2013, ജനുവരി 15, ചൊവ്വാഴ്ച

ഗുരു ശിഷ്യന്‍

നല്ല തണുപ്പുള്ള രാത്രി ,ആകാശത്ത് നക്ഷത്രങ്ങളെ നോക്കി കിടക്കുകയായിരുന്നു ഗുരുവും ശിഷ്യനും ,ഗുരു ആകെ ഉള്ള ഒരു കട്ടിലില്‍ ,ശിഷ്യന്‍ ന്യായമായും തണുത്ത നിലത്തു പുതപ്പു വിരിച്ചും. ശിഷ്യാ ,എന്താ ഗുരൂ ,നീ എന്താണ് ആലോചിക്കുന്നത് ? ഗുരോ ഈ മരിച്ചവര്‍ എല്ലാം നക്ഷത്രങ്ങള്‍ ആയി വരും എന്ന് പറയുന്നത് ശെരിയാണോ? ആയിരിക്കാം, അങ്ങനെ ആണെങ്കില്‍ ഏതോ സ്പോര്‍ട്സ് താരത്തിന്‍റെ ആദ്മാവ് ആയിരിക്കും അത്, അപ്പോള്‍ പാഞ്ഞു പോയ ഒരു ഉല്‌ക്കയെ നോക്കി ശിഷ്യന്‍ പറഞ്ഞു ,അങ്ങനെ ആണെങ്കില്‍ എനിക്ക് കാശ് തരാന്‍ ഉണ്ടായിരുന്ന പാക്കരന്‍റെ ആദ്മാവ് ആയിരിക്കും ആ നക്ഷത്രം ,ഗുരു പറഞ്ഞു, എന്താ കാര്യം ഗുരോ ? അത് എന്നെ കണ്ടപ്പോള്‍ വേഗത്തില്‍ മറ്റേ ദിശയിലേക്കു പോകുന്നു . ശിഷ്യന്‍ ഒരു കൊട്ട് വാ വിട്ടു , എന്നിട്ട് ചോദിച്ചു ഗുരോ അങ്ങെന്തു കൊണ്ടാണ് ഇത് വരെ കല്യാണം കഴിക്കാത്തത്? ഗുരു കണ്ണുരുട്ടി ശിഷ്യനെ നോക്കി ,ഡാ മുട്ടയില്‍ നിന്ന് വിരിയാത്ത നീ ഇതൊക്കെ എന്നോട് ചോദിക്കാറായോ ? ശിഷ്യന്‍ നാണിച്ചു പറഞ്ഞു ഗുരോ ഞാന്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞു കേട്ടോ , വീട്ടില്‍ കല്യാണം ഒക്കെ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട് ,ഓഹോ നീയും കല്യാണം കഴിക്കാറായി അല്ലെ? ഗുരു ഒരു ദീര്‍ഘ നിശ്വാസം നാലായി മുറിച്ചു പുറത്തു വിട്ടു ,അങ്ങേന്താ കല്യാണം കഴിക്കാത്തത് എന്ന് പറയൂ, ശിഷ്യന്‍ വിടുന്ന മട്ടില്ല, ഗുരു വായും തുറന്നു അല്‍പ നേരം കിടന്നു ,എന്നിട്ട് ചോദിച്ചു, ആട്ടെ, നിനക്ക് പെണ്ണുങ്ങളെ പറ്റി എന്തറിയാം ? ശിഷ്യന്‍ നിഷ്ക്കളങ്ക ഭാവം മുഖത് ആകാവുന്നത്ര വരുത്തി, എന്നിട്ട് പറഞ്ഞു ഒന്നും അറിയില്ല ഗുരോ ? പിന്നെ നീ പെണ്ണ് കേട്ടാതിരിക്കുന്നതാണ് നല്ലത് , ഒന്നും അറിയാത്ത ഒരു വര്‍ഗ്ഗവുമായി കൂട്ട് ചേരണോ ,അപ്പോള്‍ ശിഷ്യന്‍ ചാടിക്കയറി പറഞ്ഞു, അല്ല ഗുരോ അല്പമൊക്കെ എനിക്കറിയാം , ഓഹോ എന്നാല്‍ കല്യാണം വേണ്ട ,അല്‍പ്പ ജ്ഞാനം അപകടം എന്ന് കേട്ടിട്ടില്ലേ ? ശിഷ്യന്‍ വിയര്‍ത്തു, ദൈവമേ ഇങ്ങേരു കല്യാണം മുടക്കുമോ? എനിക്ക് പെണ്ണുങ്ങളെ പറ്റി എല്ലാം അറിയാം ഗുരോ ഞാന്‍ ചുമ്മാ പറഞ്ഞതാ. ആണോ? നന്നായി ,അപ്പോള്‍ എല്ലാം അറിയാവുന്ന സ്ഥിതിക്ക് ഒരു കാര്യം നീ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തിനു? കല്യാണം വേണ്ടടാ , കടവുളേ, ശിഷ്യന്‍ ആ തണുപ്പത്തും വിയര്‍ത്തു, ഗുരുവിനെ പ്രാകി, ആ ചോദ്യം ചോദിയ്ക്കാന്‍ തോന്നിയ സമയത്തെ വെറുത്തു ,അനക്കം ഇല്ല എന്ന് കണ്ട ഗുരു ഉള്ളില്‍ ചിരിച്ചു, എന്നിട്ട് പറഞ്ഞു ,പെണ്ണുങ്ങള്‍ നാലു വിധം ഉണ്ട് ലോകത്തില്‍ ,ശിഷ്യന്‍ ഉടന്‍ പറഞ്ഞു എനിക്കറിയാം എന്നാല്‍ പറയു , ഉയരം ഉള്ളവര്‍ ഉയരം ഇല്ലാത്തവര്‍, വണ്ണം ഉള്ളവര്‍, വണ്ണം ഇല്ലാത്തവര്‍ ,ഭാ എണീറ്റ്‌ പൊക്കോണം ഇവിടുന്നു, ഗുരു ചൂടായി .മണ്ടത്തരം പറയാന്‍ വേണ്ടി ഉള്ള ഒരു ജന്മം ,ശിഷ്യന്‍ മൌന വൃത്തത്തില്‍ ആയി, അല്‍പ്പം കഴിഞ്ഞു ഗുരു പറഞ്ഞു, പെണ്ണുങ്ങള്‍ നാല് തരം , ഒന്ന് ദേവീ ഭാവം ഉള്ളവര്‍ ,അതായതു ഇത്തരക്കാരെ കണ്ടാല്‍ നമുക്ക് എണീറ്റ്‌ നിന്ന് തൊഴാന്‍ തോന്നും, ഒരു ബഹുമാനം തോന്നും ,മനസ്സിലായോ? ഉദാഹരണം പറയാം ഡേയ് നിനക്ക് ഏതു ദേവിയെ ആണ് ഇഷ്ട്ടം ,ശിഷ്യന്‍ പറഞ്ഞു എനിക്ക് ഭദ്രകാളിയെ ,ദൈവമേ ഗുരു ഒന്ന് ഞെട്ടി ,ശെരി, പക്ഷെ ലക്ഷ്മി ,സരസ്വതി തുടങ്ങിയ ദേവിമാര്‍ ആണ് പുരാണത്തില്‍ ഇപ്പോള്‍ പറഞ്ഞ ഗണത്തില്‍ പെടുന്ന ദേവിമാര്‍., അങ്ങനെ ഒരു പെണ്ണ് ഈ മുറിയിലേക്ക് വന്നാല്‍ നമ്മള്‍ അറിയാതെ എണീറ്റ്‌ തൊഴുതു പോകില്ലേ? അതാണ് ഇപ്പൊ പറഞ്ഞ തരം പെണ്ണുങ്ങള്‍, അടുത്തത് ? ശിഷ്യന്‍ ഉഷാറായി, ഗുരു പറഞ്ഞു, അടുത്തത് പ്രേമ ഭാവം ഉള്ളവര്‍ ,അവരെ കണ്ടാല്‍ നമുക്ക് പ്രഥമ ദ്രിഷ്ട്ട്യാ തന്നെ അനുരാഗം തോന്നും തോന്നിപ്പോകും ,ങാ മനസിലായി, ശിഷ്യന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, എന്ത് മനസിലാകാന്‍ ? നിനക്ക് ആരെ കണ്ടാലും ഇങ്ങനെ അല്ലെ തോന്നു, ഗുരു ശിഷ്യനെ കുത്തി, ഇതിനു ഉദാഹരണം ,പുരാണത്തിലെ അഹല്യ ,ലീലാവതി തുടങ്ങിയ സ്ത്രീകള്‍., ഓ ശെരി, അപ്പോള്‍ മൂന്നാമത്തെ ഇനം ? ,അത് ഞാന്‍ എങ്ങനെ പറയും? ഗുരു ചോദിച്ചു ,പറ ഗുരോ, ഗുരു ഒന്ന് ചമ്മി എന്നിട്ട് പറഞ്ഞു ,അതായതു ചിലരെ കാണുമ്പൊള്‍ നമുക്ക് .....നമുക്ക്? ....നമുക്ക് അല്ല... ചിലര്‍ക്ക് ,ശെരി ചിലര്‍ക്ക്? ...ചിലര്‍ക്ക് അത് തോന്നില്ലേ? ...ഏതു ? ...