2013, ജനുവരി 15, ചൊവ്വാഴ്ച

രവിക്കുട്ടന്റെ ഹോട്ടലില്‍ പോക്ക്

മധ്യവേനല്‍ അവധിക്കാലത്തിന്‍റെ ആലസ്യത്തില്‍ ഒരു ഉച്ചവെയില്‍ മയക്കത്തില്‍ രവി ഒഴുകി നടക്കവേ ആണ് ഒരു കാര്‍ വന്നു നിന്ന് ഹോണ്‍ അടിച്ചത് ,ഉറക്കം പോയെങ്കിലും അടിച്ചത് കാര്‍ ഹോണ്‍ ആയതിനാല്‍ രവിക്ക് ഒട്ടും ദേഷ്യം വന്നില്ല,അത്ര ഇഷ്ട്ടമായിരുന്നല്ലോ രവിക്ക് കാര്‍, അതിന്‍റെ ഹോണ്‍ എല്ലാം,പതുക്കെ എണീറ്റ്‌ കണ്ണ് തിരുമ്മി ഇരുന്നപ്പോള്‍ അനിയത്തി ഓടിവന്നു പറഞ്ഞു ചേട്ടാ രാജന്‍ മാമന്‍ വന്നു എന്ന്, അയ്യോ രാജന്‍ മാമനോ? രവി ഒരു കുതിപ്പിനു വെളിയില്‍ എത്തി, അതാ കിടക്കുന്നു ഒരു വെളുത്ത ബെന്‍സ് കാര്‍,അതില്‍ നിന്നും ഇറങ്ങുന്നു രാജന്‍ മാമന്‍, സാലിചെച്ചി , അച്ഛന്‍റെ ഒരു ക്രിസ്ത്യന്‍ സുഹൃത്താണ് രാജന്‍ മാമന്‍,കോടീശ്വരന്‍, അവരെല്ലാം ഇന്ന് വരും എന്ന് പറഞ്ഞ കാര്യം രവി പാടെ മറന്നു പോയിരുന്നു,സാധാരണ രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ രാജന്‍ മാമന്‍ മാത്രം വരും, എന്തെങ്കിലും ബിസിനെസ്സ് കാര്യങ്ങള്‍ ശെരിയാക്കാന്‍ ആയിരിക്കും ആ വരവ്, ഫാമിലി ആയിട്ട് വന്നിട്ട് ഏകദേശം രണ്ടു വര്ഷം കഴിഞ്ഞു കാണും, ജോലിക്കാരി വാസന്തി വന്നു അവര്‍ എടുത്തു വെച്ച രണ്ടു തടിമാടന്‍ പെട്ടികള്‍ എടുത്തു മുകളിലെ നിലയില്‍ കൊണ്ട് പോയി,( വസന്ത ഒന്നാമിക്കും, രണ്ടാമിക്കും ഇടയില്‍ അല്‍പ കാലത്തേക്ക് വന്നതാണ്‌ ഈ വാസന്തി ചേച്ചി) .പെട്ടി എല്ലാം കണ്ടപ്പോള്‍ സന്തോഷം കാരണം രവിക്ക് തുള്ളിച്ചാടാന്‍ തോന്നി, സാലിചെച്ചി അപാര ഹ്യൂമര്‍ സെന്‍സ് ഉള്ള ഒരു സ്ത്രീ ആണ്,നല്ല രസമായിരിക്കും ഇനി രണ്ടു ദിവസത്തേക്ക്,അവര്‍ ആദ്യമായിട്ടാണ് ഇവിടെ സ്റ്റേ ചെയ്യാന്‍ വരുന്നത്, അച്ഛന്റെയും അമ്മയുടെയും കിടപ്പ് മുറിയില്‍ ആണ് വാസന്തി ചേച്ചി പെട്ടികള്‍ കൊണ്ട് വെച്ചത്, ആദ്യമായിട്ടാണ് അച്ഛനും അമ്മയും അവരുടെ കിടപ്പ് മുറി ഒഴിഞ്ഞു കൊടുക്കുന്നത്, അല്ലെങ്കില്‍ ആരെയും അങ്ങോട്ട്‌ കയറ്റുക പോലുമില്ല, അച്ഛന്‍റെ പൌഡര്‍,പെര്‍ഫ്യൂം എല്ലാം വെറുതെ പോയി ഒന്ന് നോക്കിക്കൊണ്ട്‌ നിന്നാല്‍ പോലും അപ്പൊ കിട്ടും തലക്കടി, അനിയത്തിയുടെ ടൈം ബെസ്റ്റ് ടൈം ,അവള്‍ നല്ല സുഖമായി അവരുടെ ഇടയില്‍ കിടന്നാണ് ഉറക്കം, എന്നതാ രവിയേ എന്ന് ചോദിച്ചു സാലിച്ചേച്ചി രവിയുടെ തലക്കിട്ടു തോണ്ടിയപ്പോള്‍ രവി ഓര്‍മ്മകളില്‍ നിന്ന് തിരികെ വന്നു, രവി പൊക്കം വെച്ചു കേട്ടോ സാറെ രാജന്‍ മാമന്‍ അച്ഛനോട് പറഞ്ഞു ,എല്ലാരും തിരിഞ്ഞു നോക്കിയപ്പോള്‍ രവി ഉപ്പൂറ്റി അല്പം പൊക്കി ഇല്ലാത്ത പൊക്കം അഭിനയിച്ചു നിന്നൂ,ശെരിയാന്നല്ലോ സാലിചേച്ചി തല കുലുക്കി, അപ്പൊ രാത്രി ആഹാരം കഞ്ഞി മതിയോ? അമ്മയുടെ വക ചോദ്യം,കഞ്ഞിയോ ,നശിച്ച സാധനം, , രവി മനസ്സില്‍ കരുതി, എന്തെങ്കിലും നല്ലത് കഴിക്കാന്‍ കിട്ടുന്നത് ഇത് പോലെ ആരെങ്കിലും വരുമ്പോഴാണ്, അതിനിടക്ക് ഇതാ പന്ന കഞ്ഞിയും പൊക്കിക്കൊണ്ട് വന്നിരിക്കുന്നു,ചേച്ചിയേ ഓ കഞ്ഞി ഒന്നും വേണ്ടന്നെ നമുക്ക് വെളിയില്‍ പോയി എന്നായെലും കഴിക്കാമെന്നേ സാലിചേച്ചി പറഞ്ഞു,രവിയുടെ മനസ്സില്‍ അമിട്ട് പൊട്ടി,അനിയത്തിയും രവിയും ആശയോടെ, പ്രതീക്ഷയോടെ അമ്മയുടെയും അച്ഛന്റെയും മുഖത്തേക്ക് നോക്കി,അവര്‍ ആണെങ്കില്‍ ന്യൂക്ലിയര്‍ ബോംബ്‌ ഇടുന്നതിനു മുന്നേ ഒക്കെ അമേരിക്കന്‍ പ്രസിഡന്റ്‌ ആലോചിക്കുന്ന പോലെ ആലോചിച്ചു കൊണ്ട് നില്ക്കുന്നു,അച്ഛാ പുവാം അച്ഛാ, അച്ഛാ പുവാം അച്ഛാ ,രവിയും അനിയത്തിയും കോറസ് പാടുന്നത് കേട്ട് മറ്റുള്ളവര്‍ കണ്ണ് തള്ളി, അച്ഛനും അമ്മയും പെട്ടെന്ന് പറഞ്ഞു ആ പോകാം പോകാം,അങ്ങനെ രവിയും അനിയത്തിയും ചാടിത്തുള്ളിയും,അമ്മയും അച്ഛനും പല്ലും കടിച്ചു മുഖം വീര്‍പ്പിച്ചും അകത്തു പോയി, ഡ്രസ്സ്‌ ചെയ്യാന്‍ കേറിയ ഉടനെ രവിക്ക് തലക്കിട്ടു കിട്ടി കൊട്ട്, "ക്ടിംഗ്" എന്താടാ ഹോട്ടല്‍ ഇത് വരെ നീ കണ്ടിട്ടില്ലേ, അവിടെ പോയി കഴിച്ചിട്ടില്ലേ ,ചില ദരിദ്രവാസി പിള്ളേരെ പോലെ ..അയ്യോ അച്ഛാ പുവാം പോലും..,മനുഷ്യനെ നാണം കെടുത്തും ,അപ്പൊ അനിയത്തിയും അങ്ങനെ പറഞ്ഞല്ലോ രവി തല തടവിക്കൊണ്ട് പറഞ്ഞു, അവള്‍ക്കും ഒരു അടിയുടെ കുറവുണ്ട്,അമ്മ പറഞ്ഞു, കുറവ് പോലും കുറവ്, എങ്ങനെ വരാതിരിക്കും കുറവ്, ,ഒരിക്കലും അവളെ അടിക്കൂല,
