖത്തും അതി ഗംഭീരമായ ഭാവം വരുത്തി തല കുലുക്കി ഇരുന്നു,അങ്ങനെ ആ കീര്‍ത്തനം കഴിഞ്ഞു, ഹംസധ്വനി എങ്ങനെ ഉണ്ട് എല്ലാം അറിയാം അല്ലെ, അടുത്തിരുന്ന ഒരു അമ്മാവന്‍ രവിക്കുട്ടനോട് ചോദിച്ചു, രവിക്കുട്ടന്‍ തലയാട്ടി,ബലെ ഭേഷ്, അത് പിന്നെ അവന്‍ എന്‍റെ പേരക്കുട്ടി അല്ലേ എന്ന് പണ്ട് ഒരു പരസ്യത്തില്‍ പറയുന്ന പോലെ അപ്പൂപ്പന്‍ പറഞ്ഞു, സദസ്സില്‍ ഒരാള്‍ പറഞ്ഞു ഭാഗവതരെ ഇനി നഗുമോ , ശെരി പിന്നെന്താ എന്ന് പറഞ്ഞു ഭാഗവതര്‍ തലയും വെട്ടിച്ചു പാടാന്‍ തുടങ്ങി, നഗു മോമു കന ലേനി നാ ജാലി തെലിസി
നന്നു ബ്രോവ രാദാ ശ്രീ രഘുവര നീ, അത് കേട്ട ഉടനെ അടുത്തിരുന്ന അമ്മാവന്‍ രവിക്കുട്ടനോട് പറഞ്ഞു ആഭേരി ആണ് രാഗം, ഇത് കലക്കും, ഒരു കുന്തവും മനസിലായില്ലെങ്കിലും രവിക്കുട്ടന്‍ ചിരിച്ചു തലയാട്ടി, അയാള്‍ അത് ആസ്വദിച്ചു ചിരിച്ചു കൊണ്ട് രവിക്കുട്ടന്‍റെ കുറുക്കില്‍ ഇട്ടു നാലടി, നക്ഷത്രം എണ്ണിപ്പോയി, അങ്ങനെ അത് കഴിഞ്ഞു ഉടനെ ചാടി എണീറ്റല്ലോ അടുത്ത മൂപ്പീന്ന്, ഏതോ കീര്‍ത്തനം പറയാന്‍ വേണ്ടി ആണ്, ഒരു നിമിഷം, ഭാഗവതര്‍ പറഞ്ഞു, ആ കൊച്ചു കുഞ്ഞു എന്ത് നന്നായി ആസ്വദിക്കുന്നു, ഈ പ്രായത്തില്‍ കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ ഉള്ള കഴിവ് അപാരം തന്നെ, ഇവന് കീര്‍ത്തനങ്ങള്‍ ഒക്കെ അറിയാമോ? ഭാഗവതര്‍ തിരഞ്ഞു അപ്പൂപ്പനോടു ചോദിച്ചു, പിന്നെ അപ്പൂപ്പന്‍ പറഞ്ഞു, ഇവനെ ഞാന്‍ പാട്ട് പഠിപ്പിക്കാന്‍ പോകുകയാണ്, ആഹാ, കൊള്ളാമല്ലോ ,എന്നാല്‍ ആ കുഞ്ഞു പറയട്ടെ അടുത്ത പാട്ടു ഞാന്‍ ഏതു പാടണം എന്ന്, സദസ്സ് നിശബ്ദം,എല്ലാരും രവിക്കുട്ടനെ നോക്കി, രവിക്കുട്ടന്‍ അപ്പൂപ്പനെ നോക്കി, അപ്പൂപ്പന്‍ പറഞ്ഞു ,നീ പറഞ്ഞോ ഏതാ വേണ്ടേ, രവിക്കുട്ടന്‍ ചുറ്റും നോക്കി, ജനാല വഴി പെണ്ണുങ്ങളും നോക്കുന്നുണ്ട്, അഭിമാന പൂരിതമായ മുഖത്തോടെ രവിക്കുട്ടന്‍ എണീറ്റ്‌ നിന്ന്, എന്നിട്ട് സാഭാകമ്പതോടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടുകയും അഴിക്കുകയും കാല്‍ വിരല്‍ കൊണ്ട് താഴെ ചിത്രം വരക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു, " കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു" പാടാന്‍ പറ്റുമോ അപ്പൂപ്പാ.?
അടുത്ത ബസ്സിനു ഭാഗവതര്‍ അങ്ങേരുടെ വീട്ടിലും രവിക്കുട്ടന്‍ തെറിച്ചു തെങ്ങിന്‍ കുഴിയിലും പോയി,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