ശോ കാമം തോന്നില്ലേടെ ? ഗുരു പറഞ്ഞു , അപ്പോള്‍ ശിഷ്യന്‍ ആ വാക്കിന്‍റെ അര്‍ഥം അറിയാത്തത് പോലെ ഇരുന്നു, നിഷ്കളങ്കന്‍ പിള്ള ആയി ഗുരുവിനെ തുറിച്ചു നോക്കി, ആ അഭിനയം ഗുരുവിനു നന്നായി ബോധിച്ചു ,ശിഷ്യ ചില സ്ത്രീകളെ കണ്ടാല്‍ മറ്റു ഏതു വികാരത്തിനും മുന്‍പ് നമുക്ക് വരുന്നത് കാമം ആയിരിക്കും ഉദാഹരണം പറഞ്ഞാല്‍ ..ഗുരു മുഴുമിപ്പിച്ചില്ല ശിഷ്യന്‍ ചാടിക്കയറി പറഞ്ഞു മലക്കറിക്കാരി ജാനു ,ഭാ, അഹങ്കാരീ, ഗുരു പൊട്ടിത്തെറിച്ചു ,വൃത്തികെട് പറയുന്നോ? ഉര്‍വശി രംഭ മേനക തിലോത്തമ ,ശിഷ്യന്‍ ഇടയില്‍ കയറി പറഞ്ഞു നമിത , ഏതോ ദേവലോക നര്‍ത്തകി ആണ് അത് എന്ന് വിചാരിച്ചു ഗുരു പറഞ്ഞു ങാ നമിത ,അത്തരം ആള്‍ക്കാര്‍ ആണ് ഈ ഗണത്തില്‍ പെടുതാവുന്നവര്‍ ,ഹോ ഭയങ്കരം തന്നെ, ശിഷ്യന്‍ പറഞ്ഞു ,ഇനി നാലാമത്തെ ഇനം . ചില സ്ത്രീകള്‍ കയറി വരുമ്പോള്‍ നമുക്ക് വാതിലില്‍ കൂടിയോ ജന്നലില്‍ കൂടിയോ ഇറങ്ങി ഓടാന്‍ തോന്നില്ലേ ? അത്തരം ആള്‍ക്കാര്‍ ആണ് നാലാമത്തെ ഇനം പെണ്ണുങ്ങള്‍. ,ഉദാഹരണം പറഞ്ഞാല്‍ പുരാണത്തിലെ ,തടാക, പൂതന ,ശൂര്‍പ്പണഖ തുടങ്ങിയവര്‍. ,ശിഷ്യന്‍ ചോദിച്ചു പെണ്ണുങ്ങളില്‍ തന്നെ ഇങ്ങനെ ഒക്കെ ഉണ്ടല്ലേ ഗുരോ ? ഗുരു പറഞ്ഞു, ഉണ്ട്, അപ്പൊ ഇതില്‍ ഒന്നും പെടാത്തവര്‍ ഉണ്ടാവില്ലേ? ഉണ്ടാവും ,ഒന്നിലും പെടുത്താന്‍ ആവാത്തവര്‍, നിര്‍ഗുണ പരബ്രഹ്മങ്ങള്‍, അത് പക്ഷെ ഒരു 10% മാത്രമേ കാണു, ബാക്കി ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും മുന്‍പ് പറഞ്ഞ നാലു വിഭാഗം ആക്കി തിരിക്കാം, ഇത് ഒറ്റ നോട്ടത്തില്‍ , ആ പെണ്ണിന്‍റെ ശരീരവും മുഖവും വെച്ച് മാത്രം തോന്നുന്ന തരം തിരിക്കല്‍ ആണ്. പിന്നീട് അവരുടെ പെരുമാറ്റം, സംസാരം എല്ലാം കൂടുമ്പോള്‍ വിഭാഗം മാറിയേക്കാം , ഗുരു കല്യാണം കഴിക്കാത്തത് ആദ്യ വിഭാഗം പെണ്ണിനെ കിട്ടാത്തത് കൊണ്ടാണോ ? ശിഷ്യന്‍ ചോദിച്ചു അത് ഒരു കഥയാണ്, നല്ല മൂഡില്‍ ആയതു കൊണ്ട് ഗുരു ആ കഥ പറഞ്ഞു ,ഞാന്‍ കുറെ നാള്‍ ബ്രഹ്മചാരി ആയി മസില്‍ പിടിച്ചു നടക്കുകയായിരുന്നല്ലോ? ഒടുവില്‍ ഒരിക്കല്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ പോയി,നോക്കിയപ്പോള്‍ ആദ്യ വിഭാഗത്തില്‍ പെടുന്ന പെണ്ണ്, കണ്ട പാടെ ഞാന്‍ എണീറ്റ്‌ നിന്ന് തൊഴുതു,അവര് പറഞ്ഞിട്ടും ഞാന്‍ പെണ്ണ് പോകുന്നത് വരെ ഇരുന്നില്ല ,തൊഴുതു