അങ്ങനെ അല്‍പ്പ സമയത്തിനകം എല്ലാവരും വേഷം മാറി ബെന്‍സ് കാറില്‍ കയറി നേരെ ഹോട്ടെലില്‍ പോയി, ആസാദ്‌ ഹോട്ടല്‍ ആണ് രവിയുടെ സങ്കല്പ്പ്ത്തിലെ ഹോട്ടല്‍, പക്ഷെ പോയത് അവിടെ അല്ല ,ഇത് വേറെ ഏതോ കൊട്ടാരം ആണ്, രവിക്ക് ദേഷ്യം വന്നു , ഇനി ഈ കൊട്ടാരം ഒക്കെ കണ്ടിട്ട് എപ്പോ കഴിക്കാന്‍ പോകും ,അതോ സ്ഥലം മാറിപ്പോയോ? അപ്പോള്‍ ആണ് അച്ഛന്‍ പറയുന്നത് ഇതാണ് ഹോട്ടല്‍ എന്ന് , തടിമാടന്‍ കാറില്‍ നിന്ന് വല്ല വിധവും ഊര്‍ന്നിറങ്ങിയപ്പോള്‍ അതാ നേരെ മുന്നില്‍ പടത്തില്‍ ഒക്കെ സ്ഥിരം കാണാറുള്ള രാജാവ്‌ നില്ക്കുന്നു, അമ്മൂമ്മ പണ്ട് ആറാട്ടിനു പോയപ്പോള്‍ രാജാവിനെ തൊഴുത പോലെ രവി അയാളെ താണ് തൊഴുതു,അപ്പോള്‍ തന്നെ കയ്യോടെ കിട്ടി അച്ഛന്‍റെ വക തലയ്ക്കു കൊട്ട് "ക്ടിംഗ്"
അയാള്‍ അവിടെ ഡോര്‍ തുറക്കാന്‍ നിന്ന ആളാണ് പോലും, രാജാവല്ല, പക്ഷെ കണ്ടാല്‍ തോന്നണ്ടേ, രവി തലയും തടവി പിറ് പിറുത്തു കൊണ്ട് അകത്തു പോയി,ഏതോ പണിയില്ലാത്ത രാജാവിനെ പിടിച്ചു നിറുത്തിയതായിരിക്കും ,അകത്തു കയറിയപ്പോള്‍ ശെരിക്കും ഞെട്ടിപ്പോയി,എന്തൊരു തണുപ്പ്, ഇരുട്ടും നല്ല മണവും, ചെറിയ ശബ്ദത്തില്‍ പറ്റും കേള്‍ക്കാം, മാത്രമല്ല അകത്തു നിറയെ കുറെ രാജാക്കന്മാര്‍ പാത്രവും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു,ഒരു മേശ ഇരുട്ടത് തപ്പി പിടിച്ചു രവി ഇരുന്നു, അപ്പോള്‍ അതാ ഒരു രാജാവ്‌ വന്നു രവിയോട് പറയുന്നു "സോറി ദിസ്‌ സീറ്റ് ഈസ്‌ റിസര്‍വുഡ് , രവി തല കുലുക്കി ചിരിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു, കാരണം ഒന്നും മനസിലായില്ല, അരണ്ട വെളിച്ചത്തില്‍ നോക്കിയപ്പോള്‍ അതാ അച്ഛന്‍ ഇരുട്ടത്ത് രവിയുടെ തല ലക്ഷ്യമാക്കി വരുന്നു എന്തിനു ? തലക്കിട്ടു കൊട്ടാന്‍, അപ്പൊ എന്തോ കുഴപ്പം ഉണ്ട്, രവി ഇരുട്ടത്ത് ഓടി പോയി മറ്റുള്ളവര്‍ ഇരുന്ന മേശയുടെ അടുത്ത് പോയി , കൊട്ടാന്‍ ഉള്ള അവസരം നഷ്ട്ടമായ ദേഷ്യത്തില്‍ അച്ഛന്‍ രവിയെ തുറിച്ചു നോക്കി തിരികെ വന്നിരുന്നു, കുറെ നേരം ഇരുന്നു ബോര്‍ അടിച്ചപ്പോള്‍ ആഹാരം വന്നു, ആദ്യം വന്നത് സൂപ്പ് ആണ്, എല്ലാരും ചെറിയ ഒരു കുപ്പി എടുത്തു അതില്‍ ഇട്ടു കുടയുന്നു, രവി അമ്മയെ നോക്കി ,അപ്പോള്‍ അമ്മ പറഞ്ഞു അത് ഉപ്പും കുരുമുളകും