2013 ജനുവരി 15, ചൊവ്വാഴ്ച

ഒരു വെടി പറ്റിച്ച പണി

രണ്ടു വയസ്സുള്ളപ്പോള്‍ ആണെന്ന് തോന്നുന്നു, അമ്മയുടെ തോളിലിരുന്നു കാഴ്ചകള്‍ ആസ്വദിച്ചു രവിക്കുട്ടന്‍ എങ്ങോട്ടോ പോവുകയായിരുന്നു,ചെട്ടികുളങ്ങര അമ്പലം എത്തിയതും ആകാശം ഇടിഞ്ഞു വീണ പോലെ ഒരൊച്ച "ടമാര്‍ ". രവിക്കുട്ടന്‍ ഞെട്ടിത്തരിച് പോയി,കാതില്‍ കൂ എന്നൊരു ശബ്ദം മാത്രം, പേടിച്ചു നിക്കറില്‍ കൂടി മൂത്രം ഒഴിച്ചോ എന്ന് പോലും സംശയം ഉണ്ട്,പിന്നെ ഒന്നും ആലോചിച്ചില്ല, വാ തുറന്നു ഒരൊറ്റ അലറിക്കരച്ചില്‍ വെച്ച് കൊടുത്തു, അത് കേട്ട് അമ്മയുടെ ചെവി അടിച്ചു പോയിക്കാണും,അമ്മ പറഞ്ഞു പേടിക്കണ്ട മോനെ അത് അമ്പലത്തിലെ വെടി വഴിപാട് ആണെന്ന് ,ഒടുക്കത്തെ ഒരു വെടി വഴിപാട്, രവിക്കുട്ടന്‍ പോകുന്ന പോക്കില്‍ ഒന്ന്‍ തിരിഞ്ഞു നോക്കി, അവിടെ പുകയുടെ ഇടയില്‍ ഇതിനെല്ലാം കാരണക്കാരന്‍ ആയ ഒരു തടിയന്‍ അങ്ങനെ നില്‍ക്കുന്നു,ഒരു കയ്യില്‍ വെടി തീര്‍ന്ന ഒരു കുറ്റിയും മറു കയ്യില്‍ അറ്റം പുകയുന്ന ഒരു കയര്‍ തുണ്ടും ,സ്ലോ മോഷനില്‍ ആ വില്ലനും രവിക്കുട്ടനും കണ്ണില്‍ കണ്ണില്‍ നോക്കി കടന്നു പോയി ചില സിനിമയില്‍ കാണുന്ന പോലെ,അന്ന് മുതല്‍ എന്നും രവിക്കുട്ടന്‍റെ പേടി സ്വപ്നങ്ങളില്‍ ഒന്നായിരുന്നു വെടി കൃഷ്ണന്‍ എന്ന കാളകൃഷ്ണന്‍ ,ഇങ്ങനെ ഒരു ജന്മം, മുഴുവന്‍ സമയവും അവിടെ ഒരു മൂലയില്‍ ഇരുന്നു കുറ്റിയില്‍ പൊടി നിറച്ചു കൊണ്ടിരിക്കും,ആരെങ്കിലും വഴിപാടിനായി പൈസ കൊടുത്ത ഉടനെ വെടിമരുന്നും ചെങ്കല്‍ പൊടിയും ചേര്‍ത്ത് നിറച്ചു വെച്ചിരിക്കുന്ന ഒരു കുറ്റിയും എടുത്തു കൊണ്ട് കൃഷ്ണന്‍ അല്പം മാറി നില്‍ക്കും, പിന്നെ ആരെങ്കിലും അടുത്തുണ്ടോ എന്ന് പോലും നോക്കാതെ എപ്പോഴും അവിടെ കത്തി കിടക്കുന്ന ഒരു കയര്‍ തുണ്ടെടുത്തു ആ കുറ്റിയുടെ അറ്റം കത്തിക്കും, കൃഷ്ണന്‍റെ കയ്യില്‍ ഇരുന്നു തന്നെ അത് ടമാര്‍ എന്ന് പൊട്ടും,ആ സമയം റോഡില്‍ കൂടി പോകുന്നവരും അമ്പലത്തില്‍ നിന്ന് തോഴുന്നവരും ഈ വഴിപാട് കൊടുത്തവരും എല്ലാം ഞെട്ടി രണ്ടടി പൊങ്ങിയ ശേഷം പൂര്‍വ സ്ഥിതിയില്‍ ആകും,രവിക്കുട്ടന്‍ അല്പം ദൂരെ നിന്ന് ഉറപ്പു വരുത്തും കൃഷ്ണന്‍ അവിടെ ഇരിക്കുകയാണോ അതോ വെടി പൊട്ടിക്കാന്‍ പോവുകയാണോ എന്നൊക്കെ ,എന്നിട്ടേ ആ റോഡില്‍ കൂടി പോകു,എപ്പോഴെങ്കിലും വെടി വഴിപാടിന് അമ്മൂമ്മ പൈസ കൊടുത്താല്‍ അത് കൃഷ്ണന് കൊടുത്ത ശേഷം രവിക്കുട്ടന്‍ ഒറ്റ ഓട്ടം ആണ്, വീട്ടില്‍ എത്തിയെ നില്‍ക്കു,അപ്പോഴേക്കും അങ്ങ് ദൂരെ കേള്‍ക്കാം ടമാര്‍,ആയിടക്കു അമ്പലത്തില്‍ ഉണ്ടായിരുന്ന കേശവന്‍ പോറ്റിക്കും വെടി ഭയങ്കര പേടി ആയിരുന്നു,ഓരോ വെടിക്കും ഞെട്ടി ഞെട്ടി ആണ് അദ്ദേഹം ദീപാരാധന കഴിച്ചു കൊണ്ടിരുന്നത്, ആയിടക്ക് ഒരിക്കല്‍ വീട്ടില്‍ രവിക്കുട്ടന്‍റെ അച്ഛന്‍റെ ഒരു സുഹൃത്തും കുടുംബവും വിരുന്നു വന്നു, നല്ല സുന്ദരിയായ ഒരു കുട്ടിയും ഉണ്ടായിരുന്നു കൂട്ടത്തില്‍,അത് കണ്ട പാടെ രവിക്കുട്ടന്‍ ഒരു ചീപ്പും പൌഡര്‍ ടിന്നും എടുത്ത് കൊണ്ട് വസന്ത ചേച്ചിയുടെ കയ്യില്‍ കൊടുത്തു മേയ്ക്ക് അപ് ചെയ്യാന്‍ ,കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ടാവും രവിക്കുട്ടന്‍റെ എണ്ണമയം ഉള്ള മുള്ളന്‍ മുടിയും ചീകി വെള്ള പൂശിയ പോലെ പൌഡറൂം ഇട്ടതു
എല്ലാരും ഇരുന്നു സംസാരിക്കുന്ന മുറിയില്‍ ആകെ ഉള്ള ഇരുപത്തെട്ടു പല്ലും കാണിച്ചു കൊണ്ട് രവിക്കുട്ടന്‍ ഹാജരായി, ആ കുട്ടി രവിക്കുട്ടന്‍റെ അതെ പ്രായം ആണത്രേ, പക്ഷെ ഒരടി പൊക്കം കൂടുതല്‍ വരും, നല്ല വെളുത്ത സുന്ദരി, കിന്നരി വെച്ച ഫ്രോക്കും,ഡാ രവീ കണ്ടു പഠിക്ക് ,രാധിക ക്ലാസ്സില്‍ ഫസ്റ്റ് ആണ് ,എല്ലാ വിഷയത്തിനും ഫുള്‍ മാര്‍ക്ക്, ഓഹോ വന്ന കയറുന്നതിനു മുന്‍പേ റാങ്കും മാര്‍ക്കും എല്ലാം പറഞ്ഞിരിക്കുന്നു, ഇവര്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ കഷ്ട്ടം,രവിക്കുട്ടന്‍ അവിടെ ഉള്ള ഒരു സോഫയില്‍ ഇളകി ഇരുന്ന നൂല് വലിച്ചു പുറത്തെടുത്തു കൊണ്ടിരുന്നു ,"ക്ടിന്‍ " അച്ഛന്‍റെ വക തലയില്‍ കൊട്ട്, ആ സോഫയില്‍ നിന്ന് കൈ എടുക്ക് ,ഹോ ആ പെണ്ണിന്‍റെ മുന്‍പില്‍ വെച്ച് നാണം കെടുത്തും,രവിയുടെ പഠിത്തം എങ്ങനെ ഉണ്ട്, ആ പെണ്ണിന്‍റെ അച്ഛന് അത് അറിയണം,പഠിത്തം അതൊഴിച്ചു എന്തിനും അവന്‍ റെഡി ആണ്, അച്ഛന്‍ മറുപടി പറഞ്ഞു, ക ക്ക ക്ക ക്ക എല്ലാരും ആര്‍ത്തു ചിരിച്ചു, ഭയങ്കര തമാശ തന്നെ,നീ രാധികയെ വിളിച്ചു പോയി എന്തെങ്കിലും കളിക്ക്, അങ്ങനെ സഹവാസം കൊണ്ടെങ്കിലും നല്ല ബുദ്ധി വരട്ടെ, അച്ഛന്‍ വീണ്ടും തമാശ, ക ക്ക ക്ക ക്ക കൂട്ടച്ചിരി ,രവിക്കുട്ടന്‍ പറഞ്ഞു ബാ, അത്രക്കായോ, ഞാന്‍ ആരാണെന്നു കാണിച്ചു തരാം, നേരെ പോയത് നമ്മുടെ കടിയന്‍ പട്ടിയുടെ അടുത്താണ്, ആ പെണ്ണിനു പട്ടിയെ പേടി ആണ്, ഹോ നന്നായി, രവിക്കുട്ടന്‍ പട്ടിയുടെ അടുത്ത് പോയി അതിന്‍റെ ചെവിയില്‍ പിടിച്ചു വലിച്ചു, താടിക്കു കുത്തി, വയറില്‍ ചവിട്ടി,വാലില്‍ പിടിച്ചു വളച്ചു,കാരണം ഭാഗ്യത്തിന് ഉച്ച ഊണും കഴിഞ്ഞു കടിയന്‍ നല്ല ഉറക്കം, ഇല്ലെങ്കില്‍ ഇപ്പൊ കാണാമായിരുന്നു, രവിക്കുട്ടന്‍റെ ചന്തിക്കിട്ട് കടിക്കുന്നത് ,ഉറങ്ങുന്ന കടിയന്റെ പുറത്തു ശൌര്യം കാണിച്ചിട്ടും ആ പെണ്ണ് പറഞ്ഞു ഹോ ഇയാള്‍ക്ക് എന്ത് ധൈര്യം, രവിക്കുട്ടന്‍ ഉടനെ ഊര്‍ജസ്വലനായി ,ഇതൊക്കെ എന്ത് എന്ന് പറഞ്ഞു രവിക്കുട്ടന്‍ കുട്ടിയേയും കൊണ്ട് അടുക്കളയുടെ പുറകു വശത്തേക്ക് പോയി, അവിടെ കിടപ്പുണ്ട് ഹീമാന്‍ എന്ന തടിയന്‍ പൂച്ച, ആ കുട്ടിക്ക് പൂച്ചയെയും പേടി ആണത്രേ, പുലിയെ കണ്ട പോലെ നില്‍ക്കുന്നു അതും നന്നായി, രവിക്കുട്ടന്‍ മര്യാദക്ക് കിടന്നുറങ്ങിയിരുന്ന ഹീമനെ നിസാരമായി വാലില്‍ തൂക്കി എടുത്തു,മുകളിലേക്ക് എറിഞ്ഞു പിടിച്ചു,രണ്ടു കയ്യിലും പിടിച്ചു വട്ടത്തില്‍ കറക്കി, താഴെ നിറുത്തിയ പാടെ ഒന്നും മനസ്സിലാകാത്ത ഹീമാന്‍ ഒരൊറ്റ ഓട്ടം വെച്ച് കൊടുത്തു, ഇനി കുറേക്കാലത്തേക്ക് ഈ വഴി വരും എന്ന് തോന്നുന്നില്ല, ഇനി ആരുടെ അടുത്ത് അഭ്യാസം