കൊണ്ട് നിന്നു, അപ്പൊ ആ പെണ്ണ് പറഞ്ഞു എന്നെ വേണ്ടാന്ന് ,ശിഷ്യന്‍ ശബ്ദമില്ലാതെ ഇരുട്ടത്ത്‌ കിടന്നു ചിരിച്ചു, എന്നിട്ട്? എന്നിട്ട് ഒരാഴ്ച കഴിഞ്ഞു അടുത്ത് പെണ്ണിനെ കാണാന്‍ പോയി, അത് രണ്ടാമത്തെ വിഭാഗം, കണ്ട ഉടനെ എനിക്ക് അനുരാഗവും തോന്നി? എന്നിട്ട് കെട്ടിയില്ലേ? ഇല്ലെടാ അതിനു മുന്‍പേ ആ പെണ്ണിന് ആരോടോ അനുരാഗം തോന്നിയിരുന്നു, അവള്‍ അടുത്ത ദിവസം ഒളിച്ചോടി. അയ്യോ ? പിന്നെ പെണ്ണ് കണ്ടില്ലേ? കണ്ടല്ലോ ,അടുത്ത പെണ്ണ് അടിപൊളി ,മൂന്നാമത്തെ വിഭാഗം, ഹി ഹി ഹി ഗുരു കട്ടില്‍ കുലുങ്ങെ ചിരിച്ചു, ഇങ്ങനെ ചിരിക്കാതെ ഗുരോ കട്ടില്‍ പൊളിഞ്ഞു എന്റെ തലയില്‍ കൂടെ വീഴും, കാര്യം പറ ഗുരോ എന്തായി? എന്താവാന്‍ ? ഒന്ന് സംസരിചോട്ടെ എന്ന് പറഞ്ഞു അവര്‍ തന്ന സമയത്ത് എനിക്ക് കാമം നിയന്ത്രിക്കാന്‍ പറ്റിയില്ല , അയ്യോ എന്നിട്ട്? പെണ്ണ് ഉറക്കെ നിലവിളിച്ചു, അതോടെ വീട്ടുകാരുടെയും നിയന്ത്രണം പോയി, ഞാന്‍ ഒരാഴ്ച ആശുപത്രിയിലുമായി, നാലാമത് പെണ്ണ് കണ്ടില്ലേ? ഇല്ല അത് ശൂര്‍പ്പണഖ ആയിരിക്കും എന്നെനിക്കുറപ്പായിരുന്നു,ഇതിപ്പോ മര്‍മ്മം പഠിച്ചവന് ഭാര്യയെ തൊടാന്‍ പേടി എന്ന് പറഞ്ഞ പോലെ ആയി അല്ലെ ഗുരോ? എവിടെ തൊട്ടാലും മര്‍മ്മം, ശിഷ്യന്‍ സ്കോര്‍ ചെയ്തു, തനിയെ കിടന്നു ചിരിച്ചു, ഗുരു ഇരുട്ടത്ത്‌ കോപത്തോടെ ശിഷ്യനെ നോക്കി ,അത് കാണാതെ ശിഷ്യന്‍ വീണ്ടും സ്കോര്‍ ചെയ്തു, ഒരു ചായ കുടിക്കാന്‍ പശുവിനെ വാങ്ങുന്നതെന്തിനു ? ചായക്കടയില്‍ പോയാല്‍ പോരെ അല്ലെ ഗുരോ? വീണ്ടും ശിഷ്യന്‍ ഉറക്കെ ചിരിച്ചു, ചിരി തീര്‍ന്ന ശേഷം ഗുരു കൂടെ ചിരിക്കാത്ത കാരണം ചിരി നിറുത്തി ശിഷ്യന്‍ സംശയം ചോദിച്ചു ,ഗുരോ പുരുഷന്മാര്‍ എത്ര വിധം ? അത് ഏതെല്ലാം, ഗുരു അമര്‍ത്തിയ ശബ്ദത്തില്‍ പറഞ്ഞു ,രണ്ടു വിധം.ചവിട്ടു കൊള്ളാത്തവരും ചവിട്ടു കൊള്ളുന്നവരും, ഇതില്‍ ആദ്യ വിഭാഗത്തില്‍ നിന്ന് നിന്നെ രണ്ടാമതെതിലേക്ക് ഞാന്‍ മാറ്റുന്നതിന് മുന്‍പ് കിടന്നുറങ്ങിക്കോ, പിന്നെ ശിഷ്യന്റെ അനക്കമില്ല,ഗുരു പത്തു മിനിറ്റ് ഫ്ലാഷ് ബാക്ക് പോയി, പിന്നെ തിരികെ വന്നു മലക്കറിക്കാരി ജാനുവിനെ ഒന്നോര്‍ത്തു, കമഴ്ന്നു കിടന്നു, ശേഷം അന്തസ്സായി കൂര്‍ക്കം വലിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