ആണ്, ആവശ്യമുണ്ടെങ്കില്‍ ഇട്ടോളാന്‍ ,അത് കൊള്ളാം ആവശ്യമുണ്ടോന്നു,രവി അത് എടുത്തു ഒറ്റ കുടയല്‍, ബ്ലും,അടപ്പ് തുറന്നു അകത്തുള്ള ഉപ്പു മുഴുവന്‍ അടപ്പോടെ സൂപ്പില്‍ വീണു, പതുക്കെ ചുറ്റും നോക്കിയപ്പോള്‍ ആരും കണ്ടില്ല,പതുക്കെ അടപ്പെടുത്ത് വെളിയില്‍ വെച്ചിട്ട് രവി ആ സൂപ്പ് ഒന്ന്‍ കുടിച്ചു നോക്കി, "ബ്വ " അറിയാതെ ശര്‍ദ്ദിക്കാന്‍ വന്നു, ഉപ്പു മയം, അച്ഛന്‍ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോള്‍ രവി ഒരു സ്പൂണ്‍ കുടിക്കുന്ന പോലെ കാണിച്ചു പതുക്കെ സൂപ്പ് മാറ്റി വെച്ചു, രവി ഒന്നും കഴിക്കത്തില്ല അല്ലേ ? രാജന്‍ മാമന്‍ ചോദിച്ചു, സൂപ്പ് പോയ വിഷമത്തില്‍ അണ്ടി കളഞ്ഞ ആനന്ദക്കുട്ടനെ പോലെ ഇരുന്ന രവി വെറുതെ തലയാട്ടി , അനിയത്തിക്ക് അമ്മ സ്പൂണില്‍ എടുത്തു കൊടുക്കുന്നു,രവി ദേഷ്യത്തില്‍ അടുത്തിരുന്ന പ്ലേറ്റിലെ ഒരു സാധനം എടുത്തു കടിച്ചു, പക്ഷെ അത് മുറിയുന്നില്ല ടേയ്സ്റ്റ് ആണെങ്കില്‍ ഒട്ടും ഇല്ല, "ക്ടിംഗ്", തലയ്ക്കു കൊട്ട്, കാരണം അത് കഴിക്കാന്‍ ഉള്ള സാധനം അല്ല . നാപ്കിന്‍ എന്ന ഏതോ പണ്ടാരമാണ്, കഴിക്കുമ്പോള്‍ മടിയില്‍ ഇടാനും ചുണ്ട് തുടക്കാനും ഉള്ള തുണി, നാണം കെടുത്തും ,അച്ഛന്‍ പറഞ്ഞു,ഇതെന്തൊരു ഹോട്ടല്‍, രവി ചുണ്ടും കൂര്‍പ്പിച്ചു ഇരുന്നു, ആസാദ്‌ ആയിരുന്നെങ്കില്‍ ഒരു ബിരിയാണിയും തിന്നു എപ്പോഴേ വീട്ടില്‍ പോകാമായിരുന്നു, സ്വല്പം കഴിഞ്ഞു രാജാവ്‌ വന്നു എല്ലാ സൂപ്പ് പാത്രങ്ങളും എടുത്തു കൊണ്ട് പോയി, പകരം നല്ല കുറെ പാത്രങ്ങള്‍ വന്നു, എന്തെല്ലാമോ കുറെ സാധനങ്ങളും, അല്പം കഴിഞ്ഞു ഒരു രാജാവ്‌ അടുത്ത് വന്നു ചോദിച്ചു, എക്സ്ക്യൂസ് മീ നൂഡില്‍സ്? രവി ചിരിച്ചു കൊണ്ട് തലയാട്ടി, അതാ കുറെ പുഴുക്കളെ പ്ലേറ്റില്‍ ഇടുന്നു,യൂ ലൈക്‌ ഗാര്‍ലിക്ക് ചിക്കന്‍? അടുത്ത രാജാവ്‌, ഈ പണ്ടാരക്കാലന്മാര്‍ക്ക് വിളമ്പിയാല്‍ പോരെ. ഇങ്ങനെ ഇംഗ്ലീഷ് പറഞ്ഞു ആള്‍ക്കാരെ പേടിപ്പിക്കണോ, ഒന്നും പറയാത്ത കാരണം അയാള്‍ തോന്നിയതൊക്കെ രവിയുടെ പ്ലേറ്റില്‍ ഇട്ടിട്ടു പോയി, രവി ആ വാശിയില്‍ കുറെ നൂഡില്‍സ് വാരി വാരിത്തിന്നു, അതാ അച്ഛന്‍ കണ്ണുരുട്ടുന്നു, രവിക്ക് ചിരി