കാണിക്കും എന്നോര്‍ത്ത് നിന്നപ്പോള്‍ ഒരു ഓന്ത് തെങ്ങില്‍ ഇരിക്കുന്നു, ഒരു കല്ലെടുത്ത്‌ രവിക്കുട്ടന്‍ ഉന്നം പിടിച്ചു, അപ്പോള്‍ രാധിക പറഞ്ഞു വേണ്ട ഏറിയണ്ട പാവം, ശെരി രാധിക പറഞ്ഞത് കൊണ്ട് ഞാന്‍ എറിയുന്നില്ല, അല്ലെങ്കില്‍ ഒരു കിലോ മീറ്റര്‍ ദൂരെ ഇരിക്കുന്ന ഓന്തിനെ ഒക്കെ ഞാന്‍ എറിഞ്ഞു താഴെ ഇടും രവിക്കുട്ടന്‍ പറഞ്ഞു, ഹി ഹി ഹി എന്നൊരു ചിരി കേട്ട് നോക്കിയപ്പോള്‍ വസന്ത ചേച്ചി നിന്ന് ചിരിക്കുന്നു, കഴിഞ്ഞ ദിവസം ഒരു ഓന്തിനെ കണ്ടു രവിക്കുട്ടന്‍ ഓടിയത് ഓര്‍ത്തു ചിരിച്ചതാവും,രവിക്കുട്ടന്‍ വസന്ത ചേച്ചിയെ കണ്ണ് കാണിച്ചു ഒന്നും പറയല്ലേ എന്ന് ,പക്ഷെ ആ പെണ്ണ് രവിക്കുട്ടന്‍റെ ആരാധികയായി മാറി എന്ന് അപ്പോള്‍ തന്നെ മനസിലായി , കാരണം അവള്‍ വസന്ത ചേച്ചിയോട് പറഞ്ഞു ചേച്ചീ എന്ത് ധൈര്യം ഈ കുട്ടിക്ക്, പട്ടിയെയും പൂച്ചയെയും ഓന്തിനെയും ഒന്നും ഒരു പേടിയുമില്ല ,രവിക്കുട്ടന്‍ അത് കേള്‍ക്കാത്ത പോലെ അടുത്ത് നിന്ന തെങ്ങില്‍ ഓടിക്കയറാന്‍ ശ്രമിച്ചു കൊണ്ട് നിന്നൂ ,പക്ഷെ അപ്പോഴേക്കും നിക്കറിന്‍റെ ബട്ടന്‍സ് പൊട്ടിപ്പോയ കാരണം ആ ശ്രമം നിറുത്തി, പതുക്കെ നിക്കര്‍ താഴെ വീഴാതെ പിടിച്ചു കൊണ്ട് രവിക്കുട്ടന്‍ അകത്തു പോയി, അല്‍പ നേരം കഴിഞ്ഞു പുതിയ നിക്കറും ഇട്ടു പുറത്തു വന്നു,അപ്പോഴേക്കും വൈകുന്നേരമായി, അമ്മൂമ്മ പറഞ്ഞു ഡാ മക്കളെ നീ രാധികയും കൊണ്ട് അമ്പലത്തില്‍ പോയിട്ട് വാ, രവിക്കുട്ടനു സന്തോഷമായി, കയ്യും കാലും മുഖവും കഴുകി രവിക്കുട്ടനും രാധികയും അമ്പലത്തിലേക്ക് പോയി, പോക്കുവെയില്‍ മുഖത്തടിച്ചപ്പോള്‍ രാധിക അതി സുന്ദരി ആയി രവിക്കുട്ടനു തോന്നി, രാധികയും അല്പം ആരാധനയോടെ രവിക്കുട്ടനെ നോക്കി,ഒരു വീരാരാധന, രാധികയുടെ കൈ പതുക്കെ കോര്‍ത്ത്‌ പിടിക്കണോ എന്ന് രവിക്കുട്ടന്‍ ആലോചിച്ചു, വേണ്ട ആരെങ്കിലും കണ്ടാലോ, അത് വേണ്ട, അങ്ങനെ ഇടയ്ക്കിടയ്ക്ക് അറിയാതെ ചേര്‍ന്നും പിന്നെ അകന്നും