2013, ജനുവരി 15, ചൊവ്വാഴ്ച

ശിഷ്യന്റെ മോഷണം

ശിഷ്യന്‍ കയറി വന്ന പാടെ ഗുരു ചോദിച്ചു, എടാ നിന്നെ ഇന്നലെ ആ കടയില്‍ പിടിച്ചു വെച്ചിരിക്കുന്നത് കണ്ടല്ലോ. എന്താ കാര്യം? ഓഹോ അപ്പൊ ഗുരു അത് കണ്ടു അല്ലെ? എന്നിട്ട് എന്താ നിക്കാതെ പോയത്, അത് ഞാന്‍ അത്യാവശ്യമായിട്ട് ഒരു സ്ഥലത്ത് പോയതാ, അതാ നിക്കാത്തത് , ഗുരു വീണിടത്ത് കിടന്നുരുണ്ടു, ആവശ്യത്തിനു ഒരു ഗുരുവും ഉപകരിക്കില്ല എന്നാണ് ഈ കഥയിലെ ഗുണപാഠം ,ശിഷ്യന്‍ പറഞ്ഞു,നീ കാര്യം പറ, ഗുണപാഠം ഒക്കെ അവസാനം ഞാന്‍ ആണ് പറയേണ്ടത്, എന്ത് പറയാനാ ഗുരോ, എനിക്ക് ഒരു ചെറിയ അസുഖം ഉണ്ട്, എനിക്കറിയാം, വരട്ടു ചൊറി അല്ലെ? ഗുരു ചോദിച്ചു, ഒന്ന് പോ ഗുരു അതൊന്നുമല്ല , മോഷണം, ങേ? ഗുരു ഞെട്ടി, ഞെട്ടണ്ട അത്ര വലിയ മോഷണം ഒന്നുമല്ല ഗുരോ കടയിലോ വീടുകളിലോ ഒക്കെ പോകുമ്പോള്‍ ഓരോ ,ചെറിയ ചെറിയ സാധനങ്ങള്‍ ആരും അറിയാതെ ഇങ്ങനെ ഒരു തമാശക്ക് എടുത്തു പോക്കെറ്റില്‍ ഇടും,അങ്ങനെ ഒരു ഹോബി,ഇത് ഹോബി അല്ല, തല്ലു കൊള്ളിത്തരം ആണ്, ഗുരുവിനു ദേഷ്യം വന്നു, എടാ ഈ ചെറിയ ചെറിയ മോഷണം ചെയ്തു ചെയ്തു നീ ഒരു കായം കുളം കൊച്ചുണ്ണി ആയിട്ട് മാറും ഒടുവില്‍, നോക്കിക്കോ,ഇല്ല ഗുരോ തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ ഒരേ നിലവാരത്തില്‍ ആണ് നില്‍ക്കുന്നത് മോഷണം,അപ്പൊ കുട്ടിക്കാലത്തെ ഉണ്ടോ? പിന്നെ,ജനിച്ചത്‌ മുതല്‍ ഉണ്ട്, ഓഹോ പ്രസവം എടുത്ത വയറ്റാട്ടിയുടെ മോതിരം മോഷ്ടിച്ചായിരിക്കും തുടക്കം അല്ലെ ,ഒന്ന് പോ ഗുരോ, സ്കൂളില്‍ കൂട്ടുകാരുടെ പേന റബ്ബര്‍ ഒക്കെ എടുത്താണ് തുടക്കം, അപ്പൊ നല്ല തല്ലു കിട്ടിക്കാണുമല്ലോ വീട്ടില്‍ നിന്ന്, ഹേ ഇല്ല, അത്രയും പേന കുറച്ചു വാങ്ങിച്ചാല്‍ മതിയല്ലോ എന്ന രീതി ആയിരുന്നു അച്ഛനും അമ്മയ്ക്കും,കൊള്ളാം നല്ല മാതാപിതാക്കള്‍, എനിക്ക് ഒരു കഥ ഓര്‍മ്മ വരുന്നു, തൊടങ്ങി ശിഷ്യന്‍ മനസ്സില്‍ കരുതി ,ഗുരുവിനു ഇടയ്ക്കിടയ്ക്ക് തുമ്മല്‍ വരുമ്പോലെ ആണ് ഇങ്ങനെ കഥ വരുന്നത്, തുമ്മാതെ ഇരുന്നാല്‍ ഉള്ള പോലെയുള്ള അസ്വസ്ഥത ആണ് കഥ പറയാതെ ഇരുന്നാല്‍ ഗുരുവിനു ,ഒരിടത്തൊരിടത്ത് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു, അവരല്ലാതെ വേറെ ആരും അവിടെ ഇല്ലായിരുന്നോ, മിണ്ടരുത്, ശെരി, അപ്പോള്‍ ആ രണ്ടു കുട്ടികള്‍ പഠിക്കാന്‍ പോകുന്ന വഴി ഒരു പൂട്ടിക്കിടക്കുന്ന വീടുണ്ട്, അവിടെ കയറി അവര്‍ മോഷ്ട്ടിച്ചോ? ഇനി നീ മിണ്ടരുത്, ഗുരു ചൂടായി, ശെരി, ആ വീട്ടില്‍ നിറയെ കോവക്ക എന്ന് അറിയപ്പെടുന്ന ഒരു തരം വെള്ളരിക്ക കായ്ച്ചു കിടക്കുന്നുണ്ടാവും, അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌, ഇന്ന് ഉച്ചക്ക് എന്താണ് കറി ഗുരോ? ശിഷ്യന്‍ ചോദിച്ചു, ഇനി ഞാന്‍ പറയുന്നില്ല കഥ, ഗുരു മുഖം വീര്‍പ്പിച്ചു, എന്നാല്‍ ഞാന്‍ പോയിട്ട് വരാം ഗുരോ, ശിഷ്യന്‍ എണീറ്റു, ഭ അവിടെ ഇരുന്നു കഥ മുഴുവന്‍ കേള്‍ക്കടാ ,ഗുരുവും ചാടി എണീറ്റു, അനുസരണയോടെ ശിഷ്യന്‍ ഇരുന്നു, അങ്ങനെ ഒരു ദിവസം കൊതി മൂത്ത ഈ രണ്ടു കൂട്ടുകാരും കൂടി മതില്‍ ചാടി ആ വീട്ടില്‍ കയറി കൈ നിറയെ കോവക്ക മോഷ്ട്ടിച്ചു, ശേ നശിപ്പിച്ചു, കയറിയതോ കയറി, എന്തെങ്കിലും നല്ലത് എടുക്കണ്ടേ കോവക്ക പോലും കോവക്ക , ഇത്തവണ ഗുരു ശിഷ്യനെ തുറിച്ചു നോക്കിയതെ ഉള്ളു,എന്നിട്ട്? എന്നിട്ട് രണ്ടു പേരും അവരവരുടെ വീടുകളില്‍ പോയി ഈ കൊവക്കകള്‍ അവരുടെ അമ്മമാരെ ഏല്‍പ്പിച്ചു, ഇത്രേ ഉള്ളോ? അത് അവര് കറി വെച്ച് കാണും, എന്തോന്ന് കഥ ഗുരോ? എടാ തോക്കില്‍ കയറി വെടി വെക്കല്ലേ, പറയട്ടെ, ശെരി, അമ്മമാര്‍ മക്കളോട് ചോദിച്ചു, എവിടുന്നാണ് ഇത് കിട്ടിയത് എന്ന്, അവര്‍ പറഞ്ഞു അടുത്ത വീട്ടില്‍ ചാടിക്കയറി മോഷ്ട്ടിച്ചതാണ് എന്ന്, നല്ല കുട്ടികള്‍ അല്ലേ ഗുരോ, മറുപടി പറയാതെ ഗുരു കഥ തുടര്‍ന്നു ,അന്ന് ഉച്ചക്ക് രണ്ടു അമ്മമാരും ആ കോവക്ക കറി വെച്ച് മക്കള്‍ക്ക്‌ കൊടുത്തു, ഒരു അമ്മ നല്ല വെളിച്ചെണ്ണ ഒകെ ഒഴിച്ച് മെഴുക്കു പുരട്ടി വെച്ചാണ്‌ കൊടുത്തത്, ഇനി ഒരമ്മ ആകെ കരിച്ചു