വന്നു, പടത്തിലെ ഏതോ ദൈവത്തിനെ പോലെ അച്ഛന്‍ ഒരു കയ്യില്‍ മുള്ളും മറുകയ്യില്‍ സ്പൂണുമായി ഇരിക്കുന്നു, ഭാഗ്യം കൈ ഒഴിവില്ല അല്ലെങ്കില്‍ ഇപ്പൊ കൊട്ടിയേനെ, രവി ഈ സാധനങ്ങള്‍ വെച്ച് കഴിക്കാത്തത് കൊണ്ടാണ് അച്ഛന്‍ തുറിച്ചു നോക്കുന്നത്, എന്നാല്‍ പിന്നെ പരീക്ഷിച്ചു കളയാം, രവി പതുക്കെ ഒരു കൈ കൊണ്ട് ഒരു മുള്ള് എടുത്തു ,ഒരു ചിക്കന്‍ കഷണത്തില്‍ അമര്ത്തി കുത്തി, ആ കഷണം പ്ലുക്ക് എന്ന ശബ്ദത്തില്‍ തെറിച്ചു എങ്ങോട്ടോ പോയി,മുള്ള് പാത്രത്തില്‍ കൊണ്ട് ഒരു ഭീകര ശബ്ദവും,എല്ലാരും രവിയെ നോക്കി,രവി ഒന്നുമറിയാത്ത പോലെ ആ തെറിച്ചു പോയ കഷണം എങ്ങോട്ട് പോയി എന്ന് മേശയുടെ അടിയിലേക്ക് നോക്കി ഇരുന്നു, അങ്ങനെ വല്ല വിധവും അതും കഴിഞ്ഞു കിട്ടി,അതാ വീണ്ടും വരുന്നു രാജാവ്‌, യൂ വാണ്ട് എനി ഡെസെര്‍ട്ട് ? ഹി ഹി ഹി രവി ഉറക്കെ ചിരിച്ചു, ഡാ ഐസ് ക്രീം വേണോ എന്നാണ് ചോദിച്ചത് അമ്മ പറഞ്ഞു ,ഓഹോ എന്നാല്‍ പിന്നെ ഐസ് ക്രീം എന്ന് പറഞ്ഞാല്‍ പോരെ,ജോയ് കപ്പ്‌ ഐസ് ക്രീം, വെള്ള, രവി പറഞ്ഞു, ആകെ അതെ അറിയാവു,വാട്ട്‌? രാജാവ്‌ ,കാരമല്‍ കസ്റ്റര്‍ട് ,ലെമണ്‍ സൂഫ്ലെ ,സ്വിസ് റോള്‍, ദൈവമേ ഇതൊക്കെ ആരുടെയെങ്കിലും പേരാണോ? രവി കണ്ണ് തള്ളി, അപ്പോള്‍ രാജന്‍ മാമന്‍ പറഞ്ഞു എല്ലാവര്ക്കും കാരമല്‍ കസ്റ്റര്‍ട് കൊണ്ട് വരാന്‍, ഓ അപ്പൊ അതെല്ലാം കഴിക്കാന്‍ ഉള്ള സാധനങ്ങള്‍ തന്നെ ആണല്ലേ? ദൈവമേ, അല്പം കഴിഞ്ഞപ്പോള്‍ അതാ രാജാവ്‌ വരുന്നു കയ്യില്‍ കുറെ പാത്രങ്ങള്‍ , ഒരെണ്ണം രവിയുടെയും മുന്നില്‍ വെച്ചു,ഒരു നിറവുമില്ല , മണവുമില്ല ,ഒരു കാരമല്‍ കസ്റ്റര്‍ട് ,ഇതിലും ഭേദം ജോയ് കപ്പ്‌ ഐസ് ക്രീം ആയിരുന്നു, രവി ദേഷ്യത്തില്‍ അതെടുത്തു ഒറ്റ കുടി, വെറും ചൂട് വെള്ളം, ഒരു നാരങ്ങ കഷണവും, "ക്ടിന്‍ " തലയ്ക്കു കൊട്ട്, അത് ഫിംഗര്‍ ബൌള്‍ ആണ് പോലും , എന്ന് വെച്ചാല്‍?നിനക്ക് കൈ കഴുകാന്‍ തന്നതാണെന്ന്,അയ്യേ ,അതാ എല്ലാരും കൈ അതില്‍ മുക്കി കഴുകുന്നു, അനിയത്തി പോലും, ഇവള്‍ ഇത് എങ്ങനെ മനസ്സിലാക്കി, ആരും കണ്ടില്ലല്ലോ, ചുറ്റും നോക്കിയപ്പോള്‍ അതാ ഒരു രാജാവ്‌ എല്ലാം കണ്ടിട്ട് അമര്‍ത്തി ചിരിക്കുന്നു, ദുഷ്ട്ടന്‍ .
