2013, ജനുവരി 15, ചൊവ്വാഴ്ച

ഒരു ക്രിസ്ത്മസ് കഥ

എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആഘോഷങ്ങളില്‍ ഒന്ന് ക്രിസ്ത് മസ് ആണ്, ഡിസംബറിന്‍റെ തണുപ്പും മനോഹാരിതയും ആവാം അതിനൊരു കാരണം, പിന്നെ അതിന്‍റെ പിന്നിലെ മനോഹരമായ നന്മയുടെ സന്ദേശം, അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും വൈന്‍, നോണ്‍ വെജ് ആഹാരം എന്നിവ. പ്രിയപ്പെട്ട കൂട്ടുകാരുടെ വീടുകളില്‍ ചിലവിട്ട ക്രിസ്ത് മസ് രാത്രികളുടെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .ധാരാളം തവണ പാതിരാ കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട് .അതിനൊക്കെ വളരെ മുന്‍പ്,ഉണ്ടായ ഒരു തമാശ ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ഞങ്ങള്‍ക്ക് ചെട്ടികുളങ്ങരയില്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ ഒന്നുമില്ലാതിരുന്ന കാലം ,അടുത്തുള്ള പാറ്റൂര്‍ പള്ളിയില്‍ ബിരിയാണി ഉണ്ട് എന്ന വാര്‍ത്തയുമായി രാജു വന്നു, ഓസിനു പോയി ശാപ്പാട് അടിക്കാന്‍ അവനെ കഴിഞ്ഞേ ഉള്ളു ആരും ,സത്യം പറഞ്ഞാല്‍ എനിക്ക് ഏറ്റവും പേടിയുള്ള കാര്യം അതാണ്, ആരെങ്കിലും കണ്ടു പിടിച്ചാല്‍? എന്തൊരു നാണക്കേടാണ്, അപ്പൊ വീട്ടില്‍ അറിയില്ലേ? പിന്നെ ജീവ്വിചിരുന്നിട്ടു കാര്യമുണ്ടോ? രാജുവിന് പക്ഷെ ഒരു കൂസലുമില്ല , നീ വാടെ ,നല്ല അടിപൊളി ബിരിയാണി ആണ്, പിന്നെ ആലോചിച്ചിട്ട് കാര്യമില്ല , ഒരു താക്കീത് പോലെ രാജു പറഞ്ഞു, ഞാന്‍ ധൈര്യം സംഭരിച്ചു അവന്‍റെ സൈക്കിളിന്‍റെ പുറകില്‍ കയറി, മനസ്സില്‍ നിറയെ ബിരിയാണി നൃത്തം വെക്കുന്നു, നേരെ പാറ്റൂര്‍ പള്ളിയില്‍ പോയി, അത് വരെ ആ പള്ളിയുടെ അകത്തു ഞങ്ങള്‍ കയറിയിട്ടില്ല ,വെളിയില്‍ നിന്ന് വായും തുറന്നു നോക്കിയിട്ടുണ്ട് വലിയ കമാനവും,യേശുവിന്‍റെ പ്രതിമയും എല്ലാം ,വെളിയില്‍ എഴുതി വെച്ചിരിക്കുന്നു, വിശ്വാസികളുടെ കുടുംബ സംഗമവും വിരുന്നും ,ഞാന്‍ രാജുവിനോട് ചോദിച്ചു ,ഡാ ഇത് വിശ്വാസികളുടെ വിരുന്നല്ലേ? നമുക്ക് കേറണോ? അപ്പോള്‍ രാജു ചോദിച്ചു, നീ ചെട്ടികുളങ്ങര ദേവിയില്‍ വിശ്വസിക്കുന്നില്ലേ, ഞാന്‍ പറഞ്ഞു, ഉണ്ട്, അപ്പോള്‍ നീയും വിശ്വാസി തന്നെ വേണമെങ്കില്‍ വേഗം വാടെ , അങ്ങനെ ഞങ്ങള്‍ അകത്തു കയറി, പാരിഷ് ഹാളില്‍ ആണ് വിരുന്ന് , ഞങ്ങള്‍ ഓടിപ്പോയി വിശ്വാസികള്‍ ഇരിക്കുന്നതിനു മുന്‍പേ ചാടിക്കയറി ഇരുന്നു, അല്‍പം കഴിഞ്ഞപ്പോള്‍ ഹാള്‍ ഫുള്‍ ആയി, മേശപ്പുറത്തു പത്രങ്ങളില്‍ കോഴി പൊരിച്ചത്, പപ്പടം , പിക്കിള്‍ എല്ലാം വെച്ചിരിക്കുന്നു,ബിരിയാണി വിളമ്പാന്‍ പോകുന്നതെ ഉള്ളു എന്ന് തോന്നുന്നു, രാജുവിന്‍റെ തൊട്ടടുത്ത്‌ ഇരിക്കുന്ന ഒരു മൂക്ക് വളഞ്ഞ അമ്മാവന്‍ രാജുവിനെ തന്നെ ഇടയ്ക്കിടയ്ക്ക് സൂക്ഷിച്ചു നോക്കുന്നുണ്ട്, എനിക്ക് പേടിയായി, ഞാന്‍ രാജുവിനെ തോണ്ടി ,ഡാ ആ അമ്മാവന്‍ നിന്നെ തന്നെ നോക്കുന്നു, മനസ്സിലായി കാണുമോ? രാജു എന്നെ നോക്കി കണ്ണ് കാണിച്ചു ഒന്നും പേടിക്കണ്ട എന്ന്, എന്നിട്ട് അവന്‍ ആ അമ്മാവനെ നോക്കി ചിരിച്ചു കൊണ്ട് ഒരു പപ്പടം എടുത്തു കടിച്ചു, ഉടനെ ആ അമ്മാവന്‍ ദേഷ്യത്തില്‍ പറഞ്ഞു ,എന്നതാടാ കൂവേ ,അച്ഛന്‍ വന്നു പ്രാര്‍ഥന കഴിച്ചേച്ച്‌ വിഴുങ്ങിയാല്‍ പോരായോ ഇയാള്‍ക്ക്, ഞെട്ടിപ്പോയ രാജു കടിച്ച പപ്പടം ശബ്ദമില്ലാതെ വിഴുങ്ങി , എന്നിട്ട് ബാക്കി പപ്പടം തിരികെ പാ ത്രത്തില്‍ വെച്ചു , അപ്പോള്‍ അമ്മാവന്‍ പറഞ്ഞു ,ആണ്ടെ കിടക്കുന്നു, ഇയാള്‍ എച്ചില്‍ ആക്കിയെച്ച് അത് തിരികെ വെക്കുവാന്നോ ? അപ്പൊ അവന്‍ ഒന്ന് വിളറി എന്നിട്ട് പതുക്കെ ആ പപ്പടം വീണ്ടും എടുത്തു കടിച്ചു . അമ്മാവന്‍ ഉടനെ പറഞ്ഞു ,എന്‍റെ കര്‍ത്താവെ വീണ്ടും തിന്നുവാണോ ? തിന്നണോ, ഇറക്കണോ, തുപ്പണോ, തിരകെ വെക്കണോ എന്നറിയാതെ രാജു വിളറിയ മുഖവുമായി ആ പപ്പടവും കയ്യില്‍ വെച്ച് ഇരുന്നു, അല്‍പ്പം കഴിഞ്ഞു അച്ഛന്‍ വന്നു എന്തോ പ്രര്ധിച്ചു, പ്രാര്‍ഥന കഴിഞ്ഞു എല്ലാരും കുരിശു വരച്ചു ,അമ്മാവന്‍ ഒളിക്കണ്ണിട്ട്‌ രാജുവിനെ നോക്കി, രാജു തോന്നിയ പോലെ ഒക്കെ കുരിശു വരക്കുനത് കണ്ടു അയാള്‍ കണ്ണ് തള്ളി, ഒരു കോഴിക്കാല്‍ ആര്‍ത്തിയോടെ എടുത്തു വായില്‍ വെക്കാന്‍ സമയത്താണ് അമ്മാവന്‍റെ ചോദ്യം ,ഇയാളെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ ,ഇയാള്‍ എവിടുതെയാ? ഞാന്‍ പ്രതീക്ഷിച്ച ചോദ്യം, ദൈവമേ പിടിയിലായല്ലോ, അമ്മാവന്‍ വരുന്ന സമയത്ത് ഞാന്‍ വരാത്തത് കൊണ്ടാവും എന്നെ കാണാത്തത്, രാജു പറഞ്ഞു, ഓഹോ? ഇയാള്‍ ഈ പള്ളിയിലെ അല്ലല്ലോ ,ഏതു പള്ളിയിലെയാ ? ദൈവമേ, ഞാന്‍ വിഴുങ്ങിയ ബിരിയാണി ഒരു ചുമയായി തിരികെ വന്നു, ഇനി അടുത്തത് എന്നെ ആകുമോ? രാജു കണ്ണ് തള്ളിയിരിക്കുന്നു ,ഏതു പള്ളിയിലെയാടോ? ഈ അമ്മാവന് വേറെ പണിയില്ലേ? ബിരിയാണിയും തിന്നിട്ടു പോകാന്‍ ഉള്ളതിന്, എടൊ ഇയാള്‍ ഇതു പള്ളിയിലെയാന്നു , കടകം പള്ളി ,രാജു പറഞ്ഞു .ങേ അമ്മാവന്‍ ഞെട്ടി, അത് ഒരു സ്ഥലമല്ലേ? അല്ല അമ്മാവാ ,അങ്ങനെ ഒരു പള്ളി ഉണ്ട്, പിന്നീടു അല്‍പ നേരം നിശബ്ദത ,അല്‍പ നേരം കഴിഞ്ഞു വീണ്ടും അമ്മാവന്‍ , ഇയാള്‍ടെ പപ്പേടെ പേരെന്നാ, അയ്യോ, രാജുവിന്‍റെ അച്ഛന്‍റെ പേര് ലക്ഷ്മണന്‍ പിള്ള എന്നാണ്, ഇനി അത് പറയുവോ? രാജു പരിഭ്രമിച്ചു ചുറ്റും നോക്കുന്നു, എന്നാടാ പപ്പേടെ പേര്, ക്രിസ്ടഫര്‍ ലീ ,രാജു പറഞ്ഞു, ഹോ ഇന്നലെ കണ്ട ഡ്രാക്കുള സിനിമയിലെ നായകന്‍റെ പേര്, ഇവന്‍ കൊള്ളാം ,എനിക്കല്‍പ്പം സമാധാനമായി, അതെന്നാ പെരാടാ കൂവേ , അമ്മാവന്‍ അല്‍പ നേരം ബിരിയാണിയും വായില്‍ വെച്ച് ആലോചിച്ചു, ഞങ്ങള്‍ ആ സമയം കൊണ്ട് വേഗം കഴിച്ചു തീര്‍ക്കാന്‍ തുടങ്ങി, ബിരിയാണി തീര്‍ത്തു ഐസ് ക്രീമില്‍ കൈ വെച്ചപ്പോള്‍ അമ്മാവന്‍ വീണ്ടും ആക്റ്റീവ് ആയി, തന്‍റെ പേരെന്നാ, ഈ ചോദ്യം രാജു പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു, ബ്രൂസ് ലീ ,അവന്‍റെ ഉത്തരം, എന്റര്‍ ദി ഡ്രാഗണ്‍ ഇറങ്ങിയ സമയം, പിടി വീണത്‌ തന്നെ ഇവനു വേറെ വല്ല പേരും പറഞ്ഞാല്‍ പോരായിരുന്നോ? അപ്പോള്‍ അമ്മാവന്‍ പറഞ്ഞു അത് കൊള്ളാവല്ലോ ,നല്ല പേരാഡാ കൂവേ, ഞങ്ങള്‍ അത് കേട്ടതായി ഭാവിക്കാതെ വേഗം ഐസ് ക്രീം കഴിച്ചു തീര്‍ത്തു പുറത്തേക്കു പോയി, കൈ കഴുകി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ രാജു പറഞ്ഞു ,ആ അമ്മാവനിട്ടു പണിയാതെ ഇന്ന് ഞാന്‍ വരുന്നില്ല ,വല്യ ദേഷ്യക്കാരന്‍ ആണ് രാജു, പ്രതികാര