പുകച്ചും,കഷ്ട്ടം, ഒരു കോവക്ക കറി വെക്കാന്‍ പോലും അറിയില്ല, ശിഷ്യന് ദേഷ്യം വന്നു, എന്നിട്ട്? എന്നിട്ടെന്താ ആദ്യത്തെ മകന്‍ അടുത്ത ദിവസവും കോവക്ക മോഷ്ട്ടിച്ചു, രുചി പിടിച്ചു പോയി, അതിനടുത്ത ദിവസവും മോഷ്ട്ടിച്ചു, അങ്ങനെ അത് തുടര്‍ന്ന് പോയി അവന്‍ വലിയ ഒരു മോഷ്ട്ടവായി മാറി, അയ്യോ പാവം, അപ്പോള്‍ മറ്റേ മകന്‍? അവന്‍ അന്ന് തന്നെ കോവക്ക വെറുത്തു പോയില്ലേ ? പിന്നെ മോഷണത്തെ പറ്റി അവന്‍ ചിന്തിച്ചതെ ഇല്ല ,ഇതില്‍ നിന്നും എന്ത് മനസിലാക്കാം? കോവക്ക നന്നായി കറി വെക്കുന്ന അമ്മയുടെ മക്കള്‍ കള്ളന്മാരായി മാറും എന്ന് മനസിലായി, അപ്പൊ നിന്റെ അമ്മ നന്നായി കോവക്ക കറി വെക്കും അല്ലെ? ഒന്ന് പോടാ അവിടുന്ന്, ഓരോ ചെറിയ ശീലങ്ങള്‍ ഇങ്ങനെ മുളയിലെ നുള്ളണം എന്ന് ആ അമ്മ പഠിപ്പിച്ചു തന്നില്ലേ? അവര്‍ക്ക് അറിയാഞ്ഞിട്ടാണോ മെഴുക്കുപുരട്ടി ഉണ്ടാക്കാന്‍? മനപൂര്‍വം കരിച്ചു വെച്ചതല്ലേ ,അത് പോലെ ചെറിയ ചെറിയ കാര്യങ്ങളില്‍ കൂടി വേണം നമ്മള്‍ മക്കളുടെ ശീലങ്ങള്‍ വളര്‍ത്തേണ്ടതും, ദുശീലങ്ങള്‍ മറ്റെണ്ടതും, അല്ലാതെ തല്ലും അടിയും വഴക്കും ഒന്നുമല്ല വേണ്ടത്, ങാ ഇപ്പൊ മനസിലായല്ലോ എന്റെ കുറ്റമല്ല എന്ന്, പക്ഷെ ഗുരു ഇനി ഞാന്‍ വലിയ കള്ളന്‍ ആയി മാറുമോ ഗുരോ? ഇല്ലെടാ നീ മോഷ്ടാവ് ഒന്നുമല്ല, ഇത് ഒരു ചെറിയ വൈകല്യം ആണ് ,ക്ലെപ്ട്ടോ മാനിയ ,ചികിത്സിച്ചാല്‍ മാറും ,ശെരി ഗുരോ ഇനി ഞാന്‍ നാളെ വരാം വീട്ടില്‍ അല്‍പ്പം പണി ഉണ്ട്, ശിഷ്യന്‍ യാത്ര പറഞ്ഞു പോയി, ശിഷ്യനോട് ഒരു ഗുണപാഠം പറഞ്ഞ സന്തോഷത്തില്‍ ഗുരു ചരിതാര്ധ്യത്തോടെ ആ ആണി ഉള്ള കസേരയില്‍ സൂക്ഷിച്ചു ഇരുന്നു, എന്നിട്ട് കൈ നീട്ടി എം പീ ത്രീ പ്ലെയര്‍ എടുക്കാന്‍, പക്ഷെ അത് അവിടെ ഉണ്ടായിരുന്നില്ല, വെച്ചിരുന്ന സ്ഥലം കാലി , എടാ ശിഷ്യാ നീ ഒടുവില്‍ എനിക്കിട്ടു തന്നെ പണിഞ്ഞു അല്ലെ, ഗുരു നെടുവീര്‍പ്പിട്ടു, ശേഷം കസേരയില്‍ കൂനിപ്പിടിച് ഇരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