അങ്ങനെ ഒടുവില്‍ കാരമല്‍ കസ്റ്റര്‍ട് വന്നു, അത് കഴിക്കാന്‍ ഉള്ള സാധനം തന്നെ ആണെന്ന് എല്ലാരോടും ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം ആണ് രവി അത് കഴിച്ചത്, ഒടുവില്‍ എല്ലാം കഴിച്ചു വെളിയില്‍ ഇറങ്ങിയപ്പോള്‍ എന്‍റെ അമ്മോ, എന്തൊരു ചൂട്, അപ്പൊ പുറത്തെ തണുപ്പെല്ലാം വലിച്ചെടുത്തു അകത്തു വിടുന്നത് കൊണ്ടാണ് അകത്തു ആ തണുപ്പും പുറത്തു ഈ ചൂടും, കൊള്ളാം ഈ ഹോട്ടലുകാര്‍ ,രാത്രി വൈകി വീട്ടില്‍ എത്തി മുകളിലെ കിടപ്പ് മുറി കണ്ടപ്പോള്‍ ഞങ്ങള്‍ തന്നെ കണ്ണ് തള്ളി, വാസന്തി ചേച്ചി അത് വിരിച്ചു മനോഹരമാക്കിയിരിക്കുന്നു, സാലി ചേച്ചി പറഞ്ഞു, ഇവള് ആളു കൊള്ളാവല്ലോ, എന്നതാ നിന്‍റെ പേര്, അമ്മ പറഞ്ഞു അവള്‍ടെ പേര് വാസന്തി , നീ താഴെ പൊക്കോ , അമ്മക്ക് ജോലിക്കാരികള്‍ ആരുമായും ഇടപഴകുന്നത് അത്ര ഇഷ്ടമല്ല , പിറ്റേന്ന് കാലത്ത് ആഹാരം കഴിഞ്ഞപ്പോള്‍ രാജന്‍ മാമന്‍ പറഞ്ഞു ചേച്ചിയെ സാറെ ഞങ്ങള്‍ ഇപ്പൊ പോകുവാന്നെ, ഇച്ചരെ പണിയുണ്ട് സെക്രട്ടറിയെറ്റില്‍ ,അത് കഴിഞ്ഞാല്‍ അങ്ങ് പോകും, അതിനിടക്ക് സാലി ചേച്ചി അനിയത്തിയുടെ ചെവിയില്‍ ഒരു കമ്മല്‍ ഇട്ടു കൊടുക്കുന്നത് കണ്ടു, അത്ചേ കഴിഞ്ഞു സാലി ചേച്ചി പറഞ്ഞു, ചേച്ചിയെ സൂക്ഷിച്ചോണേ ,ഗള്‍ഫില്‍ നിന്ന് അച്ചായന്‍ കൊണ്ട് വന്നതാ,അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി, കമ്മല്‍ കുലുക്കാന്‍ വേണ്ടി ആയിരിക്കും അനിയത്തിയും തലയാട്ടി ,വാസന്തി ചേച്ചിയും ചിരിച്ചു കൊണ്ട് നിപ്പുണ്ട്, നോക്കിയപ്പോള്‍ അതാ സാലി ചേച്ചി ഒരു നോട്ട് ചുരുട്ടി വാസന്തി ചേച്ചിയുടെ കയ്യില്‍ വെച്ച് കൊടുക്കുന്നു, അമ്മ അത് കണ്ടു, അവരെല്ലാം യാത്ര പറഞ്ഞു പോയ ഉടനെ അമ്മ ഓടി തിരികെ വന്നു, എന്താണ് സാലി തന്നത്, അപ്പോള്‍ വസന്ത ചേച്ചി കാണിച്ചു, ചേച്ചീ ഒരു നൂറു രൂപ നോട്ടാണ്, നല്ല സാലി ചേച്ചി അല്ലെ ചേച്ചീ . വസന്ത