ദാഹി, എടാ വേണ്ടെടാ ഞാന്‍ പറഞ്ഞു, അയാള്‍ വെറുതെ ചോദിച്ചെന്നല്ലേ ഉള്ളു, നമ്മളായിട്ടു ഇനി അത് വഷളാക്കണ്ട ,അപ്പോള്‍ രാജു പറഞു അയാള്‍ എന്നോട് മാത്രമല്ലെ ചോദിച്ചുള്ളൂ, നിന്നോട് ഒന്നും ചോദിച്ചില്ലല്ലോ? എന്നെ കണ്ടാല്‍ എന്താ കള്ളാ ലക്ഷണം ഉണ്ടോ? അയാളെ ഒരു കല്ലെറിയാതെ ഞാന്‍ പോകുന്ന പ്രശ്നമില്ല, രാജു ഒരു വലിയ ഉരുളന്‍ കല്ലെടുത്ത്‌ കൈയ്യില്‍ വെച്ചു,അല്‍പ നേരം കഴിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്കൂട്ടെരില്‍ ആ അമ്മാവനും ഭാര്യയും കൂടി പതുക്കെ വരുന്നു, രാജു കല്ല്‌ കൈയ്യില്‍ റെഡി ആക്കി വെച്ചു കൊണ്ട് പറഞ്ഞു, അമ്മാവന്‍ നമ്മളെ കടന്നു പോകുന്നതും ഒറ്റ ഏറി ആ തലയില്‍ തന്നെ , പരട്ട അമ്മാവന്‍, പെട്ടെന്ന് ആ അമ്മാവന്‍ ഞങ്ങളെ കണ്ടപ്പോള്‍ ബ്രേക്ക്‌ ചെയ്തു സ്കൂട്ടെര്‍ നിറുത്തി, അത് പ്രതീക്ഷിക്കാത്ത ഞങ്ങള്‍ ഒന്ന് പരുങ്ങി, അമ്മാവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു ,മറിയാമ്മേ ഞാന്‍ പറഞ്ഞില്ലായോ നമ്മടെ കൊചൗസെപ്പിനെ പോലെ ഇരിക്കുന്ന കൊച്ചന്‍ എന്ന്, ദാണ്ടേ നിക്കുന്നു ,ക്രിസ്റ്റഫെരിന്‍റെ മോന്‍ ബ്രൂസ് ,അല്ലിയോടാ ,അമ്മാവന്‍ ഒരു ബാഗ്‌ തുറന്നു അതില്‍ നിന്നും ഒരു പൊതിയും കുപ്പിയും എടുത്തു രാജുവിന് കൊടുത്തു, മക്കളെ വൈന്‍ നീ പപ്പക്ക് കൊട് കേട്ടോ, കേക്കുള്ളത് നിങ്ങള്‍ കഴിച്ചോ. അപ്പൊ മെറി ക്രിസ്മസ്‌ , ഇത്രയും പറഞ്ഞു അമ്മാവന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പോയി, ഞാന്‍ നോക്കിയപ്പോള്‍ രാജു ഒരു കയ്യില്‍ കല്ലും പിടിച്ചു മറുകയ്യില്‍ അമ്മാവന്‍ കൊടുത്ത സാധനങ്ങളും പിടിച്ചു നില്‍ക്കുന്നു, പാവം അമ്മാവന്‍ ,അറിയാതെ വല്ലതും അമ്മാവനെ എറിഞ്ഞിരുന്നെങ്കിലോ? അങ്ങനെ അമ്മാവന്‍ തന്ന കേക്കും വൈനും ഇപ്പോഴും ഓര്‍മയില്‍ ഉണ്ട്, പാറ്റൂര്‍ പള്ളി വഴി പോകുമ്പോള്‍ ആ അമ്മാവനും ഓര്‍മയില്‍ വരും എന്നതാടാ കൂവേ ഇയാള്‍ടെ പേര് എന്ന ചോദ്യവും....അപ്പൊ എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ് ആശംസകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