അവര്‍ അമ്പലത്തിലേക്ക് പോയി,എന്ത് രസം , പെട്ടെന്നാണ് രസം തകര്‍ത്തു കൊണ്ട് ആകാശം ഇടിഞ്ഞു വീണത്, ടമാര്‍, രവിക്കുട്ടന്‍ ഒരൊറ്റ ചാട്ടം,ഒരു നിമിഷം കഴിഞ്ഞാണ് ഓര്‍മ്മ തിരിച്ചു വന്നത്, അപ്പോള്‍ അല്ലെ മനസിലായത് രവിക്കുട്ടന്‍ വെടി പേടിച്ചു ചാടിക്കയറി ഇരിക്കുന്നത് രാധികയുടെ ഒക്കത്താണ്, രാധിക ദേഷ്യത്തോടെ രവിക്കുട്ടനെ അമ്മ കുഞ്ഞിനെ എന്ന പോലെ എടുത്തു കൊണ്ട് നില്‍ക്കുന്നു, ഈ ചെറുക്കന്‍റെ പേടി ഇത് വരെ മാറീല്ലേ? പേടിത്തൊണ്ടന്‍ എന്ന് പറഞ്ഞു കൊണ്ട് ഇതിനു കാരണക്കാരന്‍ വില്ലന്‍ കൃഷ്ണന്‍ ഒരു ചിരി, നാണക്കേടായി ,രവി പതുക്കെ ഊര്‍ന്നിറങ്ങി,എന്നിട്ട് പതിവ് പോലെ കാല്‍ വിരല്‍ കൊണ്ട് ചിത്രം വര തുടങ്ങി, രാധിക പുച്ഛത്തോടെ ഒരു നിമിഷം രവിക്കുട്ടനെ ഒന്ന് നോക്കി, എന്നിട്ട് വെട്ടിത്തിരിഞ്ഞ് ഒരു പോക്ക്,അല്‍പ്പ നേരം അവിടെ ചുറ്റിപ്പറ്റി നിന്ന് ചമ്മല്‍ മാറ്റിയശേഷം രവിക്കുട്ടനും പതുക്കെ വീട്ടില്‍ പോയി, അവിടെ എല്ലാരും ഇറങ്ങാന്‍ നില്‍ക്കുന്നു,യാത്ര പറഞ്ഞു കേറാന്‍ നേരം ആ ആന്റി പറഞ്ഞു രവിക്കുട്ടന്‍ ഭയങ്കര ധൈര്യ ശാലി ആണെന്ന് രാധിക പറഞ്ഞു ,മിടുക്കന്‍, ആണ്‍പിള്ളേര്‍ ആയാല്‍ അങ്ങനെ വേണം ,നോക്കിയപ്പോള്‍ ചിരി അടക്കി നില്‍ക്കുന്നു രാധിക, രവിക്കുട്ടന്‍ പതുക്കെ അമ്മയുടെ പുറകിലേക്ക് പോയി ഒളിച്ചു നിന്നൂ,അവര്‍ പോയ ശേഷം ഇരുട്ടായപ്പോള്‍ രവിക്കുട്ടന്‍ പതുക്കെ പുറത്തിറങ്ങി ഒരു വലിയ കല്ലെടുത്ത്‌ കൃഷ്ണന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ഒറ്റ ഏറു വെച്ച് കൊടുത്തു, പടുക്കോ എന്നൊരു ശബ്ദം കേട്ടൂ ,ആരെടാ അത് എന്ന കൃഷ്ണന്‍റെ അലര്‍ച്ചയും, ഞാനാടാ പട്ടീ എന്ന് ഉള്ളില്‍ പറഞ്ഞു കൊണ്ട് രവിക്കുട്ടന്‍ ഓടി വീട്ടില്‍ കയറി,എന്നാലും ആ ആന്റി തന്നെ കളിയാക്കിയതാണോ അതോ ശെരിക്കും പറഞ്ഞതാണോ? അതായിരുന്നു രവിക്കുട്ടന്‍റെ അന്നത്തെ ചിന്താ വിഷയം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