ചേച്ചിയുടെ ശമ്പളം നൂറു രൂപ ആണ് എന്നോര്‍ക്കണം, ,ഇത് ശെരിയാവില്ല,അത് ഇങ്ങു താ, അമ്മ കൈ നീട്ടി, എനിക്ക് തന്നതാ ചേച്ചി, അതൊക്കെ ശെരി, പക്ഷെ ആ പരിപാടി ഇവിടെ പറ്റില്ല, അമ്മ പറഞ്ഞു, വാസന്തി ചേച്ചി മനസ്സില്ലാ മനസ്സോടെ ഒടുവില്‍ അത് അമ്മേടെ കയ്യില്‍ കൊടുത്തു, അമ്മ ഉടനെ തിരികെ ഒരു പത്തു രൂപ കൊടുത്തു, ഇന്നാ വെച്ചോ, മറ്റേതു ഞാന്‍ സാലിക്ക് തിരികെ കൊടുക്കും, എനിക്ക് വേണ്ട ചേച്ചീടെ പത്തു കൂവാ ,വാസന്തി ചേച്ചി മുഖം വലിച്ചു കെട്ടി കണ്ണീരും ഒലിപ്പിച്ചു അകത്തേക്ക് ഒറ്റ പോക്ക് ,അച്ഛന്‍ വന്നു പറഞ്ഞു, നീ അതങ്ങ് കൊടുത്തേക്കു,അവര് അവള്ക്കു കൊടുത്തതല്ലേ, അങ്ങനെ ഇപ്പം വേണ്ട, അത് ശെരിയാകില്ല ,ഇങ്ങനെ ശീലമായാല്‍ അവള്‍ എല്ലാവരോടും ഇത് പ്രതീക്ഷിക്കും,എന്തോ ചെയ്യ് എന്ന് പറഞ്ഞു അച്ഛന്‍ ദേഷ്യത്തില്‍ അകത്തു പോയി,പിറ്റേന്ന് രാവിലെ ആയപ്പോള്‍ ആണ് അറിയുന്നത് വാസന്തി ചേച്ചിയെ കാണുന്നില്ല, അതി രാവിലെ പെട്ടിയും കിടക്കയും എല്ലാം എടുത്തു സ്ഥലം വിട്ടിരിക്കുന്നു,പോകുന്നെങ്കില്‍ പോട്ടെ, അങ്ങനെ കൊള്ളില്ലല്ലോ അമ്മ പറഞ്ഞു, അച്ഛന്‍ പറഞ്ഞു ഇനി ജോലിക്കാരി ഇല്ല എന്ന് വല്ലതും പരാതി പറഞ്ഞാല്‍ ഉണ്ടല്ലോ, അതിനിടക്ക് അനിയത്തി കയറി വന്നു, അപ്പോള്‍ ആണ് എല്ലാരും കാണുന്നത് ,അവള്‍ടെ കാതില്‍ പുതിയ കമ്മല്‍ ഇല്ല, അത് വാസന്തി ചേച്ചി അഴിച്ചു വാങ്ങി എന്ന് അനിയത്തി പറഞ്ഞു, അപ്പൊ അതും കൊണ്ടാണ് വാസന്തി ചേച്ചി പോയത്, കണക്കായിപ്പോയി അച്ഛന്‍ കൂട്ടിച്ചേര്‍ത്തു ,,ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ, ഇപ്പോള്‍ മനസിലായല്ലോ അവള്‍ടെ യഥാര്‍ത്ഥ സ്വഭാവം, പോയത് നന്നായി , ഒരു ഉണക്ക കമ്മല്‍ അല്ലെ കൊണ്ട് പോയുള്ളൂ ,ഞാന്‍ സഹിച്ചു. അമ്മ തലയും വെട്ടി തിരിച്ചു അകത്തു പോയി,അല്‍പ്പം കഴിഞ്ഞു ഒരു ഫോണ്‍ വന്നു, നോക്കിയപ്പോള്‍ സാലി ചേച്ചി ആണ്, ഫോണ്‍ സംസാരം കഴിഞ്ഞു അമ്മ തലയില്‍ കൈ വെച്ച് താഴെ ഇരുന്നു ,എന്ത് പറ്റി അച്ഛന്‍ ചോദിച്ചു, അമ്മ ഒന്നും മിണ്ടുന്നില്ല ,കാര്യം പറ അച്ഛന് ദേഷ്യം വന്നു, സാലി ചേച്ചി പറഞ്ഞത് ഇതായിരുന്നു ,ചേച്ചിയെ ആ കമ്മല്‍ ഉണ്ടല്ലോ , മിനിക്ക് ഞാന്‍ കൊടുത്ത കമ്മല്‍ ,അത് ആയിരം രൂപേടെ കമ്മലാ, അത് അപ്പൊ പറഞ്ഞാല്‍ ചേച്ചി അത് വാങ്ങത്തില്ല ,അതോണ്ടാ പറയാഞ്ഞേ ,സൂക്ഷിച്ചോണേ . സാലി ചേച്ചിയോട് എന്ത് മറുപടി പറയാന്‍ , നൂറു രൂപ അവര് ടിപ് കൊടുത്തത് അമ്മ തിരികെ വാങ്ങി എന്നോ? അത്തി രികെ വാങ്ങിയ ദേഷ്യത്തില്‍ വാസന്തി ചേച്ചി കമ്മല്‍ അടിച്ചോണ്ട് പോയി എന്നോ , എടീ നിനക്ക് ഇത് ആവശ്യമായിരുന്നു, അച്ഛന്‍ ദേഷ്യം സഹിക്കാന്‍ പറ്റാതെ ശവത്തില്‍ കുത്തി, അമ്മ ആയതു നന്നായി, രവി ആയിരുന്നു ഇത് ചെയ്തെങ്കില്‍ എപ്പോ തലക്കിട്ട് കൊട്ടി എന്ന് ചോദിച്ചാല്‍ മതി, രവി അറിയാതെ തല തടവി, സ്വല്പ നേരം കഴിഞ്ഞു ,അച്ഛാ അച്ഛാ, അമ്മ പതുക്കെ വിളിക്കുന്നു, എന്ത് വേണം? അച്ഛന്റെ ദേഷ്യത്തില്‍ ഉള്ള മറുപടി, അച്ഛന്‍ പോയി അവള്‍ടെ വീട് തപ്പിപ്പിടിച്ചു ഒന്ന് പറ അച്ഛാ, നൂറു രൂപ തിരികെ തരാം, ആ കമ്മല്‍ തിരികെ തരാന്‍, "ഭാ" പൊക്കോണം അവിടുന്ന്, അച്ഛന്‍ ഒറ്റ ചാട്ടം ,അത് കേട്ട രവിയും അമ്മയും കമ്മല്‍ ഇടാത്ത അനിയത്തിയും എല്ലാം തെറിച്ചു വീടിനു വെളിയില്‍ പോയി, അങ്ങനെ അന്ന് അമ്മ ചുണ്ടക്ക കൊടുത്തു വഴുതനങ്ങ വാങ്ങി. മാസങ്ങള്‍ക്ക് ശേഷമുള്ള അടുത്ത വരവില്‍ സാലി ചേച്ചി കമ്മല്‍ മറന്നു പോയി എന്ന് തോന്നുന്നു, കാരണം ഒന്നും ചോദിച്ചില്ല, പക്ഷെ അമ്മ അവര് തിരികെ പോയിട്ടാണ് ശ്വാസം നെരെ വിട്ടത്,
വാല്‍ക്കഷണം -അന്ന് രാത്രി ഹോട്ടലില്‍ പോയപ്പോള്‍ രവി പോയില്ല, തിരികെ വരുന്ന വഴി ആസാദ്‌ ഹോട്ടലില്‍ നിന്ന് അച്ഛന്‍ വാങ്ങിയ ബിരിയാണി കഴിച്ചു രവി സംതൃപ